തിരുവനന്തപുരം: കെടി ജലീലും സിപിഎമ്മും തമ്മിൽ ഇനിയുണ്ടാവുക കണ്ടാൽ മിണ്ടുന്ന ബന്ധം മാത്രം. എൻഫോഴ്‌സുമെന്റ് ഡയറക്ടറുമായി ആരും സഹകരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും അത് അനുസരിക്കാതെ മുമ്പോട്ട് പോകുകയാണ് കെടി ജലീൽ. പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നൽകാൻ ഇഡിക്ക് മുന്നിലേക്ക് ജലീൽ വീണ്ടും എത്തുമ്പോൾ അത് കണ്ടു ഞെട്ടുന്നത് സിപിഎമ്മാണ്. കുഞ്ഞാലിക്കുട്ടിയെ തീർക്കാൻ ഏതറ്റം വരേയും പോകുമെന്നതാണ് ജലീലിന്റെ നിലപാട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ തുറന്ന ആക്രമണത്തിനു പിന്നാലെ മുൻ മന്ത്രി കെ.ടി. ജലീലിനെ സിപിഎമ്മും കൈവിട്ടു. മലപ്പുറം എആർ നഗർ സഹകരണ ബാങ്ക് ക്രമക്കേടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം വേണമെന്ന ജലീലിന്റെ ആവശ്യത്തിന്മേൽ സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ അദ്ദേഹത്തോട് അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. ചന്ദ്രികാ കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവ് കൊടുക്കാൻ ഇഡിക്ക് മുന്നിൽ പോകുന്നതിനോടുള്ള അതൃപ്തിയാണ് സിപിഎം അറിയിച്ചത്. എന്നാൽ പോകുമെന്ന നിലപാട് ജലീൽ എടുത്തു. ഇതോടെയാണ് തന്റെ വിശ്വസ്തരുടെ പുസ്തകത്തിൽ നിന്നും ജലീലിനെ മുഖ്യമന്ത്രി വെട്ടുന്നത്.

മലപ്പുറത്തെ ലീഗ് കോട്ടകളിൽ നുഴഞ്ഞു കയറാൻ സിപിഎമ്മിനെ സഹായിച്ചത് ജലീലായിരുന്നു. ഐസ്‌ക്രീംപാർലറിൽ അടക്കം കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച ജലീൽ ഇടതുപക്ഷത്ത് സജീവമായി ലീഗിന് ബദലായ മുസ്ലിം രാഷ്ട്രീയം അവതരിപ്പിച്ചു. ഇത് വിജയിക്കുകയും ചെയ്തു. അപ്പോഴും കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തിൽ സിപിഎം മൃദുസമീപനം ആയിരുന്നു. ഇത് ജലീൽ അംഗീകരിക്കുന്നില്ല. ഇതാണ് ജലീലിനേയും സിപിഎമ്മിനേയും പതിയെ രണ്ടു വഴിയിലേക്ക് കൊണ്ടു പോകുന്നത്.

കഴിഞ്ഞ സർക്കാരിൽ പിണറായിയുടെ വലംകൈയായിരുന്നു ജലീൽ. നിർണ്ണായക വകുപ്പായ ഉന്നത വിദ്യാഭ്യാസ വകുപ്പു പോലും നൽകി. ബന്ധു നിയമന വിവാദത്തിൽ ജലീലിനെ പരമാവധി സംരക്ഷിച്ചു. ലോകായുക്താ വിധിയോടെയാണ് എല്ലാം മാറി മറിഞ്ഞത്. അടുത്ത സർക്കാരിലും ജലീൽ സ്ഥാനം പ്രതീക്ഷിച്ചു. എന്നാൽ ലോകായുക്ത കേസ് പരിഗണിച്ച് നൽകിയില്ല. ഇതോടെ ജലീൽ വിഷമത്തിലായി. കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം തുടരുമെന്നും പ്രഖ്യാപിച്ചു. ഇതിന് പുതിയ തലം നൽകുന്നതായി എആർ നഗർ അഴിമതി. അത് ജലീൽ നിരന്തരം ചർച്ചയാക്കി. ഇത് സിപിഎമ്മിന് പിടിച്ചില്ല.

കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡിയെ പിന്താങ്ങുന്ന സമീപനം പാർട്ടിക്കില്ലെന്നും സഹകരണ മേഖലയെ അവരുടെ അന്വേഷണത്തിനു വിട്ടു കൊടുക്കാൻ കഴിയില്ലെന്നും ജലീലിനോടു വിജയരാഘവൻ വ്യക്തമാക്കി. എന്നിട്ടും പിന്മാറുന്നില്ല ജലീൽ. തെളിവ് നൽകാൻ ഇഡിക്ക് അടുത്ത് എത്തും. കുഞ്ഞാലിക്കുട്ടിക്കെതിരെ കണക്ക് തീർക്കാനായി പാർട്ടിയുടെയും ഇടതുപക്ഷത്തിന്റെയും നിലപാട് മറന്ന് ജലീൽ നീങ്ങിയെന്ന നീരസത്തിലാണു മുഖ്യമന്ത്രിയും സിപിഎമ്മും.

വ്യക്തിവിരോധം തീർക്കാൻ സർക്കാരിനെ കിട്ടില്ലെന്നു വ്യക്തമാക്കി സഹകരണ മന്ത്രി വി.എൻ.വാസവനും ജലീലിനെ തള്ളി. എആർ ബാങ്കിൽ ക്രമക്കേടു നടന്നോയെന്ന് തീർത്തുപറയാനാവില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാടുകളെ മുസ്ലിം ലീഗ് സ്വാഗതം ചെയ്തു. ഇതോടെ പഴയ സിപിഎം-ലീഗ് അടവു നയത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചോ എന്ന ചോദ്യം ബിജെപി ഉയർത്തി. ഈ ചർച്ചകൾക്കിടെയാണ് ജലീൽ ഇഡിക്ക് മുന്നിലേക്ക് പോകുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ലീഗിനെ കൂടുതൽ ദുർബലമാക്കാനുള്ള രാഷ്ട്രീയശ്രമം തുടരുമെന്നു സിപിഎം കേന്ദ്രങ്ങൾ വ്യക്തമാക്കി. എന്നാൽ കുഞ്ഞാലിക്കുട്ടിയോട് ജലീലിനുള്ള കുടിപ്പക പാർട്ടിക്കില്ലെന്ന് സിപിഎം പറയുന്നു. പ്രത്യേക മന്ത്രാലയം ആരംഭിച്ച് സഹകരണ മേഖലയിൽ കേന്ദ്രം പിടിമുറുക്കാൻ ഒരുങ്ങുമ്പോൾ ഇഡിയെ ആ മേഖലയിലേക്ക് സ്വാഗതം ചെയ്യാൻ കഴിയില്ലെന്ന സിപിഎം നിലപാട് ജലീലിന് വിനയാകുന്നത്. 'ചന്ദ്രിക' പത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കായി ഇഡിക്ക് ഇന്നു രേഖകൾ കൈമാറുന്ന അദ്ദേഹം തൽക്കാലം ആ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കും. എങ്കിലും ഇതൊന്നും മുഖ്യമന്ത്രിക്ക് പിടിച്ചിട്ടില്ല.

മുഖ്യമന്ത്രി പിതൃതുല്യനാണെന്നും ശാസിക്കാനും ഉപദേശിക്കാനും തിരുത്താനുമുള്ള അധികാരം അദ്ദേഹത്തിനുണ്ടെന്നും കെ.ടി. ജലീൽ പ്രതികരിച്ചിരുന്നു. ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽവൽക്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസംവരെ തുടരുമെന്ന് ജലീൽ ഫേസ്‌ബുക്കിൽ കുറിക്കുകയും ചെയ്തു. ഫലത്തിൽ ഇത് മുഖ്യമന്ത്രിയെ തള്ളിപ്പറയലാണഅ.

എആർ നഗർ ക്രമക്കേടിൽ താൻ ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും സിപിഎം വിശദീകരണം ചോദിച്ചാൽ നൽകുമെന്നും അദ്ദേഹം പിന്നീടു വ്യക്തമാക്കി. 'ചന്ദ്രിക'യുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഇന്ന് വൈകിട്ട് ഇഡിക്ക് 7 തെളിവുകൾ കൈമാറുമെന്നും പറഞ്ഞു.