ലണ്ടൻ: വേഗത്തിന്റെ രാജകുമാരൻ ഉസൈൻ ലിയോ ബോൾട്ട് അവസാനമായി സ്‌പൈക്കണിയുന്ന നാളാണിന്ന് .ജമൈക്കയിൽ നിന്നെത്തി, ലോകത്തിന്റെ ഹൃദയം കീഴടക്കിയ ബോൾട്ട് ഉൾപ്പെടുന്ന ജമൈക്കൻ പുരുഷ ടീം ലോക അത്‌ലറ്റിക് മീറ്റിലെ 4ഃ100 മീറ്റർ റിലേയുടെ ഫൈനലിലെത്തി.

രണ്ടാം ഹീറ്റ്‌സിലോടിയ ജമൈക്കൻ ടീം ഒന്നാം സ്ഥാനക്കാരായാണ് ഫൈനലിനു യോഗ്യത നേടിയത്. ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിലെ 12ാം സ്വർണം ലക്ഷ്യമിട്ടാണ് ബോൾട്ട് ഫൈനലിലിറങ്ങുക. ഒപ്പം, 100 മീറ്ററിൽ കൈവിട്ടുപോയ സ്വർണം റിലേയിൽ വീണ്ടെടുത്ത് കരിയർ അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട്. രാത്രി 2.20നാണ് ബോൾട്ടിന്റെ അവസാന മൽസരയോട്ടം.

രണ്ടു ഹീറ്റ്‌സിലുമായി മൂന്നാമത്തെ മികച്ച സമയം കുറിച്ചാണ് ജമൈക്കയുടെ ഫൈനൽ പ്രവേശം. 37.95 സെക്കൻഡിലാണ് ജമൈക്കൻ ടീം ഫൈനലിനു യോഗ്യത നേടിയത്. വാശിയേറിയ ഒന്നാം ഹീറ്റ്‌സിൽ ഗ്രേറ്റ് ബ്രിട്ടനെ രണ്ടാമതാക്കി 37.70 സെക്കൻഡിൽ ഓടിയെത്തിയ യുഎസ് ടീമിന്റേതാണ് ഹീറ്റ്‌സിലെ മികച്ച സമയം.

37.76 സെക്കൻഡോടെ രണ്ടാമതെത്തിയ ബ്രിട്ടനും ഫൈനലിനു യോഗ്യത നേടി. ഫ്രാൻസ് (38.03), ചൈന (38.20), ജപ്പാൻ (38.21), തുർക്കി (38.44), കാനഡ (38.48) എന്നീ ടീമുകളും ഫൈനലിനു യോഗ്യത നേടി.

ഫോമിലല്ലാത്ത യൊഹാൻ ബ്ലേക്കിനെ ഒഴിവാക്കിയ ജമൈക്ക മൈക്കൽ കാംപൽ, ജൂലിയൻ ഫോർട്ട്, തൈക്വെൻഡോ ട്രേസി എന്നിവരെയാണ് ബോൾട്ടിനൊപ്പം റിലേയിൽ അണിനിരത്തിയത്. അവസാന ലാപ്പിൽ ഉസൈൻ ബോൾട്ടന്റെ കൈകളിൽ ബാറ്റണെത്തുമ്പോൾ ഫ്രാൻസിനും ചൈനയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു ജമൈക്ക.

അവസാന ലാപ്പിൽ സ്വതസിദ്ധമായ ശൈലിയിൽ തകർത്തോടിയ ബോൾട്ട്, ടീമിനെ ഒന്നാം സ്ഥാനക്കാരാക്കി ഫൈനലിലെത്തിച്ചു.ഗാറ്റ്ലിനും കോൾമാനും ഒന്നിക്കുന്ന അമേരിക്കൻ താരനിരയാകും ജമൈക്കയ്ക്ക് വെല്ലുവിളി ഉയർത്തുക.