കുറ്റകൃത്യങ്ങൾക്ക് കുപ്രസിദ്ധമാണ് ബ്രസീലിലെ റിയോ ഡി ജനൈറോ നഗരം. മനുഷ്യനെ പച്ചയ്ക്ക് ചുട്ടുകൊല്ലുന്ന തരത്തിലുള്ള പ്രാകൃതമായ ശിക്ഷാരീതികളാണ് പലപ്പോഴും അവിടുത്തെ ചേരികളിൽ നടക്കുന്നത്. അത്തരം ചേരികളിൽ ക്രൂരതയുടെ ആൾരൂപമായി മാറുന്നത് പുരുഷന്മാർ മാത്രമല്ല. ആരെയും കൊല്ലാനും തല്ലാനും മടിയില്ലാത്ത, ഇഷ്ടപ്പെട്ട പുരുഷനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാൽസംഗം ചെയ്യുന്ന സ്ത്രീകളും അക്കൂട്ടത്തിലുണ്ട്. ഇത്തരം കൊടും കുറ്റവാളികളായ സ്ത്രീകളെ പാർപ്പിച്ചിരിക്കുന്ന അതിസുരക്ഷാ ജയിലും റിയോയിലുണ്ട്.

തലവേര ബ്രൂസ് ജയിലിലാണ് ഇവർ കഴിയുന്നത്. ജയിൽ കലാപങ്ങളും സംഘട്ടനങ്ങളും പതിവായ ഇവിടെ, അത്യന്തം അപകടകാരികളായതിനാൽ, ഈ ക്രിമിനൽ പെണ്ണുങ്ങളെ പുറത്തിറക്കുന്നത് അപൂർവമാണ്. അതിലൊന്ന് വർഷാവർഷം നടക്കുന്ന അവരുടെ ഫാഷൻ ഷോയാണ്. അഴകളവുകൾ പ്രദർശിപ്പിച്ച് വർഷത്തിലൊരു ദിവസം അവർ സുന്ദരികളായി റാമ്പിലെത്തുന്നു. തലവേര ജയിലിൽത്തന്നെ നിർമ്മിച്ച റാമ്പിലാണ് ഈ ക്രിമിനലുകളുടെ സൗന്ദര്യപ്രദർശനം.

440 തടവുപുള്ളികളാണ് ഇവിടെയുള്ളത്. അതിൽ, മത്സരത്തിൽ പങ്കെടുത്തത് പത്തുപേർ. തടവുപുള്ളികളുടെ ബന്ധുക്കളും സൗന്ദര്യമത്സരം കാണാനെത്തിയിരുന്നു. 29-കാരിയായ മയാന ആൽവ്‌സാണ് ഇക്കുറി സൗന്ദര്യ മത്സരത്തിൽ വിജയിച്ചത്. മോഷണക്കുറ്റത്തിന് 2015-ൽ അറസ്റ്റിലാകുമ്പോൾ മയാനയുടെ പേരിൽ ഏഴ് അറസ്റ്റ് വാറണ്ടുകളുണ്ടായിരുന്നു.

കൊടുംകുറ്റവാളികളാണെങ്കിലും, ഈ മത്സരം പലരുടെയും മനസ്സുമാറ്റാൻ സഹായിച്ചിട്ടുണ്ടെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. ബന്ധുക്കളുമായി ഒത്തുചേരുന്നതിനും ഇതൊരവസരമാണ്. ചിലർക്ക് പശ്ചാത്താപത്തിന്റെ വഴി തുറന്നുകൊടുക്കാൻ ഈ ദിവസം സഹായിക്കാറുണ്ടെന്നും അധികൃതർ പറഞ്ഞു.

താൻ സ്വതന്ത്രയായി എന്ന തോന്നലാണ് മത്സരിക്കുമ്പോൾ ഉണ്ടായതെന്ന് മയാന പറഞ്ഞു. കഴിഞ്ഞവർഷം ഇതേ മത്സരത്തിൽ വിജയിച്ച മിഷേൽ റേഞ്ചലിനും അതേ അഭിപ്രായമാണ്. മയക്കുമരുന്ന് കടത്തിനാണ് മിഷേൽ അകത്തായത്. കൊലപാതകവും മയക്കുമരുന്ന് കടത്തും ബലാൽസംഗവുമൊക്കെ ചെയ്ത് വർഷങ്ങളോളം തെരുവ് ഭരിച്ച ക്രിമിനലുകളാണ് ഇവരിലേറെയും. പരസ്പരം ഇടപഴകാൻ പോലും അനുവദിക്കാതെയാണ് പലരെയും തലവേരയിൽ പാർപ്പിച്ചിരിക്കുന്നത്. അത്തരം ക്രിമിനലുകൾക്കും സൗന്ദര്യ മത്സരവും ബന്ധുക്കളുമായുള്ള ഒത്തുചേരലും വലിയ ആശ്വാസമാണ് പകരുന്നത്.