താമ്പാ (ഫ്ളോറിഡ): മുൻ ഭാര്യയെ തുടർച്ചയായി ഭീഷണിപ്പെടുത്തുകയും, ഫ്ളോറിഡയിലുള്ള അവരുടെ വീട്ടിലേക്ക് ചത്ത എലിയെ മെയിലിൽ അയയ്ക്കുകയും ചെയ്ത ഇന്ത്യാനയിൽ നിന്നുള്ള റോംനി ക്രിസ്റ്റഫർ എല്ലിസിനെ (57) നാലുവർഷം പത്തുമാസം ഫെഡറൽ ജയിലിൽ തടവിലിടാൻ കോടതി വിധി.

ഏപ്രിൽ മാസം കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതിക്ക് ശിക്ഷ വിധിച്ചത് ജനുവരി അഞ്ച് ചൊവ്വാഴ്ചയാണ്. റാംബ ഫെഡറൽ കോടതിയുടെ വിധിയിൽ പ്രതി മുൻ ഭാര്യയെ ശിരഛേദം ചെയ്യുമെന്നും കത്തിച്ചുകളയുമെന്നും ഭീഷണി മുഴക്കുകയും, അപകടകരമായ വസ്തു മെയിൽ ചെയ്തതായും കണ്ടെത്തിയിരുന്നു.

നാലു വർഷത്തോളമാണ് ഇയാൾ മുൻ ഭാര്യയെ നിരന്തരം ഭീഷണിപ്പെടുത്തിയത്. ചത്ത എലിക്കൊപ്പം കറുത്ത ഒരു റോസാപ്പൂവും ഇയാൾ മെയിൽ ചെയ്തിരുന്നു.

മെയിൽ പരിശോധിച്ച പോസ്റ്റൽ ഇൻസ്പെക്ടർ ഇയാളുടെ ഇന്ത്യാനപ്പോളീസിലുള്ള വസതി റെയ്ഡ് ചെയ്തു മുൻ ഭാര്യയുടെ മേൽവിലാസവും, ഭാര്യയുടെ കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും പേരുകളും ഉൾപ്പെടുന്ന കൈകൊണ്ടെഴുതിയ ഒരു കുറിപ്പും കണ്ടെത്തിയിരുന്നു. ഭീഷണി നിലനിൽക്കെ ഇന്ത്യാനയിൽ നിന്നും മുൻ ഭാര്യയെ കാണുന്നതിന് ഫ്ളോറിഡയിലേക്ക് വരുന്നുവെന്ന ടെക്സ്റ്റ് മെസേജും ഇയാൾ അയച്ചിരുന്നു.