- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്നിക്കൊഴുപ്പ് അടങ്ങിയ വാക്സിൻ സ്വീകരിക്കുന്നതിൽ തങ്ങൾക്ക് കടുത്ത നിലപാടില്ല; മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ അനുവദനീയമല്ലാത്ത പദാർത്ഥങ്ങൾ ഉള്ള വാക്സിൻ ഉപയോഗിക്കാം; ഇസ്ലാമിക സംഘടനകളിൽ വ്യത്യസ്ത നിലപാടുമായി ജമാ അത്തെ ഇസ്ലാമി ഹിന്ദ്
ന്യൂഡൽഹി: പന്നിക്കൊഴുപ്പ് അടങ്ങിയ വാക്സിൻ ഒരു മുസ്ലിമിനും നൽകാൻ കഴിയില്ലെന്ന് മുംബൈയിൽ സുന്നി മുസ്ലിം പണ്ഡിതരുടെ യോഗത്തിൽ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. ഇസ്ലാമിക നിയമപ്രകാരം പന്നിയിറച്ചി കഴിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും അതിൽ അടങ്ങിയിരിക്കുന്ന എന്തും അനുവദനീയമല്ലെന്നും യോഗത്തിന് ശേഷം അവർ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിൽ തീവ്രവും മിതവുമായ നിലപാടുകൾ പല മുസ്ലിം സംഘടനകളും സ്വീകരിച്ചുവരുന്നുണ്ട്. ജമാ അത്തെ ഇസ്ലാമിയും(ഹിന്ദ്)തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചു. നിയമ പ്രകാരം അനുവദനീയമായ ചേരുവകൾ അടങ്ങിയ മറ്റേതെങ്കിലും വാക്സിൻ ലഭ്യമാവാത്ത സാഹചര്യത്തിൽ മനുഷ്യരുടെ ജീവൻ രക്ഷിക്കാനായി അനുവദനീയമല്ലാത്ത പദാർത്ഥങ്ങൾ ഉപയോഗിച്ച വാക്സിൻ ഉപയോഗിക്കാമെന്ന് ജമാ അത്തെ ഇസ് ലാമി ദേശീയ ഘടകം വ്യക്തമാക്കി.
'അനുവദനീയമല്ലാത്ത ഒരു പദാർത്ഥം അതിന്റെ സ്വഭാവസവിശേഷകൾ കൊണ്ട് തികച്ചും വ്യത്യസ്തമായ ഒന്നായി രൂപാന്തരപ്പെടുന്നുവെങ്കിൽ അത് ശുദ്ധവും അനുവദനീയമായുമായി കണക്കാക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ ഹറാമായ പന്നിയുടെ ശരീരത്തിൽ നിന്നെടുത്ത കൊഴുപ്പ് ഉപയോഗിക്കുന്നത് ഇസ്ലാമിക പണ്ഡിതന്മാരുടെ അഭിപ്രായ പ്രകാരം അനുവദനീയമാണ്,' ജമാ അത്തെ ഇസ്ലാമി ഹിന്ദ് ശരീ അത്ത് കൗൺസിൽ സെക്രട്ടറി ഡോ.റസി ഉൽ ഇസ്ലാം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒപ്പം ഇപ്പോൾ പുറത്തിറങ്ങിയ വാക്സിനുകളിൽ എന്ത് തരം പദാർത്ഥങ്ങളാണ് ഉപയോഗിച്ചതെന്നതിനെ പറ്റി കൃത്യമായ വിവരം ലഭ്യമല്ലെന്നും ഇത് ലഭിക്കുമ്പോൾ മറ്റു മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. നിലവിൽ വാക്സിനേഷന് അനുമതി ലഭിച്ചിരിക്കുന്ന ഫൈസർ-ബയോടെക്, മോഡേണ, ആസ്ട്രാ സെൻസ തുടങ്ങിയ വാക്സിനുകളിൽ പന്നിക്കൊഴുപ്പ് ഉൾപ്പെട്ടിട്ടില്ല എന്ന് ഈ കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പന്നിയിൽ നിന്നെടുക്കുന്ന കൊഴുപ്പ് വാക്സിൻ സുരക്ഷിതമായി സൂക്ഷിക്കാൻ വേണ്ടി സ്റ്റബിലൈസർ ആയി ഉപയോഗിക്കുന്നുണ്ട്.
രാജ്യത്ത് പന്നിക്കൊഴുപ്പ് ഉൾപ്പെട്ട വാക്സിൻ സ്വീകരിക്കില്ലെന്ന് ചില മതസംഘടനകൾ പറഞ്ഞതോടെയാണ് വിശദീകരണവുമായി ജമാ അത്തെ ഇസ്ലാമി ഹിന്ദ് രംഗത്തെത്തിയത്. അതേസമയം പന്നിക്കൊഴുപ്പ് ഉൾപ്പെട്ടതാണെങ്കിലും കോവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള വാക്്സിൻ മുസ്ലിംകൾക്ക് കുത്തിവെയ്ക്കാമെന്ന് നേരത്തെ യുഎഇ ഫത്വ കൗൺസിൽ വ്യക്തമാക്കിയിരുന്നു. മറ്റ് ബദൽ മാർഗങ്ങൾ ഇല്ലെങ്കിൽ പന്നിക്കൊഴുപ്പ് ഉൾപ്പെട്ട വാക്സിൻ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് യുഎഇ ഫത്വ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അബ്ദുള്ള ബിൻ ബയ്യ മത വിധിയിൽ വ്യക്തമാക്കി.
കൊറോണ വൈറസിൽ നിന്നും മനുഷ്യ ശരീരത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് പോർക്ക് കൊഴുപ്പ് കലർന്ന വാക്സിൻ. ഇസ്ലാമിൽ പോർക്കിനുള്ള ഹറാം അതിനേക്കാൾ മുഖ്യവിഷയമല്ല. സമൂഹത്തിനെയാകെ അപായത്തിലാക്കുന്ന അതിവേഗം പടരുന്ന പകർച്ചവ്യാധിയാണ് കോവിഡ്. അതിനെതിരെ വാക്സിനുകൾ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടെന്നും ഷെയ്ഖ് അബ്ദുള്ള ബിൻ ബയ്യ ചൂണ്ടിക്കാട്ടി. ചില വാക്സിനുകളിൽ പോർക്ക് ജെലാറ്റിനുണ്ടെന്ന വാർത്തകൾ പുറത്തുവന്നതോടെ വിശ്വാസികളിൽ ഒരു വിഭാഗം ആശങ്കയിലായിരുന്നു. ഇത് ചർച്ചകൾക്ക് വഴിവെച്ചിരിക്കെയാണ് എമിറേറ്റ്സിലെ പരമോന്നത ഇസ്ലാമിക് അഥോറിറ്റിയായ ഫത്വ കൗൺസിലിന്റെ വിശദീകരണമെത്തിയിരിക്കുന്നത്.
എന്നാൽ, പന്നിയിറച്ചി ജെലാറ്റിൻ അടങ്ങിയ വാക്സിൻ ഒരു മുസ്ലിമിനും നൽകാൻ കഴിയില്ലെന്ന് മുംബൈയിൽ നടന്ന സുന്നി മുസ്ലിം പണ്ഡിതരുടെ യോഗത്തിൽ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. 'പന്നിയുടെ ശരീരഭാഗങ്ങൾ അടങ്ങിയതാണ് ചൈനീസ് വാക്സിൻ എന്ന് റിപ്പോർട്ടുകൾ ഉണ്ട്. മുസ്ലിങ്ങൾക്ക് പന്നി ഹറാം ആണ്. പന്നിയുടെ ശരീരഭാഗങ്ങൾ അടങ്ങിയ വാക്സിൻ അനുവദിക്കാൻ കഴിയില്ല' യോഗത്തിനു ശേഷം തീരുമാനം അറിയിച്ചു കൊണ്ട് റാസ അക്കാദമി സെക്രട്ടറി ജനറൽ സയീദ് നൂറി പറഞ്ഞു.
'പന്നിയുടെ ഒരു രോമം കിണറ്റിൽ വീണാൽ ആ കിണറ്റിൽ നിന്നുള്ള വെള്ളം മുസ്ലിങ്ങൾക്ക് നിരോധിക്കപ്പെട്ടത് ആണ്. അതുകൊണ്ട് ഇസ്ലാമിക നിയമം അനുസരിച്ച് പന്നിയിറച്ചിയിൽ നിന്നുള്ള ജെലാറ്റിൻ ഉപയോഗിച്ചുള്ള വാക്സിൻ ഒരു രോഗത്തിന് എതിരെയുമുള്ള ചികിത്സയായും വർത്തിക്കില്ല' ഖാസി-ഇ-മുംബൈ ഹസ്രത്ത് മുഫ്തി മെഹ്മൂദ് അക്തറിന്റെ തീരുമാനം വായിച്ച് നൂറി പറഞ്ഞു. ഇന്ത്യയിൽ ഉണ്ടാക്കിയതോ ഉപയോഗിക്കാൻ ഉത്തരവിടുന്നതോ ആയ കോവിഡ് വാക്സിനിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ടെന്നുള്ളതിന്റെ ഒരു പട്ടിക സർക്കാർ മുസ്ലിം പണ്ഡിതർക്ക് നൽകണമെന്നും നൂറി പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ