- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിൽ പോയ മന്ത്രി ജലീൽ പാക്കിസ്ഥാൻ ഗ്രൂപ്പിന്റെ പരിപാടിയിൽ പങ്കെടുത്തു; മോദി സർക്കാർ മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മരായി കാണുന്നതായും കുറ്റപ്പെടുത്തിയത് മന്ത്രി പദവിക്ക് ചേരാത്ത നടപടി; വടക്കേ അമേരിക്കയിലെ മലയാളി മുസ്ലിം കൂട്ടായ്മയായ 'നന്മ'യുടെ ധനസഹായം എങ്ങനെ ചെലവിട്ടുവെന്നതിലും സംശയങ്ങൾ; സ്വർണ്ണ കടത്തിൽ എൻഐഎ ചോദ്യം ചെയ്തതിന് പിന്നാലെ കൂടുതൽ ആരോപണങ്ങൾ; ജലീലിനെ വിടാതെ പിന്തുടരാൻ കേന്ദ്ര ഏജൻസികൾ
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ അമേരിക്കൻ സന്ദർശനവും സംശയത്തിൽ. കഴിഞ്ഞ ഒക്ടോബർ 10 മുതൽ 12 വരെ ന്യൂജഴ്സി എഡിസൺ ഹോട്ടലിൽ നടന്ന ഇന്ത്യാ പ്രസ്സ് ക്ളബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ വാർഷികത്തിൽ പങ്കെടുക്കാനാണ് മന്ത്രി എത്തിയത്. പ്രസ്സ് കൽബ്ബിന്റെ ആദ്യ ചർച്ചയിലും അവസാന സമ്മേളനത്തിലും മാത്രമാണ് പങ്കെടുത്തത്. ന്യൂയോർക്ക് ന്യൂജഴ്സി മേഖലയിലെ വിവിധ മോസ്കുകൾ നടത്തിയ വിവിധ പരിപാടികൾക്കാണ് പ്രധാന്യം കൊടുത്തത്. ഇതിനിടയിൽ ഒരു പാക്കിസ്ഥാൻ ഗ്രൂപ്പ് നടത്തിയ പരിപാടിയിലും ജലീൽ പങ്കെടുത്തതായി അന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചുവെന്ന് റിപ്പോർട്ട് ചെയ്യുന്നത് ആർ എസ് എസ് പത്രമായ ജന്മഭൂമിയാണ്.ു
പ്രസ്സ് ക്ളബ്ബിന്റെ അവസാന ദിന പരിപാടിയിൽ മുഖ്യ അതിഥി യായി പങ്കെടുത്ത ജലീലിന്റ പ്രസംഗം മുഗളന്മാർ മുതൽ ഇൻന്ത്യ ഭരിച്ച മുസ്ലിം ഭരണാധികാരികളുടെ മഹത്വം വിളമ്പുകയും അവർ ഹിന്ദുക്കളെ എത്രമാത്രം കരുതലോടെ പരിപാലിച്ചും പോയിരുന്നു എന്ന് വിവരിക്കലുമായിരുന്നു. മോദി സർക്കാർ മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മരായി കാണുന്നതായും കുറ്റപ്പെടുത്തി. വിദേശരാജ്യത്തെത്തി മന്ത്രി സ്ഥാനത്തെത്തി പൊതുചടങ്ങിൽ വർഗ്ഗിയത പറയുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നുവെന്നും പരിവാർ പത്രം എഴുതുന്നു. ജലീലിനെ എൻഐഎ ചോദ്യം ചെയ്യാൻ തുടങ്ങിയതിന് പിന്നാലെയാണ് ഈ വിവാദം പുറത്തു വരുന്നത്.
വടക്കേ അമേരിക്കയിലെ മലയാളി മുസ്ലിം കൂട്ടായ്മയായ 'നന്മ'യുടെ( നോർത്ത് അമേരിക്കൻ നാഷണൽ മുസ്ലിം അസോസിയോഷൻ) ഉന്നത വിദ്യാഭ്യസ പഠനത്തിനുള്ള സ്കോളർഷിപ്പിന്റെ പുതിയ പ്രോജക്ടിന്റെ ഉദ്ഘാടനവും പ്രസ്സ് ക്ളബ് കോൺഫറൻസിൽ വച്ച് കെ.ടി.ജലീൽ നിർവഹിച്ചിരുന്നു. കേരളത്തിന്റെ ഉന്നത വിദ്യഭ്യസ രംഗത്തുള്ള പ്രതിഭകളെ തിരഞ്ഞെടുത്ത് അവർക്കുള്ള സ്കോളർഷിപ് പദ്ധതി, ഉദ്യോഗാർഥികൾക്കുള്ള ട്രെയിനിങ് പദ്ധതിയും എന്നിവ ഉടൻ ആരംഭിക്കുമെന്നും പറഞ്ഞിരുന്നു
നന്മ എന്ന സംഘടന തുടങ്ങിയിട്ടു ഒന്നര വർഷമേ ആയിട്ടുള്ളു എങ്കിലും കേരളത്തിലെ പ്രളയത്തിൽ ദുരിതാനുഭവിച്ചവർക്ക് 45 വീടുകൾ പണിതു നൽകിയും പ്രളയ പ്രദേശത്തു സൗജന്യ സൂപ്പർമാർകറ്റ് തുറന്നും ദുരിതാനുഭവിച്ചവരെ സഹായിച്ചതായി അവകാശപ്പെട്ട സംഘടന 2 കോടിയുടെ സഹായം കേരളത്തിന് നൽകിയതായി പറഞ്ഞിരുന്നു. 20 ലക്ഷം രൂപ ചടങ്ങിൽ വെച്ച് മന്ത്രിക്ക് സംഘടന ചയർമാൻ അബ്ദുൾ സമദ് പൊന്നെരി, പ്രസിഡന്റ് യു. എ. നസീർ, സെക്രട്ടറി മെഹബൂബ് എന്നിവർ ചേർന്ന് കൈമാറി. ഇവർ ചലവഴിച്ചതും നൽകിയതുമായ പണം ഉപയോഗിച്ചതിനെക്കുറിച്ചും അന്വേഷണമുണ്ടെന്ന് ജന്മഭൂമി പറയുന്നു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎ മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യുന്നത് ഏറെ പ്രധാന്യത്തോടെയാണ് കേരളം ചർച്ചയായത്. പുലർച്ചെ ആറ് മണിയോടെ കൊച്ചി എൻഐഎ ഓഫീസിലെത്തിയ ജലീലിനെ ആറ് മണിക്കൂറിൽ കൂടുതലെടുത്താണ് അന്വേഷണ സംഘം ചോദ്യം ചെയ്യൽ പൂർത്തിയാക്കിയത്. സംസ്ഥാനത്തെ ഒരു മന്ത്രിയെ ചരിത്രത്തിലാദ്യമായാണ് എൻഐഎ പോലുള്ള ഒരു കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നത്. അതേസമയം ആരും വേവലാതിപ്പെടേണ്ട. പ്രതിപക്ഷ ആരോപണങ്ങളുടെ ആയുസ് അന്വേഷണം തീരും വരെ മാത്രമെന്ന് കെ.ടി. ജലീൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാവിലെ ചോദ്യം ചെയ്യലിനായി അതീവ രഹസ്യമായി എൻഐഎ ഓഫീസിലെത്താൻ കെ.ടി. ജലീൽ ശ്രമിച്ചിരുന്നു. മാധ്യമങ്ങളുടെ ശ്രദ്ധ പതിയാതിരിക്കുന്നതിനായിരുന്നു അത്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിൽ എൻഐഎ കൊച്ചി ഓഫീസിൽ അതീവ സുരക്ഷയിലാണ് ചോദ്യം ചെയ്യൽ നടത്തിയത്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം മന്ത്രിയെ മൊഴി വായിച്ച് കേൾപ്പിച്ച ശേഷം ഒപ്പിട്ടു വാങ്ങണമെന്നാണ് നടപടിക്രമം. അതിനിടെ എൻഐഎ ഓഫീസിന് മുമ്പിലായി ബിജെപിയുടേയും യൂത്ത് കോൺഗ്രസിന്റേയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പൊലീസ് ബാരിക്കേഡ് വെച്ച് ഇതിനെ തടയുകയായിരുന്നു.
എൻഐഎ ഓഫീസിന് മുന്നിൽ കനത്ത പൊലീസ് സന്നാഹം ഒരുക്കിക്കൊണ്ടാണ് എൻഐഎ സംഘം ജലീലിനെ ചോദ്യം ചെയ്തത്. ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പൊലീസ് വിന്യാസം. മതഗ്രന്ഥത്തിന്റെ മറവിൽ ഹവാല ഇടപാടുകളോ സ്വർണക്കടത്തുകളുമായോ ബന്ധമുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിച്ചത്. പുലർച്ചെ ആറ് മണിയോടെ മുൻ എംഎൽഎയും സിപിഎം നേതാവുമായ എ.എം. യൂസഫിന്റെ കാറിലാണ് മന്ത്രി ചോദ്യം ചെയ്യലിനായി എൻഐഎ ഓഫീസിലെത്തിയത്. ചോദ്യം ചെയ്യൽ നാല് മണിക്കൂർ പിന്നിട്ടു. യുഎഇ കോൺസുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്സലുമായി ബന്ധപ്പെട്ടായിരിക്കും പ്രധാനമായും ചോദ്യം ചെയ്യൽ.
മതഗ്രന്ഥങ്ങൾ കൈപ്പറ്റി വിതരണം ചെയ്യാൻ യുഎഇ കോൺസുൽ ജനറലാണ് മന്ത്രി കെ.ടി. ജലീലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കോൺസുൽ ജനറൽ അടക്കമുള്ളവർക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. മുമ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് പോലെയല്ല എൻഐഎ ചോദ്യം ചെയ്യുന്നത് പിണറായി സർക്കാരിനെ തന്നെ പരുങ്ങലിൽ ആക്കുന്നുണ്ട്. ഭീകരവാദ കേസുകൾ അന്വേഷിക്കുന്ന ഏജൻസിയാണ് മന്ത്രി ജലീലിനെ ചോദ്യം ചെയ്യുന്നത്. ഇനിയും നാണം കെടാതെ ജലീൽ രാജിവെക്കണം. രാജിവെച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി ജലീലിനെ പുറത്താക്കണം. എൻഐഎ തന്നെയെും ചോദ്യം ചെയ്യുമോയെന്ന് പിണറായിക്ക് പേടിയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ