തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന് കസ്റ്റംസിന്റെ നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നോട്ടീസ്. ചോദ്യം ചെയ്യലിന് ശേഷം മന്ത്രിയെ അറസ്റ്റ് ചെയ്യാൻ സാധ്യത ഏറെയാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോൺസുലേറ്റിൽ നിന്ന് മതഗ്രന്ഥങ്ങളും റമസാൻ കിറ്റും വാങ്ങി വിതരണം ചെയ്ത സംഭവത്തിൽ ജലീലിനെ സംശയത്തോടെയാണ് കസ്റ്റംസ് കാണുന്നത്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ.

ചോദ്യങ്ങളോട് കൃത്യമായി പ്രതികരിച്ചില്ലെങ്കിൽ മന്ത്രിയെ അറസ്റ്റ് ചെയ്യും. നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണു മതഗ്രന്ഥങ്ങളും റമസാൻ കിറ്റുകളും വിതരണം ചെയ്തത് പുറത്തുവന്നതും വിവാദമായതും. വിദേശരാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളിൽ നിന്ന് അനുമതിയില്ലാതെ ഉപഹാരങ്ങൾ സ്വീകരിക്കരുതെന്നാണു ചട്ടം. സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ, ഇഡി സംഘങ്ങൾ മതഗ്രന്ഥങ്ങൾ എത്തിച്ച നയതന്ത്ര പാഴ്സലിനെക്കുറിച്ച് അന്വേഷിച്ചിരുന്നു.

തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശം. മത ഗ്രന്ഥം വിതരണം ചെയ്ത സംഭവത്തിലാണ് ചോദ്യം ചെയ്യൽ. ഈ സംഭവത്തിൽ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് കസ്റ്റംസ് അന്വേഷണം നടത്തിവരികയായിരുന്നു. എൻഐഎയും ഇ.ഡി രണ്ട് തവണയും ജലീലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ആകെ 4478 കിലോഗ്രാം മതഗ്രന്ഥം ആണ് നയതന്ത്ര പാഴ്സൽ വഴി സംസ്ഥാനത്ത് എത്തിച്ചത്. ഇത് മലപ്പുറത്ത് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായെന്നാണ് കണ്ടെത്തൽ. നയതന്ത്ര പാഴ്സലിൽ എത്തുന്നവ പുറത്ത് വിതരണം ചെയ്യുന്നത് നിയമപരമല്ല എന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ഈന്തപ്പഴ ഇറക്കുമതിയിലും കസ്റ്റംസ് കേസെടുത്തിരുന്നു. 

യുഎഇയിൽനിന്നു നയതന്ത്ര ബാഗേജുകളായി എത്തിയവ സർക്കാർ സ്ഥാപനമായ സി-ആപ്റ്റിലും അവരുടെ വാഹനത്തിൽ മലപ്പുറത്തേക്കും കൊണ്ടുപോയിരുന്നു. ഇവ മതഗ്രന്ഥങ്ങളാണെന്നായിരുന്നു ജലീലിന്റെ വാദം. സ്വ്വപ്ന സുരേഷിനെ മന്ത്രി പല തവണ വിളിക്കുകയും ചെയ്തിരുന്നു. സി-ആപ്റ്റിൽ സൂക്ഷിച്ച പെട്ടിയിൽനിന്നും മതഗ്രന്ഥത്തിന്റെ സാമ്പിൾ അന്വേഷണ സംഘം തൂക്കമെടുത്ത് പരിശോധിച്ചിരുന്നു. തൂക്കത്തിൽ വ്യത്യാസം കണ്ടെത്തിയതിനാൽ മതഗ്രന്ഥമാണ് എത്തിയതെന്ന വാദം കസ്റ്റംസ് തള്ളിയിട്ടുണ്ട്.

മറ്റൊരു രാജ്യത്തിലേക്കും നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം അയയ്ക്കാറില്ലെന്ന് യുഎഇ അധികൃതർ വ്യക്തമാക്കുകയും ചെയ്തു. ഇതും ജലീലിനെ വെട്ടിലാക്കി. ഇതിന്റെ വിശദാംശങ്ങളാണ് കസ്റ്റംസ് പ്രധാനമായും ആരായുക. മതഗ്രന്ഥങ്ങളെന്ന പേരിൽ സ്വപ്ന സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്വർണം കടത്തിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. കസ്റ്റംസിന്റെ രേഖകൾ പ്രകാരം പാഴ്സലിന്റെ ഭാരവും മതഗ്രന്ഥങ്ങളുടെ ആകെ ഭാരവും ഒത്തുനോക്കുകയും ചെയ്തിരുന്നു. മതഗ്രന്ഥങ്ങൾ എടപ്പാളിലെത്തിക്കാൻ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സിആപ്റ്റിന്റെ വാഹനങ്ങൾ ഉപയോഗിച്ചതിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തി. ഈ സാഹചര്യത്തിലാണ് ജലീലിന്റെ മൊഴിയെടുക്കാനുള്ള തീരുമാനം.

തിരുവനന്തപുരത്തുനിന്ന് സർക്കാർസ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുർആൻ ആണെന്നാണ ജലീലിന്റെ വാദം നേരത്തെ കസ്റ്റംസ് തള്ളിയിരുന്നു. അതിനിടെ യുഎഇയിലേക്കും സൗദിയിലേക്കും വരെ ഖൂർആൻ കയറ്റുമതി ചെയ്യുന്നത് മലപ്പുറത്തെ തിരൂരങ്ങാടിയിൽ നിന്നാണെന്നുള്ളതും മന്ത്രിയുടെ വാദങ്ങൾ പൊളിക്കുന്നു. 1883 മുതൽ യുഎഇയിലേക്കും സൗദിയിലേക്കും വിശുദ്ധ ഗ്രന്ഥം അച്ചടിച്ച് കയറ്റുമതി ചെയ്യുന്നത് തിരൂരങ്ങാടിയിലെ പ്രസിൽ നിന്നാണ്. ഇതോടെ ഖൂർആനിലെ മന്ത്രിയുടെ അവകാശ വാദങ്ങളും പൊളിയുകയാണ്.

ഒരു മന്ത്രിക്ക് ചേരാത്ത വിധത്തിൽ എല്ലാ പ്രോട്ടോക്കോളും തെറ്റിച്ചാണ് മറ്റൊരു രാജ്യമായ യുഎഇയുമായി ജലീൽ ഇടപെട്ടത് എന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനു ബോധ്യം വന്നിട്ടുണ്ട്. മന്ത്രിമാർ നയതന്ത്ര കാര്യാലയ ചടങ്ങുകളിൽ പങ്കെടുക്കണമെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണം. സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോൾ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. കോൺസുലേറ്റുകൾക്കു സംസ്ഥാന സർക്കാർ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോൾ വിഭാഗത്തെ സമീപിക്കണം. ഇതെല്ലാം ജലീൽ കാറ്റിൽപ്പറത്തുകയാണ് ചെയ്തത്. ഇത് എന്തിനു വേണ്ടിയാണ് എന്ന അന്വേഷണമാണ് നടത്തുന്നത്.

യു.എ.ഇ. കോൺസുലേറ്റുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ ബന്ധം ചൂണ്ടിക്കാട്ടി കസ്റ്റംസ് കേന്ദ്രസർക്കാരിന് റിപ്പോർട്ട് അയച്ചിരുന്നു. ജലീൽ സ്വയം വെളിപ്പെടുത്തിയ കാര്യങ്ങളും ഉൾപ്പെടുത്തിയാണ് റിപ്പോർട്ട്. കൂടാതെ, ഇതുവരെ കോൺസുലേറ്റിൽ വന്ന പാഴ്സലുകളിൽ മതഗ്രന്ഥങ്ങൾ വന്നതായി രേഖകളില്ലെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പരാമർശമുണ്ട്. ഇതും ജലീലിന് വിനയാണ്. കോൺസുലേറ്റുമായുള്ള മന്ത്രിയുടെ ഇടപാടുകളും സഹായധനം സ്വീകരിച്ചതും നിയമലംഘനമാണെന്നും കേന്ദ്രത്തെ അറിയിച്ചു. ഇതും വിനയാണ്.

ജലീലിനെതിരെ വിദേശസഹായ നിയന്ത്രണ നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കൊച്ചിയിലെ കസ്റ്റംസ് പ്രീവന്റീവ് കമ്മിഷണറേറ്റ് കേന്ദ്ര സർക്കാരിന് നൽകിയ റിപ്പോർട്ടിൽ അവശ്യപ്പെട്ടിരുന്നത്. റിപ്പോർട്ട് ധനമന്ത്രാലയത്തിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജലീലിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് വിളിപ്പിക്കുന്നത്.