കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ അറസ്റ്റു ചെയ്യാണോ വേണ്ടയോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു. ബലാത്സംഗത്തെ സാധൂകരിക്കുന്ന തെളിവുകൾ ഉണ്ടെങ്കിൽ അറസ്റ്റു ചെയ്യാമെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥലത്തില്ലാത്ത സാഹചര്യത്തിൽ രാഷ്ട്രീയ നേതൃത്വം ഈ വിഷയത്തിൽ പൊലീസ് നീക്കങ്ങളെ പിന്തുണക്കുന്നില്ല. അന്വേഷണ സംഘത്തിന് സ്വന്തം നിലയിൽ തീരുമാനം എടുക്കാമെന്നാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എം വി ജയരാജൻ നിർദ്ദേശിച്ചത്.

അതേസമയം ഇന്നലെ ചോദ്യം ചെയ്തതിൽ നിന്നും ബിഷപ്പിന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ അറസ്റ്റു ചെയ്യാനുള്ള സാധ്യതയുണ്ടെങ്കിലും പൊലീസിന് ആത്മവിശ്വാസ കുറവുണ്ടെന്നതാണ് വാസ്തവം. അറസ്റ്റു വേണോ എന്ന കാര്യത്തിൽ പൊലീസ് ഉന്നതർ തമ്മിൽ കൂടിയാലോടന നടത്തി. കന്യാസ്ത്രീയുമായുള്ള ലൈംഗിക ബന്ധം തെളിഞ്ഞെങ്കിലും ബലാത്സംഗമാണോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പമുണ്ട്. ബലാത്സംഗത്തിന് തെളിവില്ലെന്ന നിലപാടിലാണ് പൊലീസ്. അതുകൊണ്ട് തന്നെ ജാമ്യമുള്ള വകുപ്പ് ചേർത്ത് കേസിൽ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യിക്കാനുള്ള നീക്കമാണ് അന്വേഷണ സംഘത്തിന്റെ ഭാഗത്തു നിന്നും നടക്കുന്നത്.

ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിഷപ്പിന് നോട്ടീസ് നൽകിയിട്ടുണ്ട്. തെളിവുകൾ നിരത്തി ക്രോസ് വിസ്താര രീതിയിലുള്ള ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുക. കന്യാസ്ത്രീയുടെ ആരോപണങ്ങൾ ബിഷപ്പ് ഇന്നലെ നിഷേധിച്ചിരുന്നു. ബുധനാഴ്ച പൊലീസ് ഏഴു മണിക്കൂറോളമായിരുന്നു ചോദ്യംചെയ്യൽ. ലൈംഗികാരോപണക്കേസിൽ ഇന്ത്യയിൽ ഒരു ബിഷപ്പ് ഇങ്ങനെ ചോദ്യംചെയ്യപ്പെടുന്നത് ആദ്യമായാണ്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് ഫ്രാങ്കോ തൃപ്പൂണിത്തുറയിലുള്ള ക്രൈംബ്രാഞ്ച് എസ്‌പി. ഓഫീസിൽ എത്തിയത്. രൂപതാ പി.ആർ.ഒ. ഫാ. പീറ്റർ കാവുംപുറവും മറ്റ് രണ്ടുപേരും വണ്ടിയിലുണ്ടായിരുന്നു.

വൈകീട്ട് 6.25-ന് വിട്ടയച്ചു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും വ്യാഴാഴ്ച വീണ്ടുമെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോട്ടയം എസ്‌പി. ഹരിശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. ഫ്രാങ്കോ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീയെ വിവിധ പദവികളിൽനിന്ന് നീക്കിയതിനാൽ തന്നോട് വൈരാഗ്യമുണ്ടെന്നും അതുകൊണ്ടാണ് കുടുക്കാൻ ശ്രമിക്കുന്നതെന്നും ബിഷപ്പ് അന്വേഷണസംഘത്തോട് പറഞ്ഞതായാണ് അറിവ്. കന്യാസ്ത്രീക്കെതിരേ നേരത്തേ ഒരു സ്ത്രീ പരാതിതന്നിട്ടുണ്ടെന്നും ഫ്രാങ്കോ പറഞ്ഞു. ഏതാനും ഫോട്ടോകൾ, മെസേജുകൾ എന്നിവ ഹാജരാക്കിയതായും സൂചനയുണ്ട്.

ബിഷപ്പിനെ നേരത്തേ ജലന്ധറിലെത്തി പൊലീസ് ചോദ്യംചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ അന്നു പറഞ്ഞ പല കാര്യങ്ങളിലും പൊരുത്തക്കേട് കണ്ടെത്തി. ഇവ ചോദിച്ചെങ്കിലും ബിഷപ്പ് ഉറച്ചുനിന്നു. കുറവിലങ്ങാട് നാടുകുന്നിലുള്ള മഠത്തിൽ 2014 മെയ്‌ അഞ്ചിന് പോയിട്ടുണ്ടെങ്കിലും അവിടെ താമസിച്ചിട്ടില്ല. കന്യാസ്ത്രീക്ക് മൊബൈലിൽ അയച്ച ചില സന്ദേശങ്ങൾ അന്വേഷണസംഘം ബിഷപ്പിനെ കാണിച്ചു. എന്നാൽ, ഇവ എഡിറ്റുചെയ്തതാണെന്ന് ബിഷപ്പ് പറഞ്ഞു.

ജലന്ധറിൽ നടന്ന ചോദ്യംചെയ്യലിൽ മഠത്തിൽ പോയിട്ടില്ല എന്നാണ് ബിഷപ്പ് പറഞ്ഞത്. മെയ്‌ അഞ്ചിന് മുതലക്കോട്ടുള്ള മഠത്തിലാണ് പോയതെന്നും അന്ന് ബിഷപ്പ് പറഞ്ഞിരുന്നു. മഠത്തിൽ പോയെങ്കിലും അവിടെ താമസിച്ചില്ലെന്നാണ് പുതിയ മൊഴിയെന്ന് സൂചനയുണ്ട്. ഇത്തരം പൊരുത്തക്കേടുകൾ പൊലീസ് വീണ്ടും വിലയിരുത്തും. ആദ്യ ദിവസം നല്കിയ മൊഴികൾ വിശകലനം ചെയ്താകും രണ്ടാം ഘട്ട ചോദ്യം ചെയ്യൽ നടക്കുക. ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിലെ ആഡംബര ഹോട്ടലിൽ തങ്ങുകയാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ.

ബിഷപ്പിനോട് ചോദിക്കുവാൻ കൂടുതൽ ചോദ്യങ്ങൾ അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. ബിഷപ്പിനെ ചോദ്യം ചെയ്തതിന് ശേഷം റേഞ്ച് ഐജിയുടെ സാന്നിദ്ധ്യത്തിൽ കോട്ടയം എസ്‌പിയും, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്‌പിയും കൊച്ചിയിൽ യോഗം ചേർന്നു. ബിഷപ്പിന്റെ മൊഴികളിലുള്ള പൊരുത്തക്കേടുകളുടെ ചുവടുപിടിച്ചാണ് ഇന്ന് അന്വേഷണം പുരോഗമിക്കുക. ബലാത്സംഗ ആരോപണങ്ങൾ നിഷേധിച്ച ബിഷപ്പ് കന്യാസ്ത്രീ തനിക്കെതിരെ വ്യക്തി വിരോധം തീർക്കുകയാണെന്നാണ് ഇന്നലെത്തെ ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്.