- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിക്കാൻ ഒന്നുമില്ലെന്നും അന്വേഷണസംഘമെത്തിയാൽ സഹകരിക്കുമെന്നും മന്ത്രി ജലീൽ; ഉത്തരങ്ങളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്യും; വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോൺസുലേറ്റിൽ നിന്ന് മതഗ്രന്ഥങ്ങളും റമസാൻ കിറ്റും വാങ്ങി വിതരണം ചെയ്ത കേസിൽ കരുതലോടെ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ; ഖുറാൻ വാദം ജലീലിനെ രക്ഷിക്കില്ല; ചോദ്യം ചെയ്യൽ പിണറായി സർക്കാരിനും നിർണ്ണായകം; മന്ത്രിയെ 14ന് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോൺസുലേറ്റിൽ നിന്ന് മതഗ്രന്ഥങ്ങളും റമസാൻ കിറ്റും വാങ്ങി വിതരണം ചെയ്ത സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 14നു മന്ത്രി കെ.ടി. ജലീലിന്റെ മൊഴിയെടുത്തേക്കും. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അതോടെ ഊഹാപോഹങ്ങളും ആരോപണങ്ങളും അവസാനിക്കുമെന്നും മന്ത്രി പ്രതികരിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പറഞ്ഞു.
ഇന്നലെ ജലീലിന് ഇഡി നോട്ടീസ് നൽകിയതായി മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നോട്ടീസ് കിട്ടിയില്ലെന്ന മന്ത്രിയുടെ പ്രതികരണം. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ മൊഴി എടുക്കലുണ്ടാകുമെന്നാണ് സൂചന. ചോദ്യങ്ങളോട് കൃത്യമായി പ്രതികരിച്ചില്ലെങ്കിൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്യും. സ്പീക്കറുടേയും ഗവർണ്ണറുടേയും അനുമതി തേടിയാകും ഇത്. നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണു മതഗ്രന്ഥങ്ങളും റമസാൻ കിറ്റുകളും വിതരണം ചെയ്തത് പുറത്തുവന്നതും വിവാദമായതും. വിദേശരാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളിൽ നിന്ന് അനുമതിയില്ലാതെ ഉപഹാരങ്ങൾ സ്വീകരിക്കരുതെന്നാണു ചട്ടം. സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ, ഇഡി സംഘങ്ങൾ മതഗ്രന്ഥങ്ങൾ എത്തിച്ച നയതന്ത്ര പാഴ്സലിനെക്കുറിച്ച് അന്വേഷിച്ചിരുന്നു.
പാഴ്സലുകൾ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടൻ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയതായാണ് വിശ്വസനീയമായ വിവരം. യുഎഇയിൽനിന്നു നയതന്ത്ര ബാഗേജുകളായി എത്തിയവ സർക്കാർ സ്ഥാപനമായ സി-ആപ്റ്റിലും അവരുടെ വാഹനത്തിൽ മലപ്പുറത്തേക്കും കൊണ്ടുപോയിരുന്നു. ഇവ മതഗ്രന്ഥങ്ങളാണെന്നായിരുന്നു ജലീലിന്റെ വാദം. സ്വ്വപ്ന സുരേഷിനെ മന്ത്രി പല തവണ വിളിക്കുകയും ചെയ്തിരുന്നു. സി-ആപ്റ്റിൽ സൂക്ഷിച്ച പെട്ടിയിൽനിന്നും മതഗ്രന്ഥത്തിന്റെ സാമ്പിൾ അന്വേഷണ സംഘം തൂക്കമെടുത്ത് പരിശോധിച്ചിരുന്നു. തൂക്കത്തിൽ വ്യത്യാസം കണ്ടെത്തിയതിനാൽ മതഗ്രന്ഥമാണ് എത്തിയതെന്ന വാദം കസ്റ്റംസ് തള്ളി. മറ്റൊരു രാജ്യത്തിലേക്കും നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം അയയ്ക്കാറില്ലെന്ന് യുഎഇ അധികൃതർ വ്യക്തമാക്കുകയും ചെയ്തു. ഇതും ജലീലിനെ വെട്ടിലാക്കി. ഇതിന്റെ വിശദാംശങ്ങളാണ് ഇ. ഡി പ്രധാനമായും ആരായുക.
മതഗ്രന്ഥങ്ങളെന്ന പേരിൽ സ്വപ്ന സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്വർണം കടത്തിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. കസ്റ്റംസിന്റെ രേഖകൾ പ്രകാരം പാഴ്സലിന്റെ ഭാരവും മതഗ്രന്ഥങ്ങളുടെ ആകെ ഭാരവും ഒത്തുനോക്കുകയും ചെയ്തിരുന്നു. മതഗ്രന്ഥങ്ങൾ എടപ്പാളിലെത്തിക്കാൻ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സിആപ്റ്റിന്റെ വാഹനങ്ങൾ ഉപയോഗിച്ചതിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തി. ഈ സാഹചര്യത്തിലാണ് ജലീലിന്റെ മൊഴിയെടുക്കാനുള്ള ഇ.ഡിയുടെ തീരുമാനം. എന്നാൽ ഒളിക്കാൻ ഒന്നുമില്ലെന്നും അന്വേഷണസംഘമെത്തിയാൽ സഹകരിക്കുമെന്നും ജലീൽ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജലീലിനും കുരുക്കെത്തുന്നത്. തിരുവനന്തപുരത്തുനിന്ന് സർക്കാർസ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുർആൻ ആണെന്നാണ ജലീലിന്റെ വാദം നേരത്തെ കേന്ദ്ര ഏജൻസിയായ കസ്റ്റംസ് തള്ളിയിരുന്നു. അതിനിടെ യുഎഇയിലേക്കും സൗദിയിലേക്കും വരെ ഖൂർആൻ കയറ്റുമതി ചെയ്യുന്നത് മലപ്പുറത്തെ തിരൂരങ്ങാടിയിൽ നിന്നാണെന്നുള്ളതും മന്ത്രിയുടെ വാദങ്ങൾ പൊളിക്കുന്നു. 1883 മുതൽ യുഎഇയിലേക്കും സൗദിയിലേക്കും വിശുദ്ധ ഗ്രന്ഥം അച്ചടിച്ച് കയറ്റുമതി ചെയ്യുന്നത് തിരൂരങ്ങാടിയിലെ പ്രസിൽ നിന്നാണ്. ഇതോടെ ഖൂർആനിലെ മന്ത്രിയുടെ അവകാശ വാദങ്ങളും പൊളിയുകയാണ്. ഈ സാഹചര്യത്തിലാണ് ഇഡി ഇടപെടൽ.
ഒരു മന്ത്രിക്ക് ചേരാത്ത വിധത്തിൽ എല്ലാ പ്രോട്ടോക്കോളും തെറ്റിച്ചാണ് മറ്റൊരു രാജ്യമായ യുഎഇയുമായി ജലീൽ ഇടപെട്ടത് എന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനു ബോധ്യം വന്നിട്ടുണ്ട്. മന്ത്രിമാർ നയതന്ത്ര കാര്യാലയ ചടങ്ങുകളിൽ പങ്കെടുക്കണമെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണം. സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോൾ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. കോൺസുലേറ്റുകൾക്കു സംസ്ഥാന സർക്കാർ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോൾ വിഭാഗത്തെ സമീപിക്കണം. ഇതെല്ലാം ജലീൽ കാറ്റിൽപ്പറത്തുകയാണ് ചെയ്തത്. ഇത് എന്തിനു വേണ്ടിയാണ് എന്ന അന്വേഷണമാണ് നടത്തുന്നത്.
ജലീലിന്റെ വകുപ്പിന് കീഴിലുള്ള സി ആപ്റ്റിന്റെ വണ്ടികൾ സ്വർണ്ണക്കടത്തിനു ഉപയോഗിച്ചോ എന്ന അന്വേഷണം എൻഐയും നടത്തുന്നുണ്ട്. നിലവിൽ കസ്റ്റംസ് ആണ് ഇത് അന്വേഷിക്കുന്നത്. യുഎഎ കോൺസുലേറ്റിൽ നിന്നും സിആപ്റ്റിലേക്ക് വന്ന പാഴ്സലിൽ ഖുറാൻ ആയിരുന്നെന്നും ഇത് തന്റെ മണ്ഡലത്തിലേക്ക് അയച്ചു എന്നാണ് ജലീൽ തന്നെ വ്യക്തമാക്കിയത്. യുഎഇ കോൺസുലെറ്റിൽ നിന്നും റംസാൻ കിറ്റുകൾ വാങ്ങി തന്റെ മണ്ഡലത്തിൽ വിതരണം ചെയ്തുവെന്നും ജലീൽ സമ്മതിച്ചിട്ടുണ്ട്. ഒരു സംസ്ഥാന മന്ത്രി എന്ന നിലയിൽ മന്ത്രിയുടെ പ്രോട്ടോക്കോൾ ലംഘനം തെളിയിക്കുന്നതാണ് ഈ രണ്ടു ഇടപാടുകളും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു സംശയ നിഴലിലാണ് നിലവിൽ യുഎഇ കോൺസുലേറ്റ്. ഈ കോൺസുലെറ്റുമായാണ് മന്ത്രി ജലീൽ ജലീൽ നേരിട്ട് ഇടപെട്ടിരിക്കുന്നത്. യുഎഐ കോൺസുലെറ്റിൽ നിന്നും സി ആപ്റ്റ് വഴി മലപ്പുറത്തേക്ക് പോയ പാക്കറ്റുകൾ ഖുറാൻ ആണെന്ന് മന്ത്രി ജലീൽ പറയുന്നുണ്ടെങ്കിലും ഇതും സംശയാസ്പദമായി നിലനിൽക്കുകയാണ്. ഇതെല്ലാം തന്നെ കേന്ദ്രം സംസ്ഥാനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
യു.എ.ഇ. കോൺസുലേറ്റുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ ബന്ധം ചൂണ്ടിക്കാട്ടി കസ്റ്റംസ് കേന്ദ്രസർക്കാരിന് റിപ്പോർട്ട് അയച്ചിരുന്നു. ജലീൽ സ്വയം വെളിപ്പെടുത്തിയ കാര്യങ്ങളും ഉൾപ്പെടുത്തിയാണ് റിപ്പോർട്ട്. കൂടാതെ, ഇതുവരെ കോൺസുലേറ്റിൽ വന്ന പാഴ്സലുകളിൽ മതഗ്രന്ഥങ്ങൾ വന്നതായി രേഖകളില്ലെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പരാമർശമുണ്ട്. ഇതും ജലീലിന് വിനയാണ്. ഒരു രാഷ്ട്രീയ ഉന്നതനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന സൂചനകൾ പുറത്തു വന്നിരുന്നു. കോൺസുലേറ്റുമായുള്ള മന്ത്രിയുടെ ഇടപാടുകളും സഹായധനം സ്വീകരിച്ചതും നിയമലംഘനമാണെന്നും കേന്ദ്രത്തെ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് സർക്കാർസ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുർആൻ ആണെന്നാണ് ജലീൽ പറയുന്നത്. എന്നാൽ, കസ്റ്റംസ് കേന്ദ്രത്തിനു നൽകിയ റിപ്പോർട്ട് ഇത് സാധൂകരിക്കുന്നതല്ല. 'എന്തായാലും അത്രയധികം പുസ്തകങ്ങൾ ഒന്നിച്ച് എത്തിച്ചുവെങ്കിൽ, രേഖപ്പെടുത്തിയതിനെക്കാൾ കൂടുതൽ ഭാരം കാണും. ഇതുവരെ ഒരു മാർഗത്തിൽക്കൂടിയും അത്രയും ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ല'- ഇങ്ങനെയാണ് റിപ്പോർട്ടിലുള്ളത്. ഇതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണ്. ഖൂർആൻ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലെന്നതാണ് വസ്തുത.
തിരൂരങ്ങാടിയിലാണ് ഖൂർആൻ ഏറ്റവും അധികം പ്രിന്റ് ചെയ്യുന്നത്. പോക്കറ്റിൽ വയ്ക്കാൻ കഴിയുന്നതുൾപ്പെടെയുള്ള ഖൂർആനുകൾ തിരൂരങ്ങാടിയിൽ പ്രിന്റ് ചെയ്യുന്നു. ഇത് യുഎഇയിലേക്കും സൗദിയിലേക്കും കയറ്റി അയയ്ക്കുകയും ചെയ്യുന്നു. പെരുന്നാളിനും മറ്റും കേരളത്തിൽ നിന്ന് കയറ്റുമതി കൂടുകയും ചെയ്യുന്നു. ഇതും ജലീലിന്റെ വാദങ്ങളെ തളർത്തുന്നു. സ്വപ്നാ സുരേഷിന്റെ ഫോൺ ലിസ്റ്റ് പുറത്തു വന്നപ്പോൾ തന്നെ ജലീലിലും സംശയ നിഴലിലായി. കോൺസുലേറ്റിൽ നിന്ന് റംസാൻ കിറ്റുകൾ മലപ്പുറത്തുകൊടുക്കാനായിരുന്നു വിളിയെന്ന ന്യായം പറഞ്ഞു. അന്ന് സി ആപ്റ്റിലെ വണ്ടിയടെ യാത്രയും ഖൂർആൻ കഥയും പറഞ്ഞതുമില്ല. സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്തപ്പോഴാണ് മൊഴിയിൽ ഇക്കാര്യം എത്തിയത്. പരിശോധനയിൽ തെളിവുകളും കിട്ടി. ഇതോടെയാണ് ഖൂർആൻ ആയിരുന്നു പെട്ടികളിലെന്ന ന്യായവുമായി ജലീൽ എത്തിയത്. ഇത് വലിയ വിവാദങ്ങൾക്കും ഇട നൽകി.
അതിനിടെ ജലീലിനെതിരെ വിദേശസഹായ നിയന്ത്രണ നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കൊച്ചിയിലെ കസ്റ്റംസ് പ്രീവന്റീവ് കമ്മിഷണറേറ്റ് കേന്ദ്ര സർക്കാരിന് നൽകിയ റിപ്പോർട്ടിൽ അവശ്യപ്പെടുന്നത്. റിപ്പോർട്ട് ധനമന്ത്രാലയത്തിൽ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇഡി ഇടപെടൽ. ചോദ്യം ചെയ്യലിൽ അസ്വാഭാവികത കണ്ടെത്തിയാൽ മന്ത്രിയെ അറസ്റ്റും ചെയ്യും. മന്ത്രിയെ പുറത്താക്കേണ്ട സ്ഥിതി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഖൂർആനെ പിടിച്ച് ജലീൽ പറയുന്നതൊന്നും വിശ്വസനീയമല്ലെന്ന് തന്നെയാണ് വിലയിരുത്തൽ. മലപ്പുറത്ത് നിന്ന് പ്രിന്റ് ചെയ്ത് അയയ്ക്കുന്ന ഖൂർആൻ എന്തിനാണ് ഇറക്കുമതി ചെയ്യുന്നതെന്ന ചോദ്യവും പ്രസക്തമാണ്. സി എച്ച് പ്രസിനെ പോലെ നിരവധി പ്രസുകളിൽ തിരൂരങ്ങാടിയിൽ ഖൂർആൻ പ്രിന്റ് ചെയ്യുന്നുണ്ട്. ഇതും ജലീലിന്റെ വാദങ്ങളെ പൊളിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ