മാഡിസൺ (ഷിക്കാഗോ): പതിനേഴ് വയസുള്ള മകൾക്ക് പ്രമേഹ രോഗത്തിന് ചികിത്സ നൽകാതെ മരിക്കാനിടയായ സംഭവത്തിൽ അമ്മയെ ഏഴു വർഷത്തേക്ക് ശിക്ഷിച്ച് കോടതി ഉത്തരവായി. ആംബർ ഹാംഷെയറിനെ (41) ആണ് ജഡ്ജി കെയ്ൽ നാപു മെയ് 11-ന് ചൊവ്വാഴ്ച ഏഴു വർഷത്തേക്ക് ശിക്ഷിച്ചത്. ഇൻവളണ്ടറി (മനഃപൂർവ്വമല്ലാത്ത) മാൻസ്ലോട്ടറിനു (നരഹത്യയ്ക്ക്) മാതാവ് കുറ്റക്കാരിയാണെന്ന് 2020 ഒക്ടോബറിൽ ജൂറി കണ്ടെത്തിയിരുന്നു. എമിലി ഹാംഷെയറാണ് (14) ചികിത്സ നല്കാത്തതിനെ തുടർന്നു 2018-ൽ മരിച്ചത്.

മാഡിസൺ കൗണ്ടി സ്റ്റേറ്റ് അറ്റോർണി 14 വർഷത്തെ ശിക്ഷയ്ക്കാണ് അപേക്ഷിച്ചതെങ്കിലും, മറ്റു കുട്ടികളെ സംരക്ഷിക്കാനുള്ളതിനാൽ പ്രൊബേഷൻ നൽകി വീട്ടിൽ കഴിയാൻ അനുവദിക്കണമെന്ന് പ്രതിഭാഗം അറ്റോർണിയും കോടതിയോട് അപേക്ഷിച്ചിരുന്നു.

പ്രോസിക്യൂഷൻ സാക്ഷികളായ ഡിറ്റക്ടീവ് മൈക്കിൾ, ചൈൽഡ് പ്രൊട്ടക്ഷൻ സർവീസ് ഇൻവെസ്റ്റിഗേറ്റർ ലിൻഡ്സി, ഡോ. ആൻഡ്രിയ (പീഡിയാട്രിക് എൻഡോക്രിനോളജിസ്റ്റ്) എന്നിവരെ കോടതി വിസ്തരിച്ചിരുന്നു.

എമിലിക്ക് ടൈപ്പ് 1 പ്രമേഹമായിരുന്നുവെന്നും, ചികിത്സ ആവശ്യമായിരുന്നുവെന്ന് അമ്മയ്ക്ക് അറിയാമായിരുന്നിട്ടും കുടുംബാംഗങ്ങളിൽ നിന്നും, സ്‌കൂൾ അദ്ധ്യാപകരിൽ നിന്നും, ഭർത്താവിൽ നിന്നുപോലും ഈ രഹസ്യം അവർ വെളിപ്പെടുത്തിയില്ല.

എന്തുകൊണ്ട് മാതാവ് കുട്ടിയെ ചികിത്സിച്ചില്ല എന്നതിനു പ്രതിഭാഗം വക്കീൽ കാരണങ്ങൾ നിരത്തി- കുട്ടിക്ക് പ്രമേഹ രോഗമാണെന്നറിഞ്ഞത് തന്റെ ഗ്രാന്റ് മദറിന്റെ മരണ സമയത്തായിരുന്നുവെന്നും, അത് അവരെ മാനസീകമായി തളർത്തിയെന്നും അറ്റോർണി ന്യായീകരിച്ചു. 2018 നവംബർ 3-ന് ശരീരത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള ശേഷി നഷ്ടപ്പെട്ടതിനെ തുടർന്ന് എമിലി മരണപ്പെടുകയായിരുന്നു.