മസ്‌കത്ത്: രാജ്യത്ത് വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ ഇനി കർശന ശിക്ഷ. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ അല്ലെങ്കിൽ മറ്റേതെങ്കിലും ഇലക്‌ട്രോണിക് ഉപകരണം കൈയിലെടുത്ത് ഉപയോഗിക്കുന്നവർക്ക് പത്ത് ദിവസം തടവും മുന്നൂറ് റിയാൽ പിഴയും ശിക്ഷയായി നൽകാനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. റോഡ് ഷോൾഡറുകൾ വഴിയുള്ള മറികടക്കലും തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

റോഡിന്റെ വലതുവശത്തായുള്ള ഷോൾഡറുകൾ വാഹനങ്ങൾ അത്യാവശ്യ ഘട്ടത്തിൽ നിർത്തിയിടാനുള്ളതാണ്. സ്വീകാര്യമായ കാരണങ്ങളില്ലാതെ ഇതുവഴി മറികടക്കുന്നവർക്ക് രണ്ടുമാസം തടവ് അല്ലെങ്കിൽ അഞ്ഞൂറ് റിയാൽ പിഴ അല്ലെങ്കിൽ രണ്ടും ചേർന്നുള്ള ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷൻ ഓർമിപ്പിച്ചു.