- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവന് ഭീഷണിയെന്ന സ്വപ്നയുടെ ആരോപണത്തിൽ കഴമ്പില്ല; ആരോപണം താൻ ഉന്നയിച്ചില്ലെന്ന് സ്വപ്ന പറഞ്ഞു; അഭിഭാഷകൻ നൽകിയ രേഖകളിൽ ഒപ്പിട്ടു നൽകുക മാത്രമാണ് ഉണ്ടായത്; സംസാരിക്കുന്നത് പരസ്പ്പര വിരുദ്ധമെന്നും ജയിൽ ഡിഐജിയുടെ റിപ്പോർട്ട്; ശബ്ദരേഖ പുറത്തുപോയതിലെ ഇഡിയുടെ കണക്കു തീർക്കലെന്ന നിഗമനത്തിൽ ജയിൽ വകുപ്പ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ജീവന് ഭീഷണിയുണ്ടെന്ന റിപ്പോർട്ടു തള്ളി ജയിൽ വകുപ്പ്. സ്വപ്നയെ ജയിലിൽ എത്തി ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ഡിഐജിയുെട റിപ്പോർട്ട്. സ്വപ്നയുടെ പരാതിയിൽ കഴമ്പില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആരോപണം ഉന്നയിച്ചില്ലെന്ന് സ്വപ്ന പറഞ്ഞു. അഭിഭാഷകൻ നൽകിയ രേഖയിൽ ഒപ്പിടുക മാത്രമാണ് െചയ്തത്. സ്വപ്ന സംസാരിക്കുന്നത് പരസ്പരവിരുദ്ധമായാണെന്നും റിപ്പോർട്ടിലുണ്ട്.
ജയിൽമേധാവി ഋഷിരാജ് സിംഗിനാണ് ദക്ഷിണ മേഖല ജയിൽ ഡിഐജി അജയകുമാർ റിപ്പോർട്ട് കൈമാറിയത്. എറണാകുളത്തു സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് സ്വപ്ന നേരത്തെ ഈ പരാതി ഉന്നയിച്ചത്. ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തിയാൽ കൊന്നുകളയുമെന്ന് പൊലീസ്, ജയിൽ ഉദ്യോഗസ്ഥരെന്ന് കരുതുന്ന നാലുപേർ ജയിലിലെത്തി ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു എറണാകുളം അഡി.ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സ്വപ്ന സുരേഷ് നേരത്തെ നൽകിയ പരാതി.
സ്വപ്നയെ അട്ടക്കുളങ്ങര ജയിലിലെത്തിച്ച ഒക്ടോബർ 14 മുതൽ നവംബർ 25 വരെയുള്ള കാമറാ ദൃശ്യങ്ങൾ പരിശോധിച്ചും ജയിൽ ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തുമാണ് ദക്ഷിണ മേഖലാ ജയിൽ ഡി.ഐ.ജി അജയകുമാർ സ്വപ്നയുടെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയത്. ഇക്കാര്യം കോടതിയെ അറിയിക്കാനും നീക്കമുണ്ട്.അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ എന്താണ് എഴുതിയിരുന്നതെന്ന് വായിച്ചു നോക്കാതെ ഒപ്പിട്ടു നൽകിയെന്നാണ് സ്വപ്ന ജയിൽ ഡി.ഐ.ജിയോട് പറഞ്ഞത്. അട്ടക്കുളങ്ങര ജയിലിൽ നിന്ന് കസ്റ്റഡിയിലേക്ക് മാറിയപ്പോൾ അഭിഭാഷകനോട് സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ സംസാരിച്ചിരുന്നു.
ജയിലിൽ തനിക്ക് അത്തരമൊരു ഭീഷണിയില്ലെന്നാണ് സ്വപ്നയുടെ മൊഴിയെന്നാണ് സൂചന. സ്വപ്നയുടെ അമ്മയും മക്കളും ഉൾപ്പെടെയുള്ള അഞ്ചു ബന്ധുക്കളും കസ്റ്റംസ്, ഇ.ഡി, വിജിലൻസ് ഉദ്യോഗസ്ഥരും അല്ലാതെ മറ്റാരും ജയിലിൽ അവരെ കണ്ടിട്ടില്ലെന്ന് ജയിൽ അധികൃതർ ചൂണ്ടിക്കാട്ടി. അമ്മ, സഹോദരൻ, ഭർത്താവ്, രണ്ടു മക്കൾ എന്നിവർക്ക് കസ്റ്റംസ്, ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മാത്രമാണ് കാണാനാവുക. കൊഫെപോസ ചുമത്തിയതിനാൽ രഹസ്യമൊഴി രേഖപ്പെടുത്താൻ കൊച്ചിയിൽ കോടതിയിൽ ഹാജരാക്കിയതല്ലാതെ, പുറത്തു കൊണ്ടുപോയിട്ടില്ല.
ഇത്തരം കടുത്ത നിയന്ത്രണങ്ങളുള്ള ജയിലിൽ നാലുപേർ നിരവധി തവണയെത്തി ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ പരാതി കെട്ടിച്ചമച്ചതാണെന്നാണ് ജയിൽവകുപ്പിന്റെ നിഗമനം.ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നൽകണമെന്നും സ്വപ്ന കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സ്വപ്നയ്ക്ക് സംരക്ഷണം നൽകാൻ കോടതി നിർദ്ദേശിച്ചു. ഇതേത്തുടർന്ന് സ്വപ്നയെ ജയിലിൽ പ്രവേശിപ്പിച്ചതു മുതൽ നൽകിയിരുന്ന പ്രത്യേക സുരക്ഷ തുടരാൻ ജയിൽ മേധാവി നിർദ്ദേശിച്ചു.
സ്വപ്ന അട്ടക്കുളങ്ങര ജയിലിൽ നിന്നു പോകുന്നതുവരെയുള്ള കാമറാ ദൃശ്യങ്ങൾ സൂക്ഷിക്കും. സ്വപ്നയുടെ സെല്ലിൽ സഹ തടവുകാരിയുണ്ടാവും. ഒരു വാർഡന്റെ നേതൃത്വത്തിൽ 24 മണിക്കൂറും നിരീക്ഷണമുണ്ടാകും. സ്വപ്നയെ പാർപ്പിച്ചിട്ടുള്ള സെൽ സി.സി.ടി.വി കാമറാ നിരീക്ഷണത്തിലായിരിക്കും. ജയിൽ കവാടത്തിൽ സായുധ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
സ്വപ്നയുടെ ജീവന് ഭീഷണിയുണ്ടെന്ന ആരോപണത്തിന് പിന്നിൽ ഇഡിയുടെ സമ്മർദ്ദമാണെന്നാണ് ജയിൽ വകുപ്പിന്റെ നിഗമനം. നേരത്തെ അന്വേഷണ ഏജൻസികൾക്ക് എതിരായ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇത് ഇഡിയെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലായിരുന്നു. ഈ സാഹചര്യത്തിൽ ഇഡിയാണ് സ്വപ്നയുടെ പരാതിക്ക് പിന്നിലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കൂടിയാണ് ജയിൽവകുപ്പിന്റെ പുതിയ അന്വേഷണ റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ