ടോക്യോ: ഒളിമ്പിക്സിൽ സ്പ്രിന്റ് ഡബ്ൾ നിലനിർത്തുന്ന ആദ്യ വനിത താരമായി ജമൈക്കൻ താരം എലെയ്ൻ തോംസൺ. ടോക്യോ ഒളിമ്പിക്സിൽ 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും എലെയ്ൻ സ്വർണം നേടി.

2016 റിയോ ഒളിമ്പിക്സിലും രണ്ടിനങ്ങളിലും ജമൈക്കൻ താരം സ്വർണം സ്വന്തമാക്കിയിരുന്നു. ഇതോടെ ഒളിമ്പിക്സ് ട്രാക്ക് ആൻഡ് ഫീൽഡ് വ്യക്തിഗത വിഭാഗത്തിൽ നാല് സ്വർണം നേടുന്ന ആദ്യ വനിതയായും തോംസൺ മാറി.

 

21.53 സെക്കന്റിലാണ് ജമൈക്കൻ താരം ഫിനിഷിങ് ലൈൻ തൊട്ടത്. നമീബിയയുടെ ക്രിസ്‌റ്റൈ്യൻ ബൊമ വെള്ളിയും (21.81 സെ) അമേരിക്കയുടെ ഗാബി തോമസ് വെങ്കലവും (21.87 സെ) നേടി.

ദേശീയ റെക്കോർഡോടു കൂടി എലെയ്ൻ സ്വർണം നേടിയത്. വെറോണിക്ക കാംബിൾ ബ്രൌൺ എന്ന ജമൈക്കൻ താരം 2004, 2008 ഒളിമ്പിക്‌സുകളിൽ നേട്ടം സ്വന്തമാക്കിയതിന് ശേഷം ആദ്യമായാണ് ഒരു താരം ഇരട്ട സ്വർണം നേടുന്നത്.

 

ഒളിമ്പിക്സിൽ 200 മീറ്ററിൽ വേഗതയേറിയ രണ്ടാമത്ത ഓട്ടമാണിത്. 1988 സിയോളിൽ സ്വർണം നേടിയ ഫ്ളോറെൻസ് ഗ്രിഫ്തിന്റെ പേരിലാണ് ഒളിമ്പിക് റെക്കോഡ് (21.34 സെക്കന്റ്).

വനിതകളുടെ 100 മീറ്റർ ഫൈനലിൽ 10.61 സെക്കൻഡിൽ ഫിനിഷ് ചെയ്തായിരുന്നു ഒളിംപിക് റെക്കോർഡോടെ എലെൻ സ്വർണം നേടിയത്. റിയോ ഒളിംപിക്‌സിലും എലെയ്‌നായിരുന്നു സ്വർണം.

1988ലെ ഒളിംപിക്‌സിൽ അമേരിക്കയുടെ ഫ്‌ളോറൻസ് ഗ്രിഫിത്ത് ജോയ്‌നർ സ്ഥാപിച്ച 33 വർഷം പഴക്കമുള്ള ഒളിംപിക് റെക്കോർഡാണ് ടോക്കിയോയിൽ എലെയ്‌നിന്റെ വേഗത്തിന് മുന്നിൽ തകർന്നത്. വനിതകളുടെ 100 മീറ്ററിൽ ആദ്യ മൂന്ന് മെഡലും ജമൈക്ക സ്വന്തമാക്കിയിരുന്നു.

ലോക ഒന്നാം നമ്പർ താരവും രണ്ട് തവണ ഒളിംപിക് ചാമ്പ്യനുമായിട്ടുള്ള ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ(10.74) വെള്ളിയും ഷെറീക്ക ജാക്‌സൺ(10.76) വെങ്കലവും നേടിയിരുന്നു. ഷെറീക്കയുടെ ഏറ്റവും മികച്ച സമയമാണിത്.