മലപ്പുറം: നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ശേഷം ക്രൂരമർദ്ദനമേറ്റ് അബോധാവസ്ഥയിലായി പെരിന്തൽമണ്ണ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കേ പ്രവാസി മരിച്ച സംഭവത്തിൽ സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് സൂചന. ഗൾഫിൽനിന്ന് കടത്തിയ സ്വർണവുമായ ബന്ധപ്പെട്ട തർക്കംകൊലപാതകത്തിലെത്തിയെന്നുമാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരങ്ങൾ. ദേഹമാസകലം മൂർച്ചയേറിയ ആയുധം കൊണ്ട് വരഞ്ഞ മുറിവുകളോടെ അജ്ഞാതൻ ആശുപത്രിയിലെത്തിച്ച പാലക്കാട് അഗളി സ്വദേശി വാക്കിയാതൊടി വീട്ടിൽ അബ്ദുൾ ജലീൽ(42) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

മെയ്‌ 15ന് രാവിലെ 9.45ന് ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ജലീലിനെ വ്യാഴാഴ്ച രാവിലെ ഏഴിനാണ് ഒരാൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അബോധാവസ്ഥയിലായിരുന്ന ജലീലിന്റെ ദേഹമാസകലം മുറിവുകളും ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രി അധികൃതരുട മൊഴിയിൽ അന്വേഷണത്തിന് ഇറങ്ങിയ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പക്ഷേ ആരേയും അറസ്റ്റു ചെയ്യനായതുമില്ല.

മേലാറ്റൂർ ആക്കപ്പറമ്പിലെ വഴിയരികിൽ പരിക്കേറ്റ് കിടക്കുകയായിരുന്നു ജലീലെന്നാണ് എത്തിച്ചയാൾ പറഞ്ഞത്. പിന്നീട് ഇയാൾ മുങ്ങി. മേലാറ്റൂർ ആക്കപ്പറമ്പ് സ്വദേശി യഹിയയാണ് സ്വിഫ്റ്റ് കാറിൽ ജലീലിനെ ആശുപത്രിയിലെത്തിച്ചതെന്ന് അന്വേഷണത്തിനിടെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് വ്യക്തമായി. ഒളിവിൽ പോയ യഹിയയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. യഹിയയുമായി ബന്ധമുള്ള മൂന്നുപേരെ പെരിന്തൽമണ്ണ പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു.

നാട്ടിലെത്തുന്ന തന്നെ കൂട്ടിക്കൊണ്ടുപോവാൻ വീട്ടുകാരോട് പെരിന്തൽമണ്ണയിലെത്തണമെന്നും അതുവരെ സുഹൃത്തുക്കൾക്കൊപ്പം വരാമെന്നും ജലീൽ വീട്ടിലേക്ക് ഇന്റർനെറ്റ് കോളിലൂടെ അറിയിച്ചിരുന്നതായി ബന്ധുവായ അലി അക്‌ബർ പറഞ്ഞു. ഭാര്യയും മാതാവും മണ്ണാർക്കാടെത്തിയപ്പോൾ ജലീൽ ഭാര്യയെ വിളിച്ച് പെരിന്തൽമണ്ണയിലെത്താൻ വൈകുമെന്നും തിരിച്ചുപോവണമെന്നും നിർദ്ദേശിച്ചു.

16ന് ഉച്ചയായിട്ടും ജലീൽ വീട്ടിലെത്താതായതോടെ വീട്ടുകാർ അഗളി പൊലീസിൽ പരാതി നൽകി. രാത്രി ജലീൽ ഭാര്യയെ വിളിച്ച് 17ന് വീട്ടിലെത്തുമെന്നറിയിച്ചു. പൊലീസിൽ പരാതിപ്പെട്ടത് അറിയിച്ചപ്പോൾ പിൻവലിക്കാനാവശ്യപ്പെട്ടു. 17നും ജലീൽ വീട്ടിലെത്തിയില്ല. 18ന് ജലീൽ ആശുപത്രിയിലാണെന്നറിയിച്ച് ഭാര്യയുടെ മൊബൈലിലേക്ക് അറിയാത്ത ഫോൺനമ്പറിൽ നിന്നും കോൾ വന്നു.

പത്തുവർഷമായി ജിദ്ദയിൽ ഹൗസ് ഡ്രൈവറായിരുന്നു ജലീൽ. രണ്ടുവർഷം കൂടുമ്പോൾ നാട്ടിലെത്താറുണ്ടായിരുന്നു. ജലീലിന്റെ മൃതദേഹം ഇന്നലെ രാത്രി എട്ടോടെ വീട്ടിലെത്തിച്ച ശേഷം അഗളി ജുമാമസ്ജിദിൽ കബറടക്കി. പിതാവ് പരേതനായ മുഹമ്മദ്. മാതാവ്: ആസിയ, ഭാര്യ :മുബഷിറ. മക്കൾ: അൻസിൽ, അൻഷിദ്, അൻഷിഫ്

ജലീലിനെ ആശുപത്രിയിലെത്തിച്ച ശേഷം അജ്ഞാതൻ വീട്ടിലേക്ക് വിളിച്ച നമ്പറും ജലീൽ വിമാനത്താവളത്തിൽ നിന്ന് ഭാര്യയുടെ ഫോണിലേക്ക് വിളിച്ചിരുന്ന നമ്പറും ഒന്നായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. യഹിയ ഉൾപ്പെട്ട സ്വർണക്കടത്ത് കേസുകളൊന്നും ഇതുവരെ രജിസ്റ്റർ ചെയ്തതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിക്കുകയാണെന്നും അന്വേഷണച്ചുമതലയുള്ള പെരിന്തൽമണ്ണ ഡിവൈ.എസ്‌പി സന്തോഷ് കുമാർ പറഞ്ഞു.