കൊച്ചി: ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽനിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം പൊലീസ് പിടികൂടിയ അരുൺ സെബാസ്റ്റ്യൻ, ആന്റണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ പൊലീസിനെ കബളിപ്പിച്ച് ഇരുവരും സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടുകയായിരുന്നു.

അറസ്റ്റിലായ അരുണിനെ ഓൺലൈൻ വഴി കോടതി റിമാൻഡ് ചെയ്തിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് സെല്ലിന് പുറത്തായിരുന്ന രണ്ട് പ്രതികളും സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടത്. ലഹരിമരുന്ന്, പിടിച്ചുപറി എന്നിവയടക്കം ഏഴിലധികം കേസുകളിൽ പ്രതിയാണ് അരുൺ. ആന്റണി ഡി കോസ്റ്റക്കെതിരേ മൂന്ന് കേസുകളും നിലവിലുണ്ട്. ഇരുവരെയും കണ്ടെത്താനായി പൊലീസിന്റെ തിരച്ചിൽ തുടരുകയാണ്.