- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുതരി സ്വർണമില്ല; മഹറായി ഖുർആന്റെ കോപ്പി നൽകും; കെ.ടി ജലീലിന്റെ രണ്ടു മക്കളുടെ നിക്കാഹ് നടത്തുന്നത് ലളിതമായി; തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പ്രവൃത്തിയിലൂടെ മറുപടി നൽകി മുൻ മന്ത്രി
മലപ്പുറം: വിശുദ്ധ ഖുർആന്റെ മറവിൽ സ്വർണം കടത്തിയെന്ന ആരോപണം ഉയർന്നിരുന്ന മുൻ മന്ത്രി കെ.ടി.ജലീലിന്റെ രണ്ട് മക്കളുടെ നിക്കാഹ് നടത്തുന്നത് ഒരുതരി സ്വർണം ധരിക്കാതെ വിശുദ്ധ ഖുർആന്റെ കോപ്പി മഹറായി സമ്മാനിച്ച്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പ്രവൃത്തിയുടെ മറുപടി നൽകി മുന്മന്ത്രിയും നിലവിലെ തവനൂർ എംഎൽഎയുമായ കെ.ടി. ജലീൽ.
ജലീലിന്റെ മകനും മകളുമാണ് വിവാഹിതരാകുന്നത്. മുസ്ലിംമതാചാര പ്രകാരമുള്ള നിക്കാഹ് മാത്രമാണ് ഇപ്പോൾ നടക്കുക. ഇവരുടെ പഠനം കഴിഞ്ഞ ശേഷമാകും കല്യാണ ചടങ്ങുകൾ.മകൻ അഡ്വ: കെ.ടി മുഹമ്മദ് ഫാറൂഖിന്റേയും മകൾ കെ.ടി സുമയ്യ ബീഗത്തിന്റേയും നിക്കാഹാണ് റമദാൻ കഴിഞ്ഞാൽ ഉടൻ നടക്കുക. മതാചരപ്രകാരമുള്ള മഹറായി ഖുർആൻ സമ്മാനിച്ചു പൂർണമായി ലളിതമായാണ് ചടങ്ങുകൾ നടക്കുക.
മൂത്ത മകൾ അസ്മ ബീവിയുടെ വിവാഹവും നേരത്തെ സമാനമായ രീതിയിലാണ് നടത്തിയിരുന്നത്.
മകൻ അഡ്വ: കെ.ടി മുഹമ്മദ് ഫാറൂഖ്. തിരൂർ കോടതിയിൽ പ്രാക്ടീസ് ചെയ്തുവരികയാണ്. വധു ശുഅയ്ബ. പന്നിത്തടം സ്വദേശിനി.യും എൽ.എസ്.ബി മൂന്നാം വർഷ വിദ്യാർത്ഥിനിയുമാണ്. മകൾ കെ.ടി സുമയ്യ ബീഗം, പോർട്ട് ബ്ലെയർ ഗവ: മെഡിക്കൽ കോളേജിൽ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ്. വരൻ ഡോ: മുഹമ്മദ് ഷരീഫ്, രണ്ടത്താണി സ്വദേശിയാണ്.
മകൻ ഖൂർആനാണ് മഹറായി നൽകുന്നതെന്ന കണ്ടപ്പോഴാണ് മരുമകനും ഇതെ രീതിയിൽതന്നെ ഖുർആൻ മഹറായി നൽകാൻ തെയ്യാറാവുകയായിരുന്നുവെന്നാണ് വിവരം. കെ.ടി.ജലീലിന്റെ മൂന്നുമക്കളിലെ മൂത്തവളും നിലവിൽ വിവാഹിതയുമായ അസ്മ ബീവി നിലവിൽ യു.എസ്.എ യിൽ ഇന്റൽ റിസർച്ച് സൈന്റിസ്റ്റായാണ് ജോലിചെയ്യുന്നത്. ഭർത്താവ് അനീഷ് എലിക്കോട്ടിൽ ആപ്പിൾ ൽ സീനിയർ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്.
മക്കൾ വിൽപ്പനച്ചരുക്കകളല്ലെന്നും നമ്മുടെ കരളിന്റെ കഷ്ണങ്ങളാണെന്നും ചൂണ്ടക്കാട്ടി നേരത്തെ കെ ടി ജലീൽ ഫേസ്‌ബുക്ക് പേജിലിട്ട പോസ്റ്റും വൈറലായിരുന്നു. . രക്ഷിതാക്കൾ പെൺമക്കൾക്ക് വരന്മാരെ തേടുമ്പോൾ മനുഷ്യത്വമുള്ള സൽസ്വഭാവികളെയാണ് അന്വേഷിക്കേണ്ടതെന്നും പണത്തിന്റെയും പ്രതാപത്തിന്റെയും സ്വത്തുവഹകളുടെയും പിന്നാലെപ്പോയി കുട്ടികളുടെ ഭാവി നശിപ്പിക്കരുതെന്നുമാണ് ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നത്.
അതേ സമയം വിശുദ്ധ ഖുർആന്റെ മറവിൽ ഈയുള്ളവൻ സ്വർണം കള്ളക്കടത്തു നടത്തി എന്നും ഖുർആനല്ല കിട്ടിയ സ്വർണ്ണമാണ് തിരിച്ച് കൊടുക്കേണ്ടതെന്നും നിയമസഭയിൽ യാതൊരു അടിസ്ഥാനവുമില്ലാതെ എന്റെ പഴയ സുഹൃത്ത് പ്രസംഗിച്ചത് കേട്ടപ്പോൾ വല്ലാതെ മനസ്സ് വേദനിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കെ.ടി. ജലീൽ ഫേസ്‌ബുക്കിൽപോസ്റ്റിട്ടിരുന്നു. സ്വർണ്ണക്കടത്ത് വിവാദത്തെ തുടർന്ന് ഇ.ഡി, കസ്റ്റംസ്, എൻ.ഐ.എ എന്നീ മൂന്ന് അന്വേഷണ ഏജൻസികളാണ് എനിക്ക് ചുറ്റും പത്മവ്യൂഹം തീർത്തത്. ഒരു നയാപൈസ പിഴ ചുമത്താനോ ഒരു രൂപ എന്നിൽ നിന്ന് കണ്ടുകെട്ടാനോ അവർക്ക് സാധിച്ചില്ല. ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ ഏറെ അഭിമാനിച്ച നാളുകളായിരുന്നു അത്.
വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് പരിശുദ്ധ റംസാൻ. നോമ്പിന്റെ ആദ്യ പത്തിൽ തന്നെ രണ്ട് വർഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവർക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നമേവ കരുതിയില്ല. 'നിങ്ങളുടെ നാവിനെ നിങ്ങൾ സൂക്ഷിക്കുക' എന്ന പ്രവാചക വചനം എത്ര അന്വർത്ഥമാണ്. ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു.
(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്