(കുറിപ്പ്: ഭാരത കത്തോലിക്കാ സഭയിൽ അടുത്തയിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആനുകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തുറന്നെഴുത്ത്. പ്രീയ വായനക്കാർ ഇത് പൂർണമായി വായിക്കണം എന്നഭ്യർത്ഥിക്കുന്നു. എഴുതിയതിൽ ശരിയുണ്ടെന്നു തോന്നുകയാണെങ്കിൽ ഷെയർ ചെയ്യുക)

ഈ കത്ത്, നാണംകെട്ട് മുണ്ട് പറിച്ച് മുഖം മറച്ചു നടക്കേണ്ട ഗതികേടിലായിപ്പോയ ഒരു അവശ ക്രിസ്ത്യാനിയുടെ വിലാപമായി കരുതേണ്ടതില്ല. നല്ല നിലത്തുവീണ വിത്തുപോലെ ക്രൈസ്തവ കുടുംബത്തിൽ ജനിച്ച,് ക്രൈസ്തവ പാരമ്പര്യത്തിൽ വളർന്ന് ക്രിസ്തുവിനേയും പരിശുദ്ധ അമ്മയേയും നെഞ്ചോട് ചേർത്ത് ജീവിക്കുന്ന ഒരു സത്യ ക്രിസ്ത്യാനിയുടെ അവകാശമായി മാത്രം കാണുക.

ഭപത്രോസേ...നീ പാറയാകുന്നു. ഈ പാറമേൽ ഞനെന്റെ സഭ സ്ഥാപിക്കും. നരക കവാടങ്ങൾ അതിനെതിരേ പ്രബലപ്പെടുകയില്ലഭ എന്ന് അരുൾ ചെയ്ത് ക്രിസ്തു സ്ഥാപിച്ച ഈ തിരുസഭയിൽ ഞാൻ വിശ്വസിക്കുന്നത് ബിഷപ്പുമാരുടേയോ അച്ചന്മാരുടേയോ കന്യാസ്ത്രീകളുടേയോ ഓശാരം കൊണ്ടല്ല. ഒരു ഉത്തമ ക്രൈസ്തവ വിശ്വാസി എന്ന നിലയിൽ സഭ എന്റെ അവകാശമാണ്. ആ അവകാശ ബോധം വ്യക്തമായി തിരിച്ചറിഞ്ഞുകൊണ്ട് സഭയുടെ നടത്തിപ്പുകാരായ പിതാക്കന്മാരോടും വൈദികരോടും ഇനിയെങ്കിലും ചില ചോദ്യങ്ങൾ ചോദിക്കാതിരിക്കാനാവില്ല.

നിങ്ങൾക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?... ആരുടെ സുവിശേഷമാണ് നിങ്ങൾ പ്രഘോഷിക്കുന്നത്?...ക്രൂശിതനായ ക്രിസ്തുവിന്റേയോ, അതോ, ദുഷ്ടനായ ലൂസിഫറിന്റേയോ?

ക്രിസ്തു പറഞ്ഞ കല്ലും മുള്ളും നിറഞ്ഞ വഴികൾ ഇപ്പോൾ മെത്രാന്മാർക്ക് ഇടയ ലേഖനത്തിലെ ആലങ്കാരികതയും വൈദികർക്ക് പള്ളിയിലെ ഞായറാഴ്ച പ്രസംഗത്തിൽ ഇടയ്ക്കിടെ തട്ടാനുള്ള ഡയലോഗുകളിൽ ഒന്നുമായി മാറി. ബെൻസിലും ജാഗ്വാറിലുമൊക്കെ സഞ്ചരിക്കുന്നവർ അത്തരം വഴികളിലൂടെ പോകാറില്ല. ആ വഴികളിലൂടെ ഇന്നും സഞ്ചരിക്കുന്നവർ കൈവണ്ടി വലിക്കുന്ന ചുരുക്കം ചില വിശ്വാസികൾ മാത്രമാണ്. വെറും വിശ്വാസികളല്ല. വിശ്വാസത്തിൽ പാറപോലെ അടിയുറച്ചവർ. അവർ ക്രിസ്തുവിന്റെ പ്രഘോഷകരാകണമെന്നില്ല; പക്ഷേ, ക്രിസ്തുവിന്റെ പ്രവർത്തകരാണ്. സ്വന്തം ജീവിതംകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുന്നവർ. ഒരു കാതം നടക്കാനാവശ്യപ്പെടുന്നവർക്കൊപ്പം രണ്ട് കാതം നടക്കുന്നവർ. മെത്രാന്മാരും അച്ചന്മാരും സന്യാസിനികളുമെല്ലാം ഇംപോസിഷനെഴുതി പഠിക്കണം അവരുടെ ജീവിത വഴികൾ.

ആഡംബരമാണ് പൗരോഹിത്യത്തിന്റെ ഇന്നത്തെ ഏറ്റവും വലിയ ശാപം. ആത്മീയതയിൽ നിന്ന് ഭൗതീകതയിലേക്കുള്ള ഈ ചുവടുമാറ്റം സഭയെ കുറച്ചൊന്നുമല്ല പിന്നോട്ടടിച്ചത്. ആഡംബരത്തിന്റെ ഉപോൽപ്പന്നങ്ങളാണ് ദ്രവ്യാസക്തിയും മദ്യാസക്തിയും ലൈംഗികാസക്തിയുമെല്ലാം. പാശ്ചാത്യ രാജ്യങ്ങളിൽ ക്രൈസ്തവ വിശ്വാസത്തിനേറ്റ തിരിച്ചടികളുടെ കാരണങ്ങളും മറ്റൊന്നായിരുന്നില്ല. എന്നാൽ വിശ്വാസം തകർന്നടിഞ്ഞ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും യൂറോപ്പിലുമെല്ലാം വീണ്ടും വിശ്വാസത്തിന്റെ കൈത്തിരിനാളം തെളിയിച്ചുകൊണ്ടിരിക്കുന്നത് ഭാരത കത്തോലിക്കാ സഭയിലെ പ്രത്യേകിച്ച,് കേരളത്തിൽ നിന്നുള്ള മിഷണറിമാരാണന്നുള്ള കാര്യം വിസ്മരിക്കാനാവില്ല. പക്ഷേ, അവരുടെപോലും വിശ്വാസ ജീവിതത്തെ പിടിച്ചുലയ്ക്കുന്ന നാണംകെട്ട സംഭവങ്ങളാണ് ഇപ്പോൾ ഭാരത കത്തോലിക്കാ സഭയിൽ നടക്കുന്നത്.

എറണാകുളം - അങ്കമായി അതിരൂപതയിലെ ഭൂമി വിവാദമാണ് അടുത്തയിടെ സഭയെ വല്ലാതെ പ്രതിരോധത്തിലാക്കിയ സംഭവം. കർദ്ദിനാൾ അടക്കമുള്ളവർ കോടതി കയറിയിറങ്ങുന്നത് നമ്മൾ കണ്ടു. തീർത്ഥാടന കേന്ദ്രമായ കൊരട്ടി പള്ളിയിലെ വികാരിക്കെതിരേ സ്വർണം അടിച്ചുമാറ്റിയതുൾപ്പെടെയുള്ള കോടികളുടെ അഴിമതിക്കഥകൾ പിന്നാലെയെത്തി.
ഇടയ്ക്കിടെ ആവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമായതിനാൽ വൈദികരുടെ പീഡന കഥകൾ നമുക്കിപ്പോൾ പുതുമയില്ലാത്തതായി. കണ്ണൂർ, വിയ്യൂർ, പൂജപ്പുര ജയിലുകളിൽ അത്തരക്കാരുടെ നിരന്തര സാന്നിധ്യമുണ്ട്. കുമ്പസാരമെന്ന കൂദാശയെപ്പോലും ഒറ്റുകൊടുത്ത ഭമാംസഭോജികളുടെഭ ഒമ്പതാം കൽപ്പനയുടേയും (അന്യന്റെ ഭാര്യയെ മോഹിക്കരുത്) ആറാം കൽപ്പനയുടേയും (വ്യഭിചാരം ചെയ്യരുത്) പരസ്യമായ ലംഘന വാർത്തകൾ മാധ്യമങ്ങളിൽ നിന്ന് മാറിത്തുടങ്ങിയപ്പോഴാണ് ബിഷപ്പിന്റെ ഊഴമെത്തുന്നത്.

കാത് കുത്തിയവന് പിന്നാലെ കടുക്കനിട്ടവൻ തന്നെ പീഡനക്കേസിലെ പ്രതിയായി എത്തിയപ്പോൾ വാർത്താ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും കത്തോലിക്കാ സഭയുടെമേൽ പൊങ്കാലയിട്ടു. അതിന് മാധ്യമങ്ങളോട് കലിപ്പ് കാണിച്ചിട്ട് കാര്യമില്ല. നാട്ടിൽ നടക്കുന്ന സംഭവങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകതന്നെ ചെയ്യും. അതവരുടെ കടമയാണ്. കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയുടെ മുഖ്യ ലക്ഷ്യങ്ങളടങ്ങിയ ആദ്യ എഡിറ്റോറിയലിൽ തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ടല്ലോ. പിന്നെ, വാർത്ത അൽപ്പം ഇക്കിളി ജനിപ്പിക്കുന്നതായതിനാൽ ചിലർ ലേശം പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്തെന്നു വരാം. ഭഎല്ലാം സഹിക്കാൻ ഇനിയും ചന്തുവിന്റെ ജീവിതം ബാക്കിഭ എന്ന് വടക്കൻ വീരഗാഥയിൽ പണ്ട് മമ്മൂട്ടി പറഞ്ഞതുപോലെ എല്ലാം സഹിക്കാൻ സഭയും അതിന്റെ ചരിത്രവും ബാക്കി.... ഇതിനൊക്കെ കാരണക്കാർ ആരെന്ന് ഇനിയെങ്കിലും തിരിച്ചറിയുക.

തിരുവസ്ത്രമണിഞ്ഞ പീഡന വീരന്മാർ ജയിൽവസ്ത്രമണിഞ്ഞ് മുടിഞ്ഞ പുത്രന്മാരായി നിൽക്കുമ്പോൾ കുറ്റകരമായ മൗനം അവലംബിക്കുന്ന സഭാ നേതൃത്വത്തോട് സത്യത്തിൽ പരമ പുച്ഛമാണ് തോന്നുന്നത്. ഭചെരങ്ങ് നുള്ളി സമുദ്രമാക്കുകഭ എന്നൊരു പഴഞ്ചൊല്ല് പഴയ കാരണവന്മാർ പറയുന്നത് കേട്ടിട്ടുണ്ട്. അത്തരത്തിലാണ് സഭാ നേതൃത്വത്തിന്റെ ഓരോ നിലപാടും എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. 2014 മെയ് അഞ്ച് മുതൽ 13 വട്ടം ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീ 2016 മുതൽ 2018 വരെയുള്ള കാലയളവിൽ പല പിതാക്കന്മാർക്കും പരാതി നൽകിയതാണ്. അന്ന് ഒഴിവുകഴിവുകൾ പറഞ്ഞ് മാറി നിൽക്കാതെ ഈ പിതാക്കന്മാർ കന്യാസ്ത്രീയുടെ പരാതിയിൽ എന്തെങ്കിലും വാസ്തവമുണ്ടോയെന്ന് അന്വേഷിച്ചിരുന്നുവെങ്കിൽ, പ്രശ്നത്തിൽ ആത്മാർത്ഥമായി ഇടപെട്ടിരുന്നുവെങ്കിൽ വൈദികർപോലും അറിയാതെ ഒത്തുതീർന്നു പോകേണ്ട സംഭവമായിരുന്നില്ലേ ഇത്? തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടാൽ ഫ്രാങ്കോയ്ക്കെതിരേ സഭാ തലത്തിൽ നടപടിയെടുക്കാമായിരുന്നില്ലേ? പുറത്താരുമറിയാതെ ഇത്തരക്കാരെ നല്ല നടത്തിപ്പിന് വിടാൻ റോമിന് അധികാരവും സംവിധാനങ്ങളുമില്ലേ?

അപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യാതെ പൂച്ചയ്ക്ക് ആര് മണികെട്ടും എന്ന മാതിരി അഴകൊഴമ്പൻ രീതിയിലിരുന്ന് വെടക്കാക്കി തനിക്കാക്കിയിട്ട് ഇപ്പോൾ അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല. മഠത്തിന്റെ അകത്തളങ്ങളിൽ നിന്നും കന്യാസ്ത്രീകളെ തെരുവിലെത്തിച്ചതിന് പിന്നിൽ സഭാ നേതൃത്വത്തിന്റെ നീതി നിക്ഷേധമില്ലെന്ന് പറയാനാകുമോ? അവർ തെരുവിലിറങ്ങി സമരം ചെയ്തപ്പോൾ പലരും ഒപ്പം കൂടി. അതിൽ കന്യാസ്ത്രീകളോട് ദയാനുകമ്പ ഉള്ളവരുണ്ടാകാം.... ബിഷപ്പ് ഫ്രാങ്കോയോട് വ്യക്തി വൈരാഗ്യമുള്ളവരുണ്ടാകാം....കത്തോലിക്കാ സഭയെ പൊതുജന മധ്യത്തിൽ അവഹേളിക്കാൻ അവസരം പാർത്തിരുന്നവരുണ്ടാകാം.... കലക്കവെള്ളത്തിൽ മീൻ പിടിച്ചവരുമുണ്ടാകാം. പക്ഷേ, അവിടെവരെ കാര്യങ്ങൾ എത്തിച്ചത് ആരുടെ പിടിപ്പുകേടുകൊണ്ടാണന്ന് സ്വയം തിരിച്ചറിയാൻ ഇനിയെങ്കിലും സഭാ നേതൃത്വം തയ്യാറാകണം. വീഴ്ചകൾ തിരുത്തുക തന്നെ വേണം. കാരണം സഭാ സംവിധാനങ്ങൾ നിങ്ങളുടെ ആരുടേയും സ്വകാര്യ സ്വത്തല്ല.... ക്രൈസ്തവ വിശ്വാസികളുടെ പൊതുസ്വത്താണ്....അതവരുടെ വികാരമാണ്.....അവകാശമാണ്.... അതിനെ പൊതുനിരത്തിലിട്ട് വലിച്ചുകീറാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് സഭാ നേതൃത്വത്തിന്റെ കടമയാണ്. അതുമാത്രമാണ് നിങ്ങളുടെ പ്രധാന കടമ. ക്രിസ്തു വിശ്വസിച്ചേൽപ്പിച്ചു തന്ന പരിശുദ്ധ കത്തോലിക്കാ സഭയുടെ മുഖം വികൃതമാക്കിയിട്ട് പള്ളിയും മെഡിക്കൽ/എൻജീയറിങ് കോളജുകളുമൊക്കെ പണിത് പണത്തിന് പിന്നാലെ പായുന്നവരുടെ സ്ഥാനം മുപ്പത് വെള്ളിക്കാശിന് അവനെ ഒറ്റിക്കൊടുത്ത സാക്ഷാൽ യൂദാസിന്റെ ഗണത്തിലാണന്ന് മറക്കാതിരിക്കുക.

അൾത്താരയിൽ നിന്നും ബിഷപ്പ് അഴിക്കുള്ളിലായതിനുശേഷം കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിനെപ്പറ്റിയും ഇവിടെ പരാമർശിക്കാതിരിക്കാനാവില്ല. അതിലും പീഡനക്കേസിൽ പ്രതിയായ ബിഷപ്പിനെ വെള്ളപൂശാനുള്ള ശ്രമമാണ് അധികൃതർ നടത്തിയത്. കന്യാസ്ത്രീകൾ നടത്തിയ സമരം ക്രൈസ്തവ മൂല്യങ്ങൾക്കെതിരാണ് എന്നാണ് കെസിബിസി വാർത്താക്കുറിപ്പിൽ പറയുന്നത്. ഭ നീതിക്കു വേണ്ടി വിശപ്പും ദാഹവും സഹിക്കുന്നവർ ഭാഗ്യവാന്മാർ. എന്തെന്നാൽ അവർക്ക് സംതൃപ്തി ലഭിക്കുംഭ (മത്തായി: 5/6) എന്ന തിരുവചനം അൾത്താരയിൽ നിന്നും ഘോരഘോരം പ്രഘോഷിക്കുന്നവർക്ക് കന്യാസ്ത്രീകളുടെ സഹന സമരം എങ്ങനെ ക്രൈസ്തവ മൂല്യങ്ങൾക്ക് എതിരായി എന്ന് പറയാനാകും? സാമാന്യ ബുദ്ധിയുള്ളവർക്ക് അതിലെ സാംഗത്യം മനസിലാക്കാനാകുന്നില്ല. മനസുകൊണ്ട് പീഡകനായ ബിഷപ്പിനൊപ്പം നിന്നിട്ട് ഇരയായ കന്യാസ്ത്രീക്കുവേണ്ടി പ്രാർത്ഥിക്കും എന്നു പറയുന്നത് നടി ആക്രമിക്കപ്പെട്ട കേസിൽ നടിക്കൊപ്പം നിൽക്കും, ദിലീപിന് വേണ്ടി പ്രാർത്ഥിക്കും എന്ന് മോഹൻലാൽ പറഞ്ഞതിലും കടന്ന കൈയായിപ്പോയി.

സഭാ വസ്ത്രമണിഞ്ഞ് ദുർനടത്തയ്ക്ക് പോകുന്നവരെ എന്തിനാണ് സഭ സംരക്ഷിക്കുന്നത്? അവർ കന്യാസ്ത്രീകളായാലും അച്ചന്മാരായാലും ബിഷപ്പുമാരായാലും പുറത്താക്കണം. അപ്പോൾ തെറ്റ് ചെയ്തു എന്നതിന് എന്താണ് തെളിവ് എന്ന ചോദ്യമുയരാം. കാരണം തോമാ ശ്ലീഹായുടെ പിൻഗാമികളാണല്ലോ നമ്മൾ. തോമാ ശ്ലീഹായെ കർത്താവ് അടുത്തുവിളിച്ച് തന്റെ തിരുവിലാപ്പുറത്തെ തിരുമുറിവിൽ വിരലുകൾ ഇടാൻ ആവശ്യപ്പെട്ട് സംശയ നിവാരണം നടത്തി. പക്ഷേ, പീഡനക്കേസുകളിൽ ഇരകളാകുന്നവർക്ക് അത്തരത്തിൽ സംശയ നിവാരണം നടത്തിക്കൊടുക്കാൻ ആവില്ലല്ലോ. അപ്പോൾപ്പിന്നെ അവർ പറയുന്നതും സാഹചര്യത്തെളിവുകളും കണക്കിലെടുക്കുക. ഏതൊരു രാജ്യത്തേയും നിയമ - നീതി സംവിധാനങ്ങൾ പ്രവർത്തിക്കുന്നതും അത്തരത്തിലല്ലേ. ഇത്തരം സംഭവങ്ങളിൽ സഭ നിഷ്പക്ഷ നിലപാട് സ്വീകരിക്കും എന്ന് പറയുന്നതുതന്നെ തെറ്റാണ്. സഭ പക്ഷം ചേരണം. പക്ഷേ, അത് സത്യത്തിന്റെ പക്ഷമാകണം എന്നു മാത്രം. അല്ലെങ്കിൽ തീപ്പന്തമായി കത്തിയെരിഞ്ഞും വറചട്ടിയിലെ തിളയ്ക്കുന്ന എണ്ണയിൽ മൊരിഞ്ഞമർന്നും ജീവത്യാഗം ചെയ്ത് സഭയെ കെട്ടിപ്പടുത്ത പുണ്യാത്മാക്കളോട് ചെയ്യുന്ന മാപ്പർഹിക്കാത്ത അപരാധമാകും അത്.

ഇനിയുമേറെ പറയാനുണ്ടെങ്കിലും തൽക്കാലം അവസാനിപ്പിക്കുകയാണ്. അതിനുമുമ്പ് ഒരു കാര്യംകൂടി. അന്ത്യത്താഴ വേളയിൽ വീഞ്ഞും മുറിച്ച അപ്പവും ശിഷ്യന്മാർക്ക് നൽകി ഇതെന്റെ ശരീരവും രക്തവുമാകുന്നു എന്ന് അരുൾ ചെയ്താണ് കർത്താവീശോ മിശിഖാ വിശുദ്ധ കുർബാന സ്ഥാപിച്ചത്. അപ്പം ശരീരത്തിന്റെ പ്രതീകവും വീഞ്ഞ് രക്തത്തിന്റെ പ്രതീകവും. കാർമ്മികൻ അപ്പവും വീഞ്ഞും ഉയർത്തി വാഴ്‌ത്തി തിരുശരീര രക്തങ്ങളായി മാറ്റുന്നതാണ് നമ്മുടെ ദേവാലയങ്ങളിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലികളിൽ ഏറ്റവും പരമ പ്രധാനമായ മുഹൂർത്തം. കുമ്പസരിച്ച് പാപമോചനം നേടിയ വിശ്വാസികൾക്ക് പിന്നിടവ വിഭജിച്ചു നൽകുന്നു. അപ്പോൾ വൈദികൻ പറയുന്നത് ഭ മിശിഖായുടെ ശരീരവും രക്തവും പാപങ്ങളുടെ മോചനത്തിനും നിത്യ ജീവനും കാരണമാകട്ടെഭ എന്നാണ്.

എന്നാൽ വിശുദ്ധ കുർബാനയിലെ ഏറ്റവും പ്രധാനപ്പെട്ട ആ തിരുക്കർമ്മം പൂർണതയോടെ ചെയ്യാത്തവരാണ് വൈദികരിൽ ഭൂരിപക്ഷവും. കാരണം തിരുശരീരം മാത്രമാണ് വൈദികർ വിശ്വാസികൾക്ക് നൽകുന്നത്. തിരുരക്തം നൽകാറില്ല. അപ്പോൾ വൈദികൻ ഉച്ഛരിക്കുന്നതിൽ പാപങ്ങളുടെ മോചനമാണോ, നിത്യ ജീവനാണോ വിശ്വാസിക്ക് ലഭിക്കാതെ പോകുന്നത് എന്ന സംശയം ബാക്കിയാവുകയാണ്. എന്തായാലും അർഹതപ്പെട്ട രണ്ടിൽ ഏതെങ്കിലുമൊന്ന് വിശ്വാസിക്ക് ലഭിക്കാതെ പോകുന്നുണ്ട്. അത് ഏതാണന്ന് വ്യക്തമാക്കാൻ പൗരോഹിത്യത്തിന് ഉത്തരവാദിത്വമുണ്ട്. ഇക്കാര്യം പല വൈദികരോടും ചോദിച്ചപ്പോൾ അപ്പം വീഞ്ഞിൽ മുക്കി കൊടുക്കുമ്പോൾ കൂടുതൽ സമയമെടുക്കും എന്ന മറുപടിയാണ് ലഭിച്ചത്. അപ്പോൾ ഭഇതെന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻഭ എന്ന് കൽപ്പിച്ച് കർത്താവ് സ്ഥാപിച്ച വിശുദ്ധ കുർബാന അതിന്റെ അർത്ഥതലങ്ങൾ പൂർണമായി ഉൾക്കൊണ്ട് അർപ്പിക്കാൻ വൈദികർക്ക് സമയമില്ല എന്ന് ചുരുക്കം. കാരണം കുർബാന എങ്ങിനെയെങ്കിലും ചൊല്ലി തീർത്തിട്ടുവേണം തെരക്കിട്ട മറ്റ് പല കാര്യങ്ങളിലേക്കും കടക്കാൻ.

പ്രീയപ്പെട്ട വൈദികരേ, പിതാക്കന്മാരേ.... നിങ്ങൾ ആർക്കു വേണ്ടിയാണ് ഇത്ര തിരക്കിട്ട് പരക്കം പായുന്നത്. വിശ്വാസികൾക്കു വേണ്ടിയോ അതോ സ്വന്തം വയറ്റിപ്പിഴപ്പിന് വേണ്ടിയോ? നന്മ തിന്മകൾ പറഞ്ഞു മനസിലാക്കി വിശ്വാസ സമൂഹത്തെ വിശുദ്ധിയുടെ മാർഗത്തിൽ നയിക്കുക എന്നതല്ലേ പൗരോഹിത്യത്തിന്റെ മുഖ്യ ധർമ്മം. അതിനുശേഷം പോരേ പഞ്ച നക്ഷത്ര ഹോസ്പിറ്റലുകളും തലവരി മെഡിക്കൽ/ എൻജിനീയറിങ് കോളജുകളും മറ്റ് ബിസിനസുകളുമൊക്കെ?...

ജീവിക്കാൻ വളരെ കുറച്ച് കാര്യങ്ങൾ മതി എന്ന് സ്വന്തം ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ച വ്യക്തിയാണ് യേശു ക്രിസ്തു. ദൈവപുത്രനായിട്ടും പിറക്കാൻ വെറും കാലിത്തൊഴുത്ത്, ഭക്ഷിക്കാൻ എന്തെങ്കിലും, ജീവിക്കാൻ കൂലിപ്പണി, കൂടെക്കൂട്ടാൻ മീൻ പിടിത്തക്കാർ, തലയിൽ വയ്ക്കാൻ മുൾക്കിരീടം, അവസാനം മരിച്ച് കബറടക്കപ്പെടാൻ വാടക കല്ലറ. നിത്യ ജീവിതത്തിൽ ഇത്ര അത്യുന്നതങ്ങളായ, സമാനതകളില്ലാത്ത ലളിത ഭാവങ്ങൾ വേറെ എന്തുണ്ട്? ആ ക്രിസ്തുവിനെയാണ് നിങ്ങൾ പ്രഘോഷിക്കുന്നതെങ്കിൽ സ്വയം എളിമപ്പെടണം....കച്ചവട ചിന്തകളും സുഖലോലുപതയും ഒഴിവാക്കണം....കല്ലും മുള്ളും നിറഞ്ഞ പാതകളിലൂടെ നടക്കാൻ തയ്യാറാകണം....ഒരു കാതം നടക്കാനാവശ്യപ്പെടുന്നവർക്കൊപ്പം രണ്ട് കാതം നടക്കാൻ മനസ്സ് കാണിക്കണം. എങ്കിൽ മാത്രമേ മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്താനാകൂ.

സ്നേഹത്തോടെ,
ജയ്മോൻ ജോസഫ്.