- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിൽ നമ്പ്യാരെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ! ജലീലിനേയും ബിനീഷിനേയും കുടുക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ പ്രതികാരവും! സ്വർണ്ണ കടത്തിലെ അന്വേഷണം ശരിയായ ദിശയിലെന്ന് നിരന്തരം പറഞ്ഞ മുഖ്യമന്ത്രി പിണറായിയും ഇനി വാക്കുകൾ മാറ്റി പറയും; കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഉപകരണമാക്കി കേന്ദ്ര ഏജൻസികളെ മാറ്റുന്നത് മന്ത്രി പുത്രനും സംശയ നിഴലിലായപ്പോൾ; ജലീലിനെ സംരക്ഷിക്കാൻ ഏതറ്റം വരെ പോകാനും സിപിഎം; ഇനി നിർണ്ണായകം സിപിഐയുടെ നിലപാട്
തിരുവനന്തപുരം: സ്വർണ്ണ കടത്ത് കേസിലെ അന്വേഷണം ഇനി സിപിഎമ്മിന് രാഷ്ട്രീയ പ്രേരിതമാകും. മന്ത്രി കെടി ജലീലിനേയും സിപിഎം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും മകനേയും ചോദ്യം ചെയ്തതോടെയാണ് ഇത്. ഇനി ഒരു മന്ത്രി പുത്രൻ കൂടി ഇഡിയുടേയും കേന്ദ്ര ഏജൻസികളുടേയും നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിൽ സിപിഎം രാഷ്ട്രീയം ആരോപിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും ജനം ടി വി കോഓർഡിനേറ്റിങ് എഡിറ്ററായ അനിൽ നമ്പ്യാരെ വെറുതെ വിട്ടതും ഇതിന്റെ ഭാഗമായി ചർച്ചയാക്കും.
സ്വർണക്കടത്തു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷ സംഘടനകൾ നടത്തുന്ന സമരം കത്തിപ്പടരുകയാണ്.. എന്നാൽ, രാജി ആവശ്യം രാഷ്ട്രീയ പ്രേരിതമെന്നു വിലയിരുത്തിയ സിപിഎം പൊളിറ്റ്ബ്യൂറോയും സംസ്ഥാന സെക്രട്ടേറിയറ്റും ഇതാദ്യമായി അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നിലപാടിലേക്കു മലക്കം മറിഞ്ഞു. വരും ദിവസങ്ങളിൽ എൻഐഎ, കസ്റ്റംസ്, ഇഡി എന്നീ ഏജൻസികൾ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നു സൂചന ലഭിച്ചതോടെയാണ് മാറ്റം. മന്ത്രി പുത്രനിലേക്ക് ചോദ്യം ചെയ്യൽ എത്തിയാൽ അത് രാഷ്ട്രീയ പൊട്ടിത്തെറിയായി മാറും. ഈ വിഷയങ്ങളിൽ സിപിഐ എടുക്കുന്ന നിലപാടും നിർണ്ണായകമായി മാറും.
ചോദ്യം ചെയ്ത വിവരം പുറത്തറിഞ്ഞ വെള്ളിയാഴ്ച രാത്രി ആരംഭിച്ച പ്രതിഷേധങ്ങൾ ഇന്നലെ തെരുവുയുദ്ധത്തിലേക്കു നീങ്ങുമ്പോഴും വീട്ടിൽ അയൽവാസിയായ കുഞ്ഞിന്റെ ചോറൂണു ചടങ്ങ് സംഘടിപ്പിച്ച മന്ത്രി ജലീൽ അതിന്റെ വിഡിയോ പഴ്സനൽ സ്റ്റാഫ് വഴി പ്രചരിപ്പിച്ച് താൻ അചഞ്ചലനാണെന്ന സന്ദേശം നൽകാനും ശ്രമിച്ചു. ജലീലിനെ പിന്തുണച്ചു മന്ത്രിമാരായ എം.എം. മണിയും കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ മൗനത്തിലാണ്. അതിനിടെയാണ് മന്ത്രു പുത്രനേയും സ്വപ്നാ സുരേഷിനേയും ബന്ധപ്പെടുത്തിയും ചർച്ചകളെത്തുന്നത്. മുഖ്യമന്ത്രിയുടെ വലം കൈയായ മന്ത്രിയുടെ മകനെതിരെയാണ് ആരോപണം. അതുകൊണ്ട് തന്നെ കേന്ദ്ര ഏജൻസികളുടേത് രാഷ്ട്രീയ പകപോക്കലെന്ന ആരോപണം ശക്തമാക്കും.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീലിന്റെ രാജിയാവശ്യപ്പെട്ടു പ്രതിപക്ഷ സംഘടനകൾ നടത്തിയ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ യുദ്ധ സമാനമായ സാഹചര്യം ഉണ്ടാക്കി. സമരക്കാരും പൊലീസുമായി പലവട്ടം ഏറ്റുമുട്ടി. ലാത്തിയും ജലപീരങ്കിയും കണ്ണീർ വാതകവും ഗ്രനേഡുമെല്ലാം മാറിമാറി പ്രയോഗിച്ചാണു പൊലീസ് സമരക്കാരെ നേരിട്ടത്. സംഘർഷത്തിൽ ഒട്ടേറെ പ്രവർത്തകർക്കു പരുക്കേറ്റു. കോവിഡ് പ്രോട്ടോക്കോൾ കാറ്റിൽ പറത്തിയായിരുന്നു പ്രതിഷേധങ്ങൾ.
ജലീലിന്റെ രാജി ആവശ്യപ്പെട്ട് 9 മാർച്ചാണ് ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്നത്. യൂത്ത് കോൺഗ്രസ്, ബിജെപി, യുവമോർച്ച, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, മഹിളാ കോൺഗ്രസ്, എബിവിപി, ആർവൈഎഫ്, ലോക് ജനശക്തി പാർട്ടി, ബിഎസ്പി എന്നിവ നേതൃത്വം നൽകി. വെള്ളിയാഴ്ച രാത്രി യൂത്ത് കോൺഗ്രസ്, ബിജെപി നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംഘർഷത്തിലും ലാത്തിച്ചാർജിലും കലാശിച്ചിരുന്നു.
ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതു നിയമപരമായ നടപടി മാത്രമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പ്രതികരിച്ചു. കുറ്റക്കാരനെന്നു തെളിഞ്ഞാൽ നിയമപരമായി ശിക്ഷിക്കണം. പ്രതിപക്ഷത്തിന്റേത് നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള പ്രചാരണം മാത്രമാണെന്നും യച്ചൂരി പറഞ്ഞു. ഇതും സംസ്ഥാന നേതൃത്വത്തിന് ആശ്വാസമാണ്. ജലീലിനെ രാജിവയ്പ്പിക്കാതെ ആരോപണങ്ങളെ നേരിടാനാണ് സിപിഎം തീരുമാനം. ജലീലിനെ ചോദ്യം ചെയ്തതായി ഡൽഹിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി പരസ്യപ്പെടുത്തിയ നടപടി അസാധാരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തുകയും ചെയ്തു.
കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടികൾ ദുരൂഹമാണെന്നും സിപിഎം ആരോപിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ച ശേഷം അന്വേഷണ ഏജൻസികൾക്കെതിരെ സിപിഎം തിരിയുന്നത് ഇതാദ്യമാണ്. ജലീലിന്റെ രാജിക്കായുള്ള കോൺഗ്രസിന്റെയും ബിജെപിയുടെയും ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്നു സിപിഎം പറഞ്ഞു. ബിജെപിയുടെ ബി ടീം ആണ് കോൺഗ്രസെന്നു വീണ്ടും വ്യക്തമായി. ബിജെപിയുടെ രാഷ്ട്രീയ ആവശ്യത്തിന് ഇഡി ഉൾപ്പെടെ ഏജൻസികളെ കേന്ദ്രം ഉപയോഗിക്കുന്നുവെന്നു പ്രഖ്യാപിച്ച ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഭാഗം തന്നെയാണോ കേരളത്തിലേത്? രാജസ്ഥാൻ മന്ത്രി പ്രതാപ്സിങ് കചര്യവാസനെ ഓഗസ്റ്റിൽ 7 മണിക്കൂർ ചോദ്യം ചെയ്തതു മുല്ലപ്പള്ളിയും സംഘവും അറിഞ്ഞ മട്ടില്ല. മന്ത്രിമാരെയും എംഎൽഎമാരെയും ഇഡി അടക്കമുള്ള ഏജൻസികൾ വേട്ടയാടിയെന്നു പറഞ്ഞതു മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ടാണ്.
റോബർട്ട് വാധ്രയെ 12 പ്രാവശ്യമായി 70 മണിക്കൂറിലധികവും അഹമ്മദ് പട്ടേലിനെ നാലു തവണയായി 25 മണിക്കൂറിലധികവുമാണ് ഇഡി ചോദ്യം ചെയ്തത്. അപ്പോഴെല്ലാം ഇഡിയെ രാഷ്ട്രീയ ആയുധമെന്നു വിശേഷിപ്പിച്ച പാർട്ടിയുടെ കേരള ഘടകം ഇപ്പോൾ ബിജെപി തന്നെയായി മാറി-സിപിഎം പരിഹസിച്ചു.
മറുനാടന് മലയാളി ബ്യൂറോ