ന്യൂഡൽഹി: ഡൽഹി ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരേ കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്‌ലി ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ ജനുവരി അഞ്ചിനു കോടതി വാദം കേൾക്കും. കേജ്‌രിവാൾ അടക്കം അഞ്ചു ആംആദ്മി നേതാക്കൾക്കെതിരെയാണു ഡൽഹി ഹൈക്കോടതിയിൽ നേരിട്ടെത്തി ജയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. കേജ്‌രിവാളിനു പുറമേ കുമാർ വിശ്വാസ്, അശുതോഷ്, സഞ്ജയ് സിങ്, രാഗവ് ഛദ്ദ, ദീപക് ബാജ്‌പേയ് എന്നിവർക്കെതിരേയുമാണ് കേസ് ഫയൽ ചെയ്തത്. തെറ്റായതും മാനക്കേടുണ്ടാക്കുന്നതുമായ ആരോപണങ്ങൾ തന്നെയും തന്റെ കുടുംബത്തെപ്പറ്റിയും ഉന്നയിച്ചതിനെത്തുടർന്നാണ് മാനനഷ്ടക്കേസ് നൽകുന്നതെന്നു ജയ്റ്റ്‌ലി നേരത്തെ വ്യക്തമാക്കിയിരുന്നു.