കോഴിക്കോട്: ആട്ടിൻതോലണിഞ്ഞ ചെന്നായയാണ് ജമാഅത്തെ ഇസ്ലാമിയെന്നും, പോപ്പുലർ ഫ്രണ്ടിനെപ്പോലെ ആയുധം എടുക്കാതെ, അക്ഷരങ്ങളിലുടെയും പ്രസംഗങ്ങളിലുടെയും ജിഹാദികളെ ഉണ്ടാക്കുകയാണ് ഇവരുടെ രീതിയെന്നും ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ള സാമൂഹിക വിമർശകർ നേരത്തെ ചൂണ്ടിക്കാട്ടിയുണ്ട്. പോപ്പുലർഫ്രന്റിന്റെയും എസ്ഡിപിഐയുടെയും ഒക്കെ രീതികളിൽനിന്ന് വ്യത്യസ്തമായി, ആയുധം എടുക്കാതെയുള്ള ആശയ പ്രചാരണമാണ് ജമാഅത്തെ ഇസ്ലാമിയും അതിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ വെൽഫെയർ പാർട്ടിയും, യുവജന സംഘടനയായ സോളിഡാരിറ്റിയുമൊക്കെ ചെയ്യുന്നത്. പക്ഷേ അത് തീവ്രവാദത്തിനും മാനവികതക്കും വിരുദ്ധമായ ആശയങ്ങൾ ഒളിച്ച് കടത്താനുള്ള ഇന്റ്വലക്ച്ച്വൽ ജിഹാദ് ആണെന്നാണ് വിമർശകർ ഉയർത്തുന്ന ആരോപണം.

ഇത് ശരിവക്കുകയാണ് ഇപ്പോൾ ഉണ്ടായ ഒരു സെമിനാർ. ലോകം മുഴുവൻ ട്രാൻസ്ജെൻഡർ കമ്യൂണിറ്റിക്ക് ഒപ്പം നിൽക്കുമ്പോൾ അവരെ അപമാനിക്കുന്ന സമീപനമാണ് ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയിൽ നിന്ന് ഉണ്ടാവുന്നത്. ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ, ഡോ മുഹമ്മദ് നജീബിന്റെ ഒരു സൂം മീറ്റിങ്ങിന്റെ പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. 'എൽജിബിടിക്യൂ പ്ലസ്; പ്രകൃതിവിരുദ്ധ ലൈംഗികതയിലേക്കുള്ള വാതിൽ' എന്നാണ് വിഷയത്തിന് തലക്കെട്ട് ഇട്ടിരിക്കുന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിലും ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയിലും പ്രതിഷേധം ശക്തമാണ്.

ഈ അവസരത്തിൽ തന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ഐഡിയൽ പബ്ലിക്കേഷൻ ഹൗസ് പുറത്തിറക്കുന്ന മാധ്യമം ആഴ്ചപ്പതിപ്പിൽ ഒരു ട്രാസ്ജെൻഡർ വനിതയുടെ കവർസ്റ്റോറി വരുന്നത്. പി അഭിജിത്ത് സംവിധാനം ചെയ്ത അന്തരം എന്ന സിനിമയുടെ നായികയായി, സംസ്ഥാന പുരസ്‌ക്കാരം നേടിയ ട്രാൻസ്വുമൺ, തമിഴ്‌നാട് സ്വദേശിനിയായ നേഹയെ കുറിച്ചായിരുന്നു ആ കവർസ്റ്റോറി. ഇത് ചൂണ്ടിക്കാട്ടിയാണ് പലരും ജമാഅത്തെ ഇസ്ലാമിയുടെ ഒളിയജണ്ടകൾ ചൂണ്ടിക്കാട്ടുന്നത്. മാധ്യമത്തിലുടെ ഒരു വ്യാജമായ പുരോഗമന മുഖമാണ് ജമാഅത്ത് എടുത്ത് അണിയുന്നതെന്നാണ് വിമശനം.

എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ പി ടി മുഹമ്മദ് സാദിഖ് ഈ രണ്ടു പോസ്റ്ററുകളും ഷെയർ ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ ഇങ്ങനെ എഴുതുന്നു. 'നാടു മുഴുവൻ കത്തുന്നതിനിടെ ജമാഅത്തെ ഇസ്ലാമിയുടെ ഈ മനുഷ്യാവകാശ ലംഘനം കാണാതെ പോകരുത്. ഇക്കഴിഞ്ഞ ലക്കവും മാധ്യമം ആഴ്ചപ്പതിപ്പിന്റെ കവർ സ്റ്റോറി ട്രാൻസ്ജെൻഡർ ആണെന്ന പുരോഗമന വശവും കാണാതെ പോകരുത്.'

പ്രകൃതിവിരുദ്ധം എന്ന ആശയം തന്നെ തെറ്റ്

എന്നാൽ ജമാഅത്തെ ഇസ്ലാമി ഉയർത്തുന്ന വാദങ്ങൾ പൂർണ്ണമായും തെറ്റാണെന്നും പ്രകൃതിവിരുദ്ധ ലൈംഗികത എന്നത് തന്നെ ശാസ്ത്രപ്രചാരകരും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നു. സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ദീപൻ ജയദേവ് ഇങ്ങനെ കുറിക്കുന്നു. 'പ്രകൃതി വിരുദ്ധ' ലൈംഗികത എന്നൊന്ന് ഉണ്ടോ? പകരം 'സാമൂഹിക വിരുദ്ധ ലൈംഗികത' അല്ലെങ്കിൽ 'നിയമ വിരുദ്ധ ലൈംഗികത' എന്നൊക്കെ പറയുന്നത് അല്ലെ അഭികാമ്യം? പ്രകൃതിക്ക് എന്ത് വിരുദ്ധത, എന്ത് സ്വീകാര്യത!

സമൂഹത്തിൽ ജീവിക്കുമ്പോൾ നമ്മളാണ് നിയമങ്ങൾ നിഷ്‌കർഷിക്കുന്നത്. സമ്മതം ഇല്ലാതെ കടന്നു പിടിച്ചുള്ള ലൈംഗികബന്ധം, പ്രായപൂർത്തിയാകാത്ത വരെ പ്രലോഭിപ്പിച്ച് അല്ലെങ്കിൽ ഭീഷണിപ്പെടുത്തി ഉള്ള ലൈംഗിക ബന്ധം, മറ്റെന്തെങ്കിലും കാര്യങ്ങൾക്കിടയിൽ ഉള്ള ഉഭയകക്ഷി സമ്മതമില്ലാതെയുള്ള ഉള്ള ലൈംഗികചൂഷണം തുടങ്ങിയവ ഒക്കെ പ്രകൃതിവിരുദ്ധം അല്ല മറിച്ച് നമ്മൾ ഉണ്ടാക്കിയ നിയമങ്ങൾക്ക് വിരുദ്ധമാണ്. ഈ സമൂഹത്തിൽ ജീവിക്കുമ്പോൾ ഇതൊക്കെ അംഗീകരിച്ചുകൊണ്ട് വേണം മുന്നോട്ടു പോകാൻ.

ഒറ്റപ്പെട്ട ഒരു ദ്വീപിൽ ജീവിക്കുന്നവരെ സംബന്ധിച്ചെടുത്തോളം അവരുടെ താൽപര്യമാണ് അവരുടെ നിയമം. അവിടെ വലിയൊരു സമൂഹം ഇല്ല നിയന്ത്രിക്കാൻ ആരുമില്ല, അവിടെ പ്രകൃതിനിയമം ഉണ്ടോ? ജീവിക്കുന്ന മനുഷ്യന്റെ താൽപര്യവും അനുകൂലവും പ്രതികൂലവുമായ അന്തരീക്ഷവും മാത്രമാണ് അവിടെ ഉണ്ടാവുക.

പലപ്പോഴും മദ്രസകളിൽ കുട്ടികളെ ഉസ്താദുമാർ പീഡനത്തിനിരയാക്കുന്ന വാർത്ത വരുമ്പോൾ അതിന്റെ ശീർഷകം 'പ്രകൃതിവിരുദ്ധ' ലൈംഗിക പീഡനം എന്ന പേരിലാണ് വരിക. അതിനേക്കാൾ വായനക്കാരിൽ ഗൗരവമായി അത് തറഞ്ഞു കയറാൻ സഹായിക്കുക'നിയമവിരുദ്ധമായ ' ഒന്ന് കൊച്ചു കുട്ടികൾ പഠിക്കുന്ന മദ്രസകളിൽ നടക്കുന്നു എന്ന് കാണുമ്പോഴാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ എന്നു പറഞ്ഞ് ചിലർ അതിനെ വെള്ളപൂശാൻ ശ്രമിക്കുന്നത് കാണാം. വളിപ്പൻ തമാശകൾ കൊണ്ട് വേറെ ചിലർ അതിനെ വഴിമാറ്റി തള്ളിവിടാൻ ശ്രമിക്കുന്നത് കാണാം.

എന്തുകൊണ്ട് മുസ്ലിം സമൂഹം ഇതിനെതിരെ പ്രതികരിക്കുന്നില്ല എന്ന് ചോദിച്ചാൽ, വരുന്ന വലിയൊരു മറുപടി ' ഞങ്ങളാരും അതിനെ അനുകൂലിച്ച് ഇല്ലല്ലോ ? ' എന്നാണ്. എത്ര എളുപ്പമല്ലേ?

അന്താരാഷ്ട്ര വിഷയങ്ങളിൽ അഭിപ്രായം പറയുന്ന രാഷ്ട്രീയ ബോധം ഉള്ള ജനതയാണ് കേരളത്തിലെ മുസ്ലീങ്ങൾ. ഫലസ്തീൻ വിഷയത്തിൽ ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെയും ഫ്രാൻസ് വിഷയത്തിൽ ഇമ്മാനുവൽ മാക്രോണിന് എതിരായും ഉത്തരേന്ത്യയിലെ വിഷയങ്ങളിൽ ഉപയോഗിക്കും മോദിക്കും എതിരായും ഒക്കെ കൃത്യമായ നിലപാടുകൾ പങ്കുവയ്ക്കുന്നവർക്ക് പക്ഷെ ഈ കാര്യത്തിൽ ഒരു പോസ്റ്റ് ഇടാൻ പോലും പറ്റാത്തത് എന്തുകൊണ്ടാണ്?

ഇതിൽ ഇരയാകുന്നത് അവരുടെ തന്നെ കുട്ടികളാണ് കൂടുതൽ. ആയിരം പീഡനങ്ങൾ നടക്കുമ്പോൾ അതിൽ ഒന്നു മാത്രമാണ് പുറത്തു വരിക. കുട്ടികൾ പറയാൻ മടിക്കും, പറഞ്ഞാൽ തന്നെ കുട്ടികളെ അവിശ്വസിക്കുന്ന രക്ഷിതാക്കൾ ആയിരുന്നു കഴിഞ്ഞ തലമുറ വരെ. എന്നാൽ ഇപ്പോഴത്തെ ജനറേഷൻ വ്യത്യാസമുണ്ട്. കുട്ടികൾ പറഞ്ഞാൽ കുറെയൊക്കെ കാര്യങ്ങൾ ഗൗരവത്തിൽ എടുക്കാൻ ഇപ്പോഴത്തെ തലമുറയ്ക്ക് സാധിക്കും. അന്ധമായ ഭയഭക്തി ബഹുമാനം ഒന്നും പുരോഹിതവർഗ്ഗത്തോടും മറ്റും ഇപ്പോഴുള്ള തലമുറ പുലർത്തി കാണാറില്ല. എന്നാൽ തങ്ങളുടെ സമൂഹത്തിന് പറ്റിയുള്ള ഒരു മോശം കാര്യം പുറത്ത് പറയാനുള്ള വിമുഖത ആവണം പലരും ഇത് തുറന്നുപറയാനും ചർച്ച ചെയ്യാനും മടിക്കുന്നത്.

അക്കാര്യത്തിൽ മടിയുള്ള പലർക്കും പക്ഷേ പച്ചയ്ക്ക് എൽജിബിടി വിരുദ്ധ പറയാൻ മടിയില്ല. ബിരുദാനന്തരബിരുദവും പിഎച്ച്ഡിയും ഒക്കെയുള്ള അദ്ധ്യാപന ജോലി ചെയ്യുന്നവർ പോലും അശാസ്ത്രീയതയുടെ വക്താക്കൾ ആയി മാറുന്നത് കഷ്ടമാണ്. അത്തരക്കാർ കുട്ടികളെ പഠിപ്പിച്ചാൽ എങ്ങനെയാണ് ഒരു തലമുറ വഴി തെറ്റി പോകാതിരിക്കുക?

എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലത മനസ്സിന് ഉണ്ടാകുന്നതാണോ അതോ എല്ലാവരെയും വെറുക്കാനും മാറ്റിനിർത്താനുള്ള സങ്കുചിത ചിന്ത മനസ്സിൽ കുത്തിവയ്ക്കുന്നത് ആണോ കാലോചിതം? നിർഭാഗ്യവശാൽ അത്തരക്കാർ ഇപ്പോഴും വിലസുകയാണ് നമുക്കിടയിൽ. യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത കാര്യങ്ങൾ തങ്ങളുടെ മനോധർമം പോലെ ആധികാരികം എന്നു തോന്നിക്കുന്ന വിധത്തിൽ സാമുദായിക ഗ്രൂപ്പുകളിലും ചില പ്രത്യേക പ്രിവിലെജുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രൂപ്പുകളിലും ഒക്കെ ഇക്കൂട്ടർ ഈയടുത്തകാലത്തായി ഒഴുക്കി വിടുന്നുണ്ട്.

സത്യം പറഞ്ഞാൽ ഇത്തരം ആശയങ്ങൾ പേറുന്നവരോട് തർക്കത്തിനും മറ്റും പോകാതിരിക്കുന്നതാണ് നല്ലത്. തർക്കിച്ചാൽ സമയവും ഊർജ്ജവും പാഴായി പോകും എന്നല്ലാതെ അവർക്കും നിങ്ങൾക്കും യാതൊരു ഗുണവും ഇല്ല. ഉഭയകക്ഷി സമ്മതപ്രകാരം പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ തമ്മിൽ ലൈംഗികബന്ധത്തിലേർപ്പെടുന്നതിനും വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയുന്നതിനും ഇന്ത്യയിൽ നിയമം അനുവദിക്കുന്നുണ്ട്. കുറച്ചു നാൾ മുമ്പ് 'പ്രബോധനം' എന്നൊരു ഇസ്ലാമിക പ്രസിദ്ധീകരണത്തിൽ ഒരു മതപണ്ഡിതൻ എഴുതിയത് 'സ്വവർഗ്ഗവിവാഹത്തിന് ഇന്ത്യയിൽ അനുവാദം നൽകി ' എന്നായിരുന്നു. സത്യത്തിൽ ഒരുമിച്ച് ജീവിക്കാൻ അനുവാദമുണ്ട് എന്നല്ലാതെ ഒരേ ലിംഗത്തിൽപ്പെട്ടവരുടെ വിവാഹത്തിന് ഇപ്പോഴും നിയമസാധുതയില്ല. ഭാവിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇന്ത്യ എന്തോ ഭീകരത ഏറ്റുവാങ്ങിയിരിക്കുന്നു എന്നപോലെയാണ് അദ്ദേഹത്തിന്റെ ഇതിനെ പറ്റിയുള്ള കുറിപ്പ് തുടരുന്നത്. മതങ്ങൾ അനുവദിക്കുന്നില്ല എന്ന് കരുതി ഇന്ത്യയിൽ അനുവാദമുള്ള കാര്യങ്ങളെ ഇക്കൂട്ടർ എതിർക്കുന്നത് ?

നിയമവിധേയമായ എൽജിബിടി ബന്ധങ്ങളെ 'പ്രകൃതി വിരുദ്ധം ' എന്ന് വിളിക്കുന്ന ഇക്കൂട്ടർ ഇന്ത്യൻ ജുഡീഷ്യറിയെ കൂടി പരസ്യമായി അപമാനിക്കുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങളെ കടന്നുപിടിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുന്നതും ക്രൂരവും നിയമവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമാണ്. അതിനെപ്പറ്റി ഒരു കുറിപ്പ് ഇക്കൂട്ടർക്ക് എഴുതാൻ കഴിയില്ല. ഒരു പക്ഷേ അതൊക്കെ മതത്തിനകത്ത് അനുവദനീയം ആയിരിക്കാം. അല്ലെങ്കിൽ അദ്ധ്യാപകർക്ക് അത്തരം പ്രിവിലേജ് കൾ ഇവർ കൊടുത്തതും ആയിരിക്കും.'- ഇങ്ങനെയാണ് ദീപൻ ജയദീപ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇതേതുടർന്ന് സോഷ്യൽ മീഡിയയിലും വലിയ ചർച്ച നടക്കയാണ്.