- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വേദനയിലും തളരാത്ത പോരാട്ട വീര്യം; പൊട്ടി ചോരയൊലിക്കുന്ന കാൽമുട്ടുമായി ബൗൾ ചെയ്ത് ആൻഡേഴ്സൺ; ആദരവുമായി ഏഴുന്നേറ്റ് നിന്ന് കൈയടിച്ച് കാണികൾ
ലണ്ടൻ: പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സണിന്റെ മുഖമുദ്ര.പ്രായം നാൽപ്പതിനോടടുത്തെത്തിയിട്ടും അദ്ദേഹത്തിന്റെ പന്തുകളുടെ മൂർച്ച ഇന്നും തെല്ലും കുറഞ്ഞിട്ടില്ല. പേസും സ്വിങ്ങും നിറഞ്ഞ അദ്ദേഹത്തിന്റെ പന്തുകൾ ബാറ്റ്സ്മാന്മാർക്ക് ഇന്നും പേടിസ്വപ്നമാണ്. പുരോഗമിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റിൽ ഇത് പ്രകടവുമാണ്.
ഇപ്പോഴിതാ ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ താരത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു പ്രവൃത്തിക്ക് കൈയടിക്കുകയാണ് ക്രിക്കറ്റ് ലോകം. തെന്നിവീണ് കാൽമുട്ടിന് പരിക്കേറ്റിട്ടും ബൗളിങ് തുടർന്നാണ് ആൻഡേഴ്സൺ കൈയടി നേടിയത്. ചോരയൊലിക്കുന്ന മുട്ടുമായി ബൗൾ ചെയ്യുന്ന ആൻഡേഴ്സന്റെ ചിത്രം വൈറലാവുകയാണ്.
ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ദിനമായിരുന്നു സംഭവം. ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ 40-ാം ഓവർ എറിഞ്ഞത് ആൻഡേഴ്സനായിരുന്നു. എന്നാൽ പന്തെറിഞ്ഞ ശേഷമുള്ള ഫോളോ ത്രൂവിൽ താരം പിച്ചിൽ തെന്നിവീണു. കാൽമുട്ട് നിലത്തിടിച്ചാണ് താരം വീണത്. എന്നാൽ ക്യാപ്റ്റനെ വിളിച്ച് തന്നെ ബൗളിങ്ങിൽ നിന്ന് മാറ്റിനിർത്താൻ പറയാനോ മെഡിക്കൽ സംഘത്തെ വിളിച്ച് ചികിത്സ തേടാനോ നിൽക്കാതെ ആൻഡേഴ്സൻ അടുത്ത പന്തെറിയാനുള്ള തയ്യാറെടുപ്പിലായിരുന്നു.
Blood is Bleeding from knee of Anderson. pic.twitter.com/Hhv8xbF4US
- Johns. (@CricCrazyJohns) September 2, 2021
എന്നാൽ താരത്തിന്റെ ട്രാക്ക് പാന്റിൽ കാൽമുട്ട് പൊട്ടി ചോര പടർന്നിരുന്നു. എന്നാൽ അതൊന്നും വകവെയ്ക്കാതെ താരം ബൗളിങ് തുടരുകയായിരുന്നു. താരം ഇത് കാര്യമാക്കിയില്ലെങ്കിലും കാണികൾ ഇതേറ്റെടുത്തു. നിറഞ്ഞ കൈയടികളോടെയാണ് അവർ ആൻഡേഴ്സന്റെ ഈ പ്രവൃത്തി ഏറ്റെടുത്തത്.
സോഷ്യൽ മീഡിയയിലും നിരവധി പേരാണ് താരത്തിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ ഇതുവരെ ആൻഡേഴ്സൻ 14 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് അദ്ദേഹം.
സ്പോർട്സ് ഡെസ്ക്