രാജ്യത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന സംവരണം അട്ടിമറിക്കാൻ നിരന്തരം നടത്തുന്ന ശ്രമങ്ങളിൽ നിന്നും ഇടതുപക്ഷം നേതൃത്വം നൽകുന്ന കേരള സർക്കാർ പിന്മാറണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കേരളത്തിൽ പുതുതായി രൂപം നൽകുന്ന കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസിൽ നിയമനം നടത്തുന്നതിലും സർക്കാർ സംവരണ തത്വങ്ങളെ അട്ടിമറിക്കുകയാണ് ചെയ്തിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥ മേഖലയിൽ നിലവിലുള്ള പ്രാതിനിധ്യം പോലും പട്ടികജാതി, പട്ടിക വർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് നഷ്ടപ്പെടാൻ കെ എ എസ് സ്പെഷൻ റൂൾ കാരണമാകും. ഭാവിയിൽ ഐ എ എസ് ലഭിക്കാനിടയുള്ള സംസ്ഥാന സർവീസിലെ ഏറ്റവും ഉയർന്ന തസ്തികകളാണ് കെ എ എസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അമ്പത് ശതമാനം സംവരണമെന്ന തത്വമാണ് ലംഘിക്കപ്പെടുന്നത്.

കെ എ എസിലേക്ക് മൂന്ന് ധാര(സ്ട്രീം)കളായി നിയമനം നടക്കുമ്പോൾ ആദ്യ ധാരയിൽ മാത്രമാണ് സംവരണ തത്വം പാലിക്കപ്പെടുന്നത്. മറ്റ് രണ്ട് ധാരകൾ വഴിയുള്ള നിയമനത്തിൽ സംവരണം ആവശ്യമില്ലെന്ന സർക്കാർ നിലപാട് സംവരണ വിഭാഗങ്ങളെ ഉന്നത തലങ്ങളിൽ നിന്നും മാറ്റി നിർത്തുന്നതിനുള്ള ആസൂത്രിത ശ്രമത്തിന്റെ ഫലമാണ്. 150 പേർക്ക് നിയമനം നൽകുമ്പോൾ 25 പേർക്ക് മാത്രമാണ് സംവരണാടിസ്ഥാനത്തിൽ നിയമനം ലഭിക്കുക.
രാജ്യത്ത് സംവരണം നടപ്പാക്കി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പിന്നാക്ക വിഭാഗങ്ങളുടെ അർഹമായ പങ്കാളിത്തം ഉറപ്പുവരുത്താനായിട്ടില്ല എന്ന വസ്തുത നിലനിൽക്കെയാണ് അതിന് ആക്കം കൂട്ടുന്ന തരത്തിലുള്ള സംസ്ഥാന സർക്കാർ നിലപാട്. സംവരണത്തെ തുടക്കം മുതലേ എതിർക്കുക്കയും പൗരന്മാരുടെ തുല്യതയെയും സമത്വത്തെയും നിരാകരിക്കുന്ന സംഘ്പരിവാറിനെ സഹായിക്കാനേ സർക്കാർ നിലപാട് ഉപകരിക്കൂ.

നോൺ ക്രീമിലെയർ പരിധി ഉയർത്താനും സന്നദ്ധമാവണം. സംവരണം യഥാവിധി നടപ്പിലാക്കുന്നതിനെതിരെയുള്ള സമ്മർദങ്ങളെ അതിജീവിക്കാൻ സർക്കാർ ആർജവം കാണിച്ചില്ലെങ്കിൽ സംവരണ സമുദായങ്ങളോയും സമാന മനസ്‌കരോടുമൊപ്പം പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അബ്ദുൽ അസീസ് പറഞ്ഞു.