തിരുവനന്തപുരം: കേരളത്തിലെ ജയിലുകൾ ഭരിക്കുന്നത് ടി പി ചന്ദ്രശേഖരൻ കേസിലെ പ്രതികളാണെന്ന ആരോപണം പ്രതിപക്ഷം പലപ്പോഴായി ഉന്നയിക്കുന്നുണ്ട്. കേരളത്തെ പിടിച്ചുകുലുക്കിയ രാഷ്ട്രീയ കൊലപാതക കേസിലെ കുറ്റവാളികൾക്ക് വേണ്ടിയാണ് സർക്കാറും ഭരണസംവിധാനങ്ങളും വഴിവിട്ട് പ്രവർത്തിക്കുന്നതായി ആരോപണം. ടി പി ചന്ദ്രശേഖരന്റെ കൊലയാളി ഷാഫിക്ക് ഉന്നതർ ഇടപെട്ട് പരോൾ അനുവദിക്കുകയും പാർട്ടി ചെലവിൽ ആർഭാഢമായി വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. ഇത് കൂടാതെ ടിപി കേസിലെ ഗൂഢാലോചകരായ നേതാക്കൾക്ക് ഇടയ്ക്കിടെ പരോൾ അനുവദിക്കുന്നതും പതിവായി.

ടിപിയുടെ കൊലപാതകത്തിൽ സിപിഎമ്മിന് യാതൊരു പങ്കുമില്ലെന്ന് ആവർത്തിക്കുന്ന വേളയിൽ തന്നെയാണ് കൊലയാളികൾക്ക് വേണ്ടി പാർട്ടി സംവിധാനങ്ങളും സർക്കാറും അനുകൂലമായി പ്രവർത്തിക്കുന്നത്. ഏറ്റവും ഒടുവിൽ ടിപി കേസിലെ പ്രതി അണ്ണൻ സിജിത്തിനും  ജയിൽ അധികൃതർ പരോൾ അനുവദിക്കുന്നു. ഇത് സംബന്ധിച്ച ഫയലിൽ മണിക്കൂറുകൾക്കകം തിരുവനന്തപുരം സെന്ററൽ ജയിൽ സൂപ്രണ്ട് സന്തോഷ് ഒപ്പിടും. ജയിൽ സൂപ്രണ്ടിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ഏഴ് ദിവസത്തെ പരോളാണ് അനുവദിക്കുന്നത്. വിവാദ കേസിലെ പ്രതിക്ക് പരോൾ അനുവദിക്കുന്നതിന് പിന്നിൽ സർക്കാറിന്റെ പ്രത്യേക താൽപ്പര്യമാണെന്നാണ് അറിയുന്നത്.

ടി പി. കേസിലെ ആറാം പ്രതിയാണ് അണ്ണൻ സിജിത്ത്. പരോൾ അനുവദിച്ചു കിട്ടിയാൽ ഇന്നോ നാളെയോ സിജിത്ത് പുറത്തിറങ്ങും. ഒരാഴ്‌ച്ചക്ക് ശേഷം ഐജിയുടെയും ഡിജിപിയുടെയും പ്രത്യേക അധികാരം ഉപയോഗിച്ച് പരോൾ നീട്ടാനുള്ള നീക്കങ്ങലും തകൃതിയാണ്. സർക്കാരിന്റെ പ്രത്യേക അധികാരത്തിൽ 40 ദിവസം വരെ സിജിത്തിന് ജയിലിന് പുറത്ത് നിൽക്കാനാവും. പരോൾ അനുവദിക്കുന്നതിനായി അധികൃതർ നിരത്തുന്ന വാദം അമ്മയ്ക്ക് സുഖമില്ലെനന്നാണ്.

കഴിഞ്ഞയാഴ്ച പിതാവിന് സുഖമില്ലാത്തതിനാൽ പൊലീസ് സംരക്ഷണത്തിൽ ഒരു ദിവസത്തെ പരോളിന് നാട്ടിലേക്ക് പോയ ട്രൗസർ മനോജിന്റെ കൈവശമാണ് പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടുള്ള രേഖ സെന്റൽ ജയിലിൽ നിന്നും കൊടുത്തു വിട്ടത്. ഇത് തന്നെ തീർത്തും ചട്ടവിരുദ്ധവുമാണെന്നാണ് റിപ്പോർട്ട്. ഇക്കാരണം കൊണ്ടു തന്നെ സജിത്തിന് ജാമ്യം അനുവദിക്കാതിരിക്കാം. എന്നിട്ടും സിജിത്തിനെ പുറത്തിറക്കാൻ ജീവനക്കാർ തിടുക്കം കാട്ടുകയായിരുവെന്നാണ് വിവരം. ജയിലിൽ സൂപ്രണ്ടിന്റ ഓഫീസിൽ സഹായി ആയി നിൽക്കുന്ന സിജിത്ത്  തന്നെയാണ് സെന്ററൽ ജയിൽ ഭരിക്കുന്നതും. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് സജിത്ത് ജയിൽ ഭരിക്കുന്നത്.

ജയിലിനുള്ളിൽ ലഹരി വസ്തുക്കൾ എത്തിക്കുന്നതിലും സിജിത്തിന്റെ വ്യക്തമായ പങ്കുണ്ട്. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും ജയിൽ അധികൃതർ പ്രശ്‌നം ഒതുക്കി തീർക്കുകയാണ്. ഇതേക്കുറിച്ചുള്ള വിവരങ്ങളെല്ലാം തടവുകാർക്കും ഉദ്യോഗസ്ഥർക്കുമിടയിൽ പാട്ടാണ്. അതിനിടെ ടി പി. കേസിലെ പ്രതികൾക്ക് ചട്ട വിരുദ്ധമായി പരോൾ നൽകുന്ന കാര്യം തെളിവ് സഹിതം വ്യക്തമാക്കി ടി പി.യുടെ ഭാര്യ കെ കെ രമ ജയിൽ മേധാവി. ആർ. ശ്രീലേഖയെ കണ്ടു. ടി പി കേസ് പ്രതികൾക്ക് മാത്രം നിരന്തരമായി പരോൾ ലഭിക്കുന്നത് എങ്ങനെയാണെന്നാണ് രമയുടെ ചോദ്യം.

 

കേസിലെ എട്ടാം പ്രതിയും സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ കെ സി രാമചന്ദ്രനും പാർട്ടി മുൻ ഏര്യാ കമ്മിറ്റി അംഗവുമായ കുഞ്ഞനന്തനും ഒരു മാസത്തിൽ 25 ദിവസവും നാട്ടിലാണന്ന കാര്യം രേഖാമൂലം തന്നെ ധരിപ്പിച്ചു. കുഞ്ഞനന്തന് പല കാര്യങ്ങൾ പറഞ്ഞ് പരോൾ അനുവദിക്കുകയുണ്ടായി. പ്രധാനപ്രതി കുഞ്ഞനന്തന് 134 ദിവസവും മറ്റൊരു പ്രതി കെ.സി.രാമചന്ദ്രന് മൂന്ന് മാസത്തെ പരോളും നൽകിയിട്ടുണ്ട്. ജയിൽ ചട്ടങ്ങളനുസരിച്ച് ഒരു വർഷം 60 ദിവസമാണ് പരമാവധി പരോൾ അനുവദിക്കാനാകുക. ഇത് ലംഘിച്ചാണ് ടിപി കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചിരിക്കുന്നത്. കുഞ്ഞനന്തൻ, കെ.സി.രാമചന്ദ്രൻ എന്നവർക്കാണ് വിഴിവിട്ട സഹായങ്ങൾ കൂടുതൽ നൽകിയിട്ടുള്ളത്. നിലവിൽ ഇരുവരും പരോളിലാണെന്നാണ് വിവരം.

ടി പി. കേസിലെ കൊടി സുനി ഉൾപ്പെടെയുള്ള മറ്റു പ്രതികൾക്കും വഴിവിട്ട ആനുകൂല്യങ്ങൾ നൽകുന്നത് അന്വേഷിക്കണമെന്നും രമ ജയിൽ ഡി ജി പി യോട് അഭ്യർത്ഥിച്ചു. ഇത് കൂടാതെ സംസ്ഥാന പൊലീസ് മേധാവിക്കും വിജിലൻസ് എഡിജിപിക്കും സമാനമായ പരാതി നൽകിയ ശേഷമാണ് രമ കോഴിക്കോട്ടേക്ക് മടങ്ങിയത്. അതേസമയം സർക്കാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് ഉദ്യോഗസ്ഥർ കൊലയാളികൾക്ക് പരോൾ അനുവദിക്കുന്നത്. അതുകൊണ്ട് തന്നെ ഇനിയും ഇതേ അവസ്ഥ തന്നെ തുടരാനാണ് സാധ്യത. അതേസമയം ചട്ടങ്ങൾ കാറ്റിൽപ്പറത്തി ടിപി കേസ് പ്രതികൾക്ക് ജയിൽ വകുപ്പിൽ നിന്നും അനധികൃതമായി പരോൾ ലഭിക്കുന്ന നീക്കത്തിനെതിരെ രമ കോടതിയെ സമീപിക്കാനും ഒരുങ്ങുന്നുണ്ട്. ജയിൽ വകുപ്പിൽ നിന്നും നീതി ലഭ്യമായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് ആർഎംപിയുടെ നീക്കവും.