- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ബ്രോഡിയുടെ പുതിയ ഹെയർ സ്‌റ്റൈൽ ഞാൻ ഇന്നാണ് കാണുന്നത്; പതിനഞ്ചു വയസ്സുള്ള ലെസ്‌ബിയനേപ്പോലെയുണ്ട്'; വിവാദം ഭയന്ന് സഹതാരത്തെക്കുറിച്ചുള്ള പഴയ ട്വീറ്റ് ഡിലീറ്റ് ചെയ്ത് ആൻഡേഴ്‌സൻ; വ്യക്തിപരമായി താൻ ഏറെ മാറിക്കഴിഞ്ഞെന്നും വിശദീകരണം

ലണ്ടൻ: യുവതാരം ഒലി റോബിൻസനുമായി ബന്ധപ്പെട്ട ട്വിറ്റർ വിവാദം കത്തുന്നതിനിടെ ഇംഗ്ലിഷ് ടീമിൽ തന്റെ സഹതാരമായ സ്റ്റുവാർട്ട് ബ്രോഡിന്റെ പുതിയ ഹെയർ സ്‌റ്റൈലിനെ പരിഹസിച്ചുള്ള പഴയ ട്വീറ്റ് ഡിലീറ്റ് ചെയ്ത് വെറ്ററൻ താരം ജയിംസ് ആൻഡേഴ്‌സൻ. ഇംഗ്ലിഷ് താരങ്ങളുടെ 'വഴിവിട്ട' ട്വീറ്റുകളെക്കുറിച്ച് ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അന്വേഷിക്കുന്നതിനിടെയാണ് ആൻഡേഴ്‌സൻ പഴയ ട്വീറ്റ് ഡിലീറ്റ് ചെയ്തത്.
റോബിൻസനെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് ഇസിബി വിലക്കിയതിനു പിന്നാലെ, ഇംഗ്ലിഷ് താരങ്ങളുടെ ഒട്ടേറെ പഴയകാല ട്വീറ്റുകൾ ആരാധകർ 'കുത്തിപ്പൊക്കിയിരുന്നു'. ഏകദിന ടീം നായകൻ ഒയിൻ മോർഗൻ, വൈസ് ക്യാപ്റ്റൻ ജോസ് ബട്‌ലർ എന്നിവരെല്ലാം ആരോപണ നിഴലിലുണ്ട്. ഇതിനിടെയാണ് വിവാദം ഭയന്ന് പഴയ ട്വീറ്റ് ആൻഡേഴ്‌സൻ ഡിലീറ്റ് ചെയ്തത്.
മുപ്പത്തിയെട്ടാം വയസ്സിലേക്കു കടക്കുന്ന ആൻഡേഴ്‌സൻ 2010ൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തൊരു കമന്റിന്റെ സ്‌ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇംഗ്ലിഷ് ടീമിൽ തന്റെ സഹതാരമായ സ്റ്റുവാർട്ട് ബ്രോഡിന്റെ പുതിയ ഹെയർ സ്‌റ്റൈലിനെ പരിഹസിച്ച് '15 വയസ്സുള്ള ലെസ്‌ബിയനേപ്പോലുണ്ട്' എന്ന് ആൻഡേഴ്‌സൻ കമന്റ് ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
'ബ്രോഡിയുടെ (സ്റ്റുവാർട്ട് ബ്രോഡ്) പുതിയ ഹെയർ സ്‌റ്റൈൽ ഞാൻ ഇന്നാണ് കാണുന്നത്. പതിനഞ്ചു വയസ്സുള്ള ലെസ്‌ബിയനേപ്പോലെയുണ്ട്' ഇതായിരുന്നു ആൻഡേഴ്‌സന്റെ ട്വീറ്റ്.
ട്വീറ്റ് ഡിലീറ്റ് ചെയ്ത കാര്യം സ്ഥിരീകരിച്ച ആൻഡേഴ്‌സൻ, താനൊരു മാറിയ മനുഷ്യനാണെന്ന് അവകാശപ്പെട്ടു. ഇത്തരം കാര്യങ്ങളിൽ കളിക്കാർക്ക് ബോധവൽക്കരണം അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'എന്റെ പേരിൽ വിവാദമായ ട്വീറ്റിന് 10 11 വർഷത്തെ പഴക്കമുണ്ട്. അതിനുശേഷം വ്യക്തിപരമായി ഞാൻ ഏറെ മാറിക്കഴിഞ്ഞു' ആൻഡേഴ്‌സൻ പറഞ്ഞു
'വർഷങ്ങൾക്കു മുൻപുള്ളതാണെങ്കിലും ഇത്തരം ട്വീറ്റുകളെക്കുറിച്ച് വിശദമായി പരിശോധിക്കണം. പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതു തിരുത്തി മുന്നോട്ടു പോകണം. ഇത്തരം പ്രയോഗങ്ങളും ഭാഷയും ഉപയോഗിക്കാതിരിക്കാനുള്ള ശ്രദ്ധയും അത്യാവശ്യമാണ്' ആൻഡേഴ്‌സൻ പറഞ്ഞു.
'ഇത് വളരെ പ്രതിസന്ധി നിറഞ്ഞ സമയമാണ്. ക്രിക്കറ്റ് താരങ്ങളെന്ന നിലയിൽ ഈ പിഴവുകളിൽനിന്ന് പഠിക്കാനാണ് ഞങ്ങളുടെ ശ്രമം. ഇത്തരം വിഷയങ്ങളിൽ കുറച്ചുകൂടി ബോധവൽക്കരണം വേണമെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഇസിബിയുമായും കളിക്കാരുടെ സംഘടനയുമായും ബന്ധപ്പെട്ട് അതിനു വേണ്ടത് ചെയ്യും' ആൻഡേഴ്‌സൻ പറഞ്ഞു.
ഇതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഇംഗ്ലിഷിലുള്ള അറിവില്ലായ്മയെ പരിഹസിച്ച ഇംഗ്ലിഷ് താരങ്ങളായ ജോസ് ബട്‌ലർ, ഒയിൻ മോർഗൻ എന്നിവരും ആരോപണ നിഴലിലുണ്ട്. 201718 കാലഘട്ടത്തിൽ തമാശരൂപേണ നടത്തിയ സംഭാഷണമാണ് ഇപ്പോൾ മോർഗനെയും ബട്‌ലറിനെയും തിരിച്ചടിക്കുന്നത്. റോബിൻസനെ ഇംഗ്ലിഷ് ബോർഡ് വിലക്കിയതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഇംഗ്ലിഷ് ഭാഷയെ കളിയാക്കി ഇവർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ത്യക്കാരുടെ ഇംഗ്ലിഷ് ഭാഷയെ കളിയാക്കിക്കൊണ്ടുള്ള ട്വീറ്റുകളിൽ ഇസിബി അന്വേഷണം നടത്തുന്നതായി ഒരു ഇംഗ്ലിഷ് മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.
നേരത്തെ, 201213 കാലത്ത് റോബിൻസൻ ട്വിറ്ററിലിട്ട വർണവെറിയുണ്ടാക്കുന്നതും ലിംഗനീതിക്കെതിരായതുമായ പോസ്റ്റുകളുടെ പേരിൽ താരത്തിനു രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിലക്കേർപ്പെടുത്താൻ ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു. ന്യൂസീലൻഡിനെതിരെ കഴിഞ്ഞ ദിവസം സമനിലയിൽ അവസാനിച്ച ആദ്യ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച റോബിൻസൻ 7 വിക്കറ്റുകൾ വീഴ്‌ത്തിയും ഒന്നാം ഇന്നിങ്‌സിൽ 42 റൺസടിച്ചും തിളങ്ങിയതിനു പിന്നാലെയാണു വിലക്കു വീണത്.


