മലപ്പുറം: തന്റെ പേരിൽ വ്യാജ പ്രചാരണങ്ങൾ നടത്തുന്ന ഫേസ്‌ബുക്ക് ഐഡികളെക്കുറിച്ച് മുന്നറിയിപ്പുമായി കെ ടി ജലീൽ എംഎൽഎ. തന്റെ പേര് എഡിറ്റുചെയ്ത് ചേർത്ത് ഫേസ്‌ബുക്ക് പോസ്റ്റുകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം പിതൃശൂന്യ പ്രവർത്തനങ്ങൾ കരുതിയിരിക്കുക എന്നും കെ ടി ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു. അത്തരമൊരു വ്യാജ പോസ്റ്റ് പങ്കുവച്ചായിരുന്നു മുന്നറിയിപ്പ്.

മമ്മൂട്ടിക്ക് ജന്മാദിനാശംസ നേരുന്നത് മുതൽ എആർ ബാങ്ക് തട്ടിപ്പിലെ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണമെന്ന നിലയിൽ അടക്കമുള്ള ഉള്ളടക്കങ്ങളാണ് ഈ വ്യാജ പോസ്റ്റുകളിലൂടെ പ്രചരിക്കപ്പെടുന്നത്. 'പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടത്തിൽ പ്രസ്ഥാനത്തിന്റെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിച്ചത് തെറ്റായിപ്പോയി' എന്നടക്കമാണ് ജലീലിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജപോസ്റ്റിലെ പരാമർശങ്ങൾ.

എആർ നഗർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തോട് അനുകൂല നിലപാടെടുക്കുന്ന ജലീലിനെ മുഖ്യമന്ത്രി പരസ്യമായി തള്ളിയതിന് പിന്നാലെയാണ് ഇത്തരം പ്രചാരണങ്ങൾ ആരംഭിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു എആർ നഗർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തെ പിന്തുണയ്ച്ച് രംഗത്ത് എത്തിയ മുൻ മന്ത്രി കെടി ജലീലിനെ മുഖ്യമന്ത്രി വിമർശിച്ചത്. കേരളത്തിലെ സഹകരണ മേഖല ഇഡിയൊന്നും കൈകാര്യം ചെയ്യേണ്ടതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെടി ജലീൽ ഇഡി ചോദ്യം ചെയ്തയാളാണ്, ആ ചോദ്യം ചെയ്യലോടു കൂടി ഇഡിയിൽ അദ്ദേഹത്തിന് കൂടുതൽ വിശ്വാസം വന്നതായാണ് തോന്നുന്നത്. അങ്ങനെ ചില പ്രതികരണങ്ങളാണ് കാണുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കെടി ജലീൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

അതേസമയം, കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടത്തിൽ തുടരുമെന്നാണ് കെടി ജലീലിന്റെ നിലപാട്. ചന്ദ്രികയുടെ കള്ളപ്പണം കേസിൽ തെളിവുകൾ നൽകാൻ നാളെ ഇഡിക്ക് മുൻപിൽ ഹാജരാകുന്ന കെ ടി ജലീൽ ഏഴു തെളിവുകളാണ് ഇഡിക്ക് കൈമാറാനിരിക്കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്.