- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓൾറൗണ്ടർമാരിലെ ഓൾറൗണ്ടർ; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മികച്ച ടെസ്റ്റ് ഓൾറൗണ്ടറായി ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ജാക്ക് കാലിസ് ; സാങ്കേതികത്തികവുള്ള മൂന്നാം നമ്പർ ബാറ്റ്സ്മാനും വിശ്വസിക്കാവുന്ന ഓപ്പണിങ് ബൗളറുമായിരുന്നു കാലീസെന്നും നീരീക്ഷണം

സതാംപ്ടൺ: ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ടെസ്റ്റ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറായി ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസിനെ തെരഞ്ഞെടുത്ത് സ്റ്റാർ സ്പോർട്സ്. ഇംഗ്ലീഷ് താരങ്ങളായ ആൻഡ്രൂ ഫ്‌ളിന്റോഫ്, ബെൻ സ്റ്റോക്സ്, ഇന്ത്യയുടെ ആർ അശ്വിൻ എന്നിവരെ മറികടന്നാണ് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ഒന്നാമനായത്.
പെർഫെക്ട് ഓൾറൗണ്ടറെന്ന വിശേഷണത്തിന് ലോക ക്രിക്കറ്റിൽ അർഹത ആവോളമുള്ള ജാക്ക് കാലിസിനായിരുന്നു കൂടുതൽ പേരുടെ പിന്തുണ. 166 ടെസ്റ്റിൽ 45 സെഞ്ചുറികൾ സഹിതം 13289 റൺസും 292 വിക്കറ്റുമുള്ള കാലിസ് 21-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം മാൻ ഓഫ് ദി മാച്ച്, മാൻഓഫ്ദി സീരിസ് പുരസ്‌കാരങ്ങൾ നേടിയ താരമാണ്. പോരാത്തതിന് രണ്ടാം സ്ലിപ്പിലെ ചോരാത്ത കൈകൾ എന്ന ഖ്യാതിയും ഇതിഹാസത്തിന് സ്വന്തം.
ടെസ്റ്റിൽ 2500ലധികം റൺസും 150ലധികം വിക്കറ്റും ബൗളിങ് ശരാശരിയേക്കാൾ ബാറ്റിങ് ശരാശരിയുമുള്ള കളിക്കാരെയാണ് പരിഗണിച്ചത്. നാല് പേർ അന്തിമ പട്ടികയിലെത്തി. ഫ്‌ളിന്റോഫും സ്റ്റോക്സും അശ്വിനും ഒപ്പം കാലിസും. മുൻ താരങ്ങളും കമന്റേറ്റർമാരും മാധ്യമപ്രവർത്തകരും ക്രിക്കറ്റ് ആരാധകരും ഉൾപ്പെട്ട ജൂറിക്ക് മുന്നിൽ മികച്ചത് ആരെന്നതിൽ സംശയമുണ്ടായില്ല.
നിലവിൽ ലോക ക്രിക്കറ്റിലെ മികവുറ്റ ഓൾറൗണ്ടറായ ബെൻ സ്റ്റോക്സ് ആണ് രണ്ടാമതെത്തിയത്. എല്ലാ ഫോർമാറ്റിലും തിളങ്ങുന്ന സ്റ്റോക്സിന് ടെസ്റ്റിൽ ഇതിനോടകം 4631 റൺസും 163 വിക്കറ്റുകളുമുണ്ട്. മൂന്നാം സ്ഥാനത്തെത്തിയത് ആർ അശ്വിൻ. ഒരു ടെസ്റ്റിൽ സെഞ്ചുറിയും അഞ്ച് വിക്കറ്റ് നേട്ടവും മൂന്ന് തവണ നേടിയ താരമാണ് അശ്വിൻ. സാക്ഷാൽ ഇയാൻ ബോതത്തെ മറികടന്ന ഓൾറൗണ്ട് മികവ്. 2685 റൺസും 413 വിക്കറ്റും നിലവിൽ അശ്വിന്റെ പേരിലുണ്ട്.
എക്കാലവും ഓർക്കുന്ന ആഷസ് ജയത്തിലേക്ക് ഇംഗ്ലണ്ടിനെ 2005ൽ നയിച്ച ആൻഡ്രൂ ഫ്‌ളിന്റോഫ് നാലാമതെത്തി. ടെസ്റ്റിൽ 3845 റൺസും 226 വിക്കറ്റും ഫ്‌ളിന്റോഫിനുണ്ട്.


