ജീവിതകാലം മുഴുവൻ വെസ്റ്റ് യോർക്ക്‌ഷെയറിലെ ജയിലിൽ അടയ്ക്കപ്പെട്ട ബ്രിട്ടനിലെ ഏറ്റവും ക്രിമിനലായ തടവ് പുള്ളി ചാൾസ് ബ്രോൻസൻ തന്റെ കാമുകിയും സീരിയൽ നടിയുമായ പോള വില്യംസനെ ജയിലിൽ വച്ച് മിന്നുകെട്ടി ചരിത്രം സൃഷ്ടിച്ചു....!!വളരെ സാഹസികമായിട്ടാണ് ഇവരുടെ വിവാഹം നടത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനായി 37കാരിയായ പോളയെ വിവാഹ വസ്ത്രം ധരിപ്പിച്ച് ബ്ലാങ്കറ്റിൽ പൊതിഞ്ഞ് എടുത്തുകൊണ്ട് ജയിലിലേക്ക് കയറ്റുകയായിരുന്നു. തുടർന്ന് 62കാരനായ ബ്രോൻസൻ തന്റെ ദീർഘകാല ആഗ്രഹത്തിന്റെ സാഫല്യമെന്നോണം പോളയുടെ കഴുത്തിൽ മുന്ന് കെട്ടുകയും ചെയ്തു.

എച്ച്എംപി വേയ്ക്ക്ഫീൽഡിലെ ജയിലിലേക്ക് പോളയെ ഇന്നലെ ഉച്ചയ്ക്ക് ശേഷം അക്ഷരാർത്ഥത്തിൽ കടത്തിക്കൊണ്ട് പോവുക തന്നെയായിരുന്നു. മിന്നുകെട്ടിന് ശേഷം ആരുമറിയാതെ ആ ബ്ലാങ്കറ്റിനുള്ളിൽ പൊതിഞ്ഞെടുത്താണ് അവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പോളയെയോർക്ക് ഹൗസ് ഹോട്ടലിൽ സംഘടിപ്പിച്ച റിസപ്ഷൻ വേദിയിലെത്തിച്ചിരുന്നത്. എന്നാൽ തന്റെ ഭർത്താവില്ലാതെയുള്ള ഈ റിസപ്ഷനിൽ വച്ച് പോള ഇടയ്ക്ക് വിതുമ്പിപ്പോയെന്നും സൂചനയുണ്ട്. യുവജനങ്ങൾ ഒരിക്കലും കുറ്റകൃത്യങ്ങളിൽ പെട്ട് ജീവിതം പാഴാക്കരുതെന്ന സന്ദേശം തന്റെ ജീവിത്തതിലെ ഈ നിർണായക ദിനത്തിൽ ബ്രോൻസൻ ജയിലിൽ വച്ച് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ജയിലിലെ ചുമരിന് മുകളിലായിരുന്നു ഈ സന്ദേശം തൂക്കിയിട്ടിരുന്നത്.

ഒരു സിൽവർബ്ലൂ മെർസിഡെസിലായിരുന്നു പോളയെ ജയിലിന് അടുത്തെത്തിച്ചിരുന്നത്. ബ്രോൻസനും പോളയും തമ്മിലുള്ള മിന്നുകെട്ടിന് വെറും അഞ്ച് പേർ മാത്രമായിരുന്നു സാക്ഷ്യം വഹിച്ചിരുന്നത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കായിരുന്നു ചടങ്ങ് നടന്നത്. യോർക്ക്ഹൗസ് ഹോട്ടലിൽ വച്ച് നടന്ന പാർട്ടിയിൽ ഇരുവരുടെയും നിരവധി കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. ബ്രോൻസന് ഇതിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നതൊഴിച്ചാൽ റിസപ്ഷൻ ഗംഭീരമായിരുന്നുവെന്നാണ് റിപ്പോർട്ട്. പോള, ബ്രോൻസനെ മനസിൽ ധ്യാനിച്ചാണ് ഓരോ നിമിഷവും കഴിഞ്ഞിരുന്നതെന്നാണ് ബ്രോസന്റെ അടുത്ത ആളുകൾ വെളിപ്പെടുത്തുന്നത്.

എച്ച്എംപി വേയ്ക്ക്ഫീൽഡിൽ വച്ച് നടത്താനിരുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള അപേക്ഷകളും മറ്റും ബ്രോൻസൻ സമർപ്പിച്ചിരുന്നുവെങ്കിലും അവസാന നിമിഷത്തിൽ ജയിൽ അധികൃതർ വാക്ക് മാറ്റുകയും ബ്രോൻസനെ പുറത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് പറയുകയുമായിരുന്നു. ഇതിനാവശ്യമുള്ള രേഖകൾ തങ്ങൾക്ക് ലഭിച്ചില്ലെന്നായിരുന്നു ജയിലധികാരികൾ വിശദീകരണം നൽകിയിരുന്നത്. 41വർഷമായി ജയിലിൽ കഴിയുന്ന ബ്രോൻസൻ ഈ വർഷം വാലന്റൈൻസ് ദിനത്തിൽ ജയിലിൽ തന്നെ കാണാൻ വന്ന മുൻകാമുകിയായ പോളയെ പ്രൊപ്പോസ് ചെയ്തതാണ് ഈ അപൂർവ മിന്നുകെട്ടിന് വഴിയൊരുക്കിയത്. നിരവധി സ്ത്രീകളുമായും പുരുഷന്മാരുമായും അടുപ്പമുണ്ടായിരുന്ന തനിക്ക് ബ്രോൻസനോട് പ്രത്യേക അടുപ്പമുണ്ടെന്നും പെർഫക്ട് മാച്ച്അദ്ദേഹമാണെന്നുമായിരുന്നു തുടർന്ന് പോള പ്രതികരിച്ചിരുന്നത്. സമൂഹത്തിന് മുന്നിൽ ബ്രോൻസൻ കൊടും കുറ്റവാളിയാണെങ്കിലും തനിക്ക് അദ്ദേഹം അങ്ങനെയല്ലെന്നാണ് പോളയുടെ നിലപാട്.