- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എസ് എഫ് ഐയുടെ മൂൻ തീപ്പൊരി; പ്രണയത്തിലും വിവാഹത്തിലും മതേതരത്വം പാലിച്ച മാതൃക; നിയമസഭയിൽ തിളങ്ങിയ എംഎൽഎ; ആന്തൂരിലെ സാജന്റെ ആത്മഹത്യ മടുപ്പിച്ചു; കളങ്കിതനായ പി ശശി തിരിച്ചുവരുമ്പോൾ ജെയിംസ് മാത്യൂ സ്വയം ഒഴിവാകുന്നു; ജി സുധാകരനും പി ജയരാജനും പിന്നാലെ സിപിഎം ഗ്രൂപ്പിസത്തിൽ ഒരു ബലിയാട് കൂടി!
കണ്ണൂർ: തലമുറക്കൈമാറ്റം എന്നപേരിൽ സിപിഎമ്മിൽ നടപ്പായിക്കൊണ്ടിരിക്കുന്ന പുതിയ പ്രവണതകളുടെ ഭാഗമായി, പി ജയരാജനും, ജി സുധാകരനും പിന്നാലെ ഒരു തീപ്പൊരി നേതാവുകൂടി സിപിഎമ്മിന്റെ നേതൃനിരയിൽനിന്ന് ഒഴിവാകുന്നു. തളിപ്പറമ്പ് മുൻ എംഎൽഎയും, ഒരുകാലത്ത് എസ്എഫ്ഐയുടെ തീപ്പൊരി നേതാവുമായിരുന്ന, ജയിംസ്മാത്യവാണ് സ്വയം നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സിപിഎം സംസ്ഥാന കമ്മറ്റിയിൽനിന്ന് ഒഴിവായത്. ജില്ലാകമ്മറ്റി അംഗം എന്ന നിലയിൽ തന്റെ ചുമതലകൾ നിർവഹിക്കുമെന്നും, പാർട്ടിയുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്നും ജെയിസ് മാത്യു പറയുന്നുണ്ടെങ്കിലും, സിപിഎമ്മിലെ ഉൾപാർട്ടി പ്രശ്നങ്ങൾ തന്നെയാണ് ഈ നിലയിലേക്ക് കാര്യങ്ങൾ മാറ്റിയത് എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്.
രണ്ടുടേമായി കഴിഞ്ഞ പത്തുവർഷം തളിപ്പറമ്പ് എംഎൽഎ ആയിരുന്നു ജെയിംസ് മാതുവിന്, ഇത്തവണ സിപിഎം സീറ്റ് നൽകിയിരുന്നില്ല. സംസ്ഥാന വ്യാപകമായി കൊണ്ടുവന്ന രണ്ടുടേം നിബന്ധന അദ്ദേഹത്തിനും ബാധകമാക്കുകയായിരുന്നു. എന്നാൽ,
തളിപ്പറമ്പിൽ ജെയിംസ് മാത്യു വീണ്ടും മത്സരിക്കുമെന്നും മന്ത്രിയാകുമെന്നും കരുതിയവരാണ് കണ്ണൂരിലെ സിപിഎം പ്രവർത്തകരായ സാധാരണക്കാർ. ജനകീയനായ ഒരു എംഎൽഎ എന്ന നിലയിൽ അദ്ദേഹം മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. നിയമസഭയിൽ ജെയിംസ് മാത്യു നടത്തിയത് സമാനതകളില്ലാത്ത പ്രകടനമായിരുന്നു. ലൈഫ് മിഷനിൽ അടക്കം പ്രതിപക്ഷത്തെ കടന്നാക്രമിച്ചു. സ്വർണ്ണക്കടത്തിൽ ന്യായവാദങ്ങൾ ഉയർത്തി കൈയടി നേടി. പക്ഷേ അതൊന്നും സീറ്റ് നിർണ്ണയത്തിൽ പ്രതിഫലിച്ചില്ല. തളിപ്പറമ്പിലെ ലിസ്റ്റിൽ ജെയിംസ് മാത്യു പുറത്തായപ്പോൾ, ഒപ്പം പി ജയരാജനും നിയമസഭയിൽ സീറ്റ് കിട്ടിയില്ല. ഇത് എല്ലാം ചില ആസൂത്രിത നീക്കളുടെ ഭാഗമാണെന്ന് കരുതുന്നവർ ഉണ്ട്.
ആന്തൂരിലെ സാജന്റെ മരണം മനസ്സ് തകർത്തു
സിപിഎം സംസ്ഥാന കമ്മറ്റിയിലേക്ക് ഇനിയില്ല എന്ന് ജെയിംസ് മാത്യു കത്തു നൽകാനുണ്ടായ കാരണം, ആന്തൂർ വിഷയത്തിൽ ഏറ്റ മുറിവാണന്നൊണ് പറഞ്ഞുകേൾക്കുന്നത്. ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത കേസും വിവാദവും സിപിഎമ്മിന് വലിയ തലവേദനയായിരുന്നു. നഗരസഭ ചെയർപേഴ്സൺ പി.കെ.ശ്യാമളയായിരുന്നു ഈ സംഭവത്തിൽ പ്രതിസ്ഥാനത്തു വന്നത്. സിപിഎം സഹയാത്രികനായ സാജന്റെ സുഹൃത്ത് കൂടിയായിരുന്നു ജെയിംസ് മാത്യു. പ്രശ്നം പരിഹരിക്കാൻ പി ജയരാജനും ജെയിംസ് മാത്യുവും പരമാവധി ശ്രമിച്ചിരുന്നു. സാജന്റെ ആത്മഹത്യ വിവാദമായപ്പോഴും ഇവർ നിലപാടിൽ ഉറച്ചു നിന്നു. അപ്പോൾ പ്രതിസന്ധിയിലായത് എംവി ഗോവിന്ദന്റെ ഭാര്യ കൂടിയായ,നഗരസഭ ചെയർപേഴ്സൺ പി.കെ.ശ്യാമളയായിരുന്നു.
സാജന്റെ മരണത്തിന് ഉത്തരവാദി ശ്യാമള തന്നെയെന്ന് ഏരിയാ കമ്മറ്റിയിൽ നേതാക്കൾ ആഞ്ഞടിച്ചിരുന്നു. പാർട്ടിക്കാർ ആരോപണ ശരങ്ങൾ ഉയർത്തിയപ്പോൾ മറുപടിയില്ലാതെയായ ആന്തൂർ നഗരസഭാ അധ്യക്ഷ പൊട്ടിക്കരയുകയായിരുന്നു. എന്നിട്ടും സഖാക്കളുടെ രോഷം അടങ്ങിയില്ല. ആന്തൂരിലെ പാർട്ടിയിൽ ഗോവിന്ദനും ഭാര്യയും ഒറ്റപ്പെട്ടു. അന്ന് എംവി ഗോവിന്ദന്റെ അടുത്തയാളായ കെ ദാമോദരൻ പോലും ശ്യാമളയെ വിമർശിച്ചു. ശ്യാമളയ്ക്ക് എതിരെ പാർട്ടിയുടെ താഴെത്തട്ടിലും എതിർപ്പ് ഉയർന്നു. ഇതേ ആന്തൂർ നഗരസഭയിലാണ് ഉഡുപ്പക്കുന്നിൽ ഇ പി ജയരാജന്റെ മകന് പങ്കാളിത്തമുള്ള ആയുർവേദ റിസോർട്ടിൽ കുന്നിടിച്ച് നിർമ്മാണം നടന്നത്. ഇതും ഇതോടെ ചർച്ചയായി.
പക്ഷേ വൈകാതെ പാർട്ടി ഈ പ്രശ്നം പരിഹരിച്ചു. സാജന്റെ ഉടമസ്ഥതയിലുള്ള പാർത്ഥ കൺവെൻഷൻ സെന്ററിന് പ്രവർത്തന അനുമതി കൊടുത്താണ് പ്രശ്നം പരിഹരിച്ചത്. സാജന്റെ ആത്മഹത്യയിൽ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ ശ്യാമളക്കെതിരെ തെളിവും കിട്ടിയില്ല. അങ്ങനെ കേസ് എല്ലാം ആവിയായി. പക്ഷേ അപ്പോളും പാർട്ടിയിൽ വിഭാഗീയത മാറിയില്ല. ആന്തൂർ വിഷയത്തിൽ പാർട്ടിക്കെതിരെ നിന്നു എന്ന രീതിയിലാണ് പി ജയരാജനും ജെയിംസ് മാത്യുവിനും എതിരെ പ്രചാരണം ഉണ്ടായത്. തളിപ്പറമ്പ് നിയമസഭാ സീറ്റിൽ ജെയിംസ് മാത്യു മാറുമ്പോൾ പകരമെത്തുന്നത് എംവി ഗോവിന്ദനാണ്. അതുപോലെ പി ജയരാജനും സീറ്റ് കൊടുത്തില്ല എന്നതിൽനിന്നും കാര്യങ്ങൾ വ്യക്തമാണ്.
കണ്ണൂരിൽ പി ജയരാജൻ സെക്രട്ടറിയായപ്പോൾ മുതൽ എംവി ഗോവിന്ദൻ ഉടക്കിടുകയായിരുന്നെന്നാണ് പിന്നാമ്പുറ വർത്താമാനം. പിണറായി വിജയനേയും ജയരാജനേയും തെറ്റിച്ചതും എംവി ഗോവിന്ദന്റെ നീക്കങ്ങളായിരുന്നുവെന്നും ആരോപണമുണ്ട്. വ്യക്തിപൂജാ ആരോപണത്തിൽ ജയരാജനെ തളയ്ക്കാനും ശ്രമിച്ചു. എം വിഗോവിന്ദനും, എം വി ജയരാജനും ഒന്നിച്ചാണ് ഈ നീക്കങ്ങൾ നടത്തിയത്. ഇതിന്റെ എല്ലാം പേരിൽ മനസ്സുമടുത്താണ് തന്നെ സിപിഎം സംസ്ഥാന കമ്മറ്റിയിലേക്ക് പരിണഗിക്കരുതെന്ന് ജെയിംസ മാത്യു കത്തുകൊടുത്തത്.
പകരം വന്നത് പി ശശി
ജെയിംസ് മാത്യ സ്വയം ഒഴിവായതോടെ കണ്ണൂരിൽനിന്ന് അർഹതയുള്ള ഒരുപാട് പേർ സംസ്ഥാന കമ്മറ്റിയിലേക്ക് കടന്നുവരാനായി ഉണ്ടായിരുന്നു. എന്നാൽ സകലരെയും ഞെട്ടിച്ചുകൊണ്ട് ലൈംഗിക അപവാദക്കേസിൽ പാർട്ടി പുറത്താക്കിയ, മൂൻ ജില്ലാ സെക്രട്ടറി പി ശശി കയറിവരുന്ന കാഴ്ചയാണ് ഏവരും കണ്ടത്. ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയോട് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു എന്ന പരാതിയിൽ പുറത്താക്കപ്പെട്ട ശശി ശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് കൊച്ചി സമ്മേളനം കണ്ടത്.
ശശി സംസ്ഥാന സമ്മേളന പ്രതിനിധിപോലും അല്ലായിരുന്നു. കണ്ണൂർ ജില്ലയിൽ നിന്നുള്ള പ്രതിനിധി ലിസ്റ്റിൽ പി ശശി ഉണ്ടായിരുന്നില്ല. അച്ചടക്ക നടപടിക്കുശേഷം ഇപ്പോൾ ജില്ലാകമ്മറ്റിയിൽ വന്ന ഇയാളെ കണ്ണൂർ ജില്ലാ കമ്മിറ്റി പരിഗണിച്ചിരുന്നില്ല എന്നാണ് വാസതവം. എന്നാൽ സിപിഎമ്മിന്റെ ഭരണഘടന പ്രകാരം സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിലും ഒരാൾക്ക് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാം. അതിന് സമ്മേളനത്തിൽ പങ്കെടുത്ത ആരെങ്കിലും പേര് നിർദ്ദേശിക്കുകയും രണ്ടുപേർ പിന്തുണക്കുകയും വേണം. അല്ലെങ്കിൽ സ്ഥാനമൊഴിയുന്ന കമ്മിറ്റി വെക്കുന്ന ലിസ്റ്റിൽ ശശിയുടെ പേര് വരണം. ഇവിടെ സംഭവിച്ചത് രണ്ടാമത്തേതാണ്. കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച ലിസ്റ്റിൽ ശശിയുടെ പേര് ഉണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പമാണ്, പി ശശിക്ക് തുണയായത്. മികച്ച അഭിഭാഷകൻ എന്ന നിലയിലുള്ള ശശിയുടെ സേവനം പാർട്ടിക്ക് ഉപയോഗിക്കാൻ കഴിയുമെന്നാണ് കോടിയേരിയും കരുതുന്നത്. കണ്ണൂരിൽനിന്നുതന്നെ സംസ്ഥാന കമ്മറ്റിയിൽ എത്തുമെന്ന് കരുതിയിരുന്നു മികച്ച നേതാക്കളെ തഴഞ്ഞാണ് ശശിയെ ഉൾപ്പെടുത്തിയത്. വനിതാ നേതാവും ജെയിംസ് മാത്യവിന്റെ ഭാര്യയുമായ എൻ. സുകന്യ, തലശ്ശേരി എംഎൽഎ ഷംസീർ. മുൻ ജില്ലാ പഞ്ചായത്ത് ചെയർപേഴ്‌സൺ എം.വി സരള ജില്ലാപഞ്ചായത്ത് പ്രസിഡന്റ പി.പി ദിവ്യയെയും പരിഗണിക്കണമെന്നായിരുന്നു കണ്ണൂർ ജില്ലാനേതൃത്വത്തിന്റെ നിലപാട്. എന്നാൽ ഇതൊന്നം അംഗീകരിക്കപ്പെട്ടില്ല.
അതുപോലെ തന്നെ പി ശശിക്കെതിരെ പരാതി നൽകിയ സികെപി പത്മനാഭൻ എന്ന മുൻ സംസ്ഥാന സമിതി നേതാവ് തരംതാഴ്‌ത്തപ്പെട്ട് ഇപ്പോഴും ഏരിയാ കമ്മറ്റിയിലാണ്. ഡിവൈഎഫ്ഐയുടെ എക്കാലത്തെയും മികച്ച സംസ്ഥാന നേതാവായിരുന്നു സികെപിയെ തരംതാഴ്‌ത്തിയത് പി ശശിക്കെതിരായ വാർത്ത മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തു എന്നതിന്റെ പേരിലാണ്. പക്ഷേ ശശി സംസ്ഥാന കമ്മറ്റിയിൽ എത്തിയിട്ടും സികെപി ഏരിയാ കമ്മറ്റിയിൽ ഒതുങ്ങി.
മുമ്പ് വിജയ കോടി ജയരാജമ്മാർ എന്നായിരുന്നു കണ്ണൂരിലെ സിപിഎമ്മിന്റെ സമവാക്യം. ഇപി, എംവി, പി ജയരാജന്മാരും, കോടിയേരിയും പിണറായി വിജയനും എന്നായിരുന്നു അതിന്റെ ചുരുക്കം. എന്നാൽ ഈ ഗ്രൂപ്പിൽ പി ജയരാജൻ പുറത്താവുകയും, പി ശശിയും, എം വി ഗോവിന്ദനും കടന്നവരുന്ന കാഴ്ചയുമാണ് ഇപ്പോൾ കാണുന്നത്. പി ജയരാജനോട് കൂടതൽ അടുപ്പം കാണിച്ച് നേതാവാണ് ജെയിംസ് മാത്യു എന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ കോടിയേരിയും ഇപി ജയരാജനും അടുത്തതിന്റെ ഫലമായണ് പി ശശി തിരിച്ചെത്തിയത് എന്നും മാധ്യമങ്ങൾ വിലയിരുത്തുന്നു.
ജാതിയും മതവുമില്ലാത്ത യഥാർഥ വിപ്ലവകാരി
ഒന്നുപറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന നേതാവല്ല ജെയിംസ് മാത്യൂ. വ്യകതിജീവിതത്തിലും പൊതു ജീവിതത്തിലും അദ്ദേഹം താൻ ശരിയെന്ന് വിശ്വസിക്കുന്ന ആശയങ്ങൾ ഉറച്ച് പിന്തുടരുന്നു. അതുകൊണ്ട് തന്നെ പാർട്ടി അണികൾക്ക് ഇടതിയിലും ജെയിംസ് മാത്യുവിന് വലിയ മതിപ്പാണ്. ശരിക്കും ഒരു മതേതര കുടുംബം തന്നെയാണ് ഇവർ. എസ് എഫ് ഐയുടെ ഒരു കാലത്തെ തീപ്പൊരി നേതാക്കളായിരുന്നു ജെയിംസ് മാത്യുവും ഭാര്യ എൻ സുകന്യയും. എസ്ഫ്ഐ കാലത്തെ പ്രണയവും വിവാഹവും കഴിഞ്ഞ വാലൻൻൈറസ് ദിനത്തിലും ചർച്ചയായിരുന്നു.
മതേതരത്വം വാക്കുകളിൽ മാത്രം ഒതുങ്ങുന്നില്ല ഈ കുടുംബത്തിന്. സുകന്യയുടെ കൈതമുക്കിലെ വീട്ടിൽ എല്ലാം വിപ്ലവമായിരുന്നു. അച്ഛൻ ടി. നാരായണൻ ജന്മം കൊണ്ട് നമ്പൂതിരിയാണ്. അമ്മ ടി. രാധാമണി നായരും. നാരായണന്റെ അച്ഛൻ രാമൻ നമ്പൂതിരിയും 'വിവാഹ വിപ്ലവം' നടത്തി. അന്ന് നമ്പൂതിരി സമുദായത്തിൽ മൂത്ത സഹോദരന് മാത്രമേ സ്വന്തം സമുദായത്തിൽ വിവാഹം ചെയ്യാൻ അനുമതിയുണ്ടായിരുന്നുള്ളു. ആ ആചാരത്തിനെതിരേ, കുടുംബത്തിലെ ഇളയ സഹോദരനായ ഇദ്ദേഹം സ്വന്തം സമുദായത്തിലെ ലീലാ അന്തർജനത്തെ വേളി കഴിച്ചു. അതെല്ലാം ചരിത്രമായി.
ഈ വഴിയിൽ ജാതിയും മതവും തീർത്ത വേലിക്കെട്ടുകൾ തകർത്ത് സുകന്യയും ജെയിംസ് മാത്യുവും ഒുരമിച്ചു. എൻ. സുകന്യയുടെ സഹോദരിയും മാതൃഭൂമിയിലെ മുതിർന്ന മാധ്യമപ്രവർത്തകയുമായ എൻ. സുസ്മിത വിവാഹം ചെയ്തത് എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറിയും സിപിഎം, തൃശ്ശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ യു.പി. ജോസഫിനെയാണ്. അങ്ങനെ ഈ കുടുംബത്തിലെ രണ്ട് മരുമക്കളും വിപ്ലവ വഴിയിൽ നീങ്ങിയ യഥാർത്ഥ കമ്യൂണിസ്റ്റുകളായി.
ജെയിംസ് മാത്യു-സുകന്യ ദമ്പതിമാരുടെ മകൾ ഡോ. സാന്ത്വനയുടെ ഭർത്താവ് ഡോ. മിഥുൻലാൽ ഈഴവ സമുദായക്കാരനാണ്. ഇരുവരും കണ്ണൂർ എ.കെ.ജി. ആശുപത്രിയിൽ ജോലി ചെയ്യുന്നു. മംഗളൂരുവിൽ ഡെന്റൽ ചികിത്സയിൽ ഉപരിപഠനം നടത്തുന്ന മകൻ ഡോ. സന്ദീപിന്റെ ഭാര്യ ഡോ. നിഷാ ജോസഫ് ഓർത്തഡോക്‌സ് വിഭാഗക്കാരിയാണ്. അങ്ങനെ സുകന്യയുടേയും ജെയിംസ് മാത്യുവിന്റേയും വീട്ടിലും വിവാഹ വിപ്ലവം തുടരുകയാണ്.
വിവാഹം ജെയിംസ് ജോസഫിന്റെ വീട്ടിൽ തുടക്കത്തിൽ പൊട്ടിത്തെറിയായിരുന്നു. എന്നാൽ സുകന്യയുടെ വീട്ടിൽ ആരും എതിർത്തില്ല. ജെയിംസ് അന്യമതസ്ഥയായ പെണ്ണിനെയാണ് കല്യാണം കഴിക്കാൻ തീരുമാനിച്ചതെന്നറിഞ്ഞപ്പോൾ മണിക്കടവിലെ 'നീരാക്കൽ' വീട്ടിൽ പ്രശ്‌നം തുടങ്ങി. കമ്യൂണിസ്റ്റായി നടക്കുന്ന മകനെക്കുറിച്ച് വിശ്വാസികളായ എൻ.ജെ. മാത്യുവുവിനും ചിന്നമ്മയ്ക്കും ആദ്യമേ ചില പേടിയുണ്ടായിരുന്നു.
വിവരമറിഞ്ഞ് ആലക്കോട് മീൻപറ്റിയിൽനിന്ന് ചിന്നമ്മയുടെ അമ്മ എഴുപതുവയസ്സുള്ള ബ്രിജിറ്റ് മണിക്കടവിലെ വീട്ടിലെത്തി. വാദങ്ങളും എതിർവാദങ്ങളും കേട്ടശേഷം അവർ വിധിച്ചു. 'കുട്ടികളുടെ ഇഷ്ടത്തിനെതിരേ ആരും നിൽക്കേണ്ട. അവർ വിദ്യാഭ്യാസമുള്ളവരാണ്. പരസ്പരം മനസ്സിലാക്കിയവരും. പിന്നെ എന്തിനാ എതിർപ്പ്. പെണ്ണിനെയും ചെക്കനെയും നിങ്ങൾക്ക് സ്വീകരിക്കാൻ പറ്റില്ലെങ്കിൽ ഞാൻ എന്റെ വീട്ടിലേക്ക് കൂട്ടും...'-ഈ വാക്കുകൾ ജെയിംസിനേയും ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനും, അറിയപ്പെടുന്ന സാമൂഹികപ്രവർത്തകരുമായ തിരുവനന്തപുരം കൈതമുക്ക് ജ്യോതിസിൽ ടി. നാരായണന്റെയും ടി. രാധാമാണിയുടെയും മകൾ എൻ. സുകന്യയും ഒരുമിപ്പിച്ചു.
1991 ഓഗസ്റ്റ് 25-ന് കണ്ണൂർ ടൗൺഹാളിൽ വിവാഹം. കാർമികത്വം വഹിച്ചത് പിണറായി വിജയനും ചടയൻ ഗോവിന്ദനും കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെയുള്ള സഖാക്കൾ. അന്ന് ജെയിംസ് മാത്യു എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് സിപിഎം. ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറിയുടെ ചുമതലയേറ്റിരുന്നു. സുകന്യ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനവുമൊഴിഞ്ഞിരുന്നു.
ദേശാഭിമാനി മുൻ സീനിയർ സബ്ബ് എഡിറ്റർ കൂടിയായ സുകന്യ, പിന്നീട് പാപ്പിനിശ്ശേരി ഇ എം എസ് സ്മാരക ഗവ.ഹയർ സെക്കന്ററി സ്‌ക്കൂൾ അദ്ധ്യാപികയായി. എന്നാൽ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനായി അദ്ധ്യാപിക ജോലിയിൽ നിന്ന് സ്വയം വിരമിച്ചു. കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗവും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗവുമാണ്. കണ്ണൂർ കോർപറേഷനിലെ പൊടിക്കുണ്ട് വാർഡിലെ കൗൺസിലർ ആണ്.
പഴയ എസ്്എഫ്ഐക്കാലത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ജെയിംസ് മാത്യവും ഭാര്യയും ഒരുമിച്ചാണ് കൊച്ചിയിലെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത്്. അറുപതുകാരായ ജെയിംസ് മാത്യു ഒഴിവാകുമ്പോൾ ഭാര്യ എൻ സുകന്യ കമ്മറ്റിയിലെത്തുമെന്നാണ് കരുതിയത്. പക്ഷേ അതും ഉണ്ടായില്ല. ജെയിംസ് മാത്യുവിനെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ അഭ്യർത്ഥന കണക്കിലെടുത്താണെല്ലാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടുതൽ ഒന്നും കൂടുതൽ വിശദീകരിക്കുന്നില്ല. എന്നാൽ ശശി തിരിച്ചുവന്നത് മാതൃകയാണെന്നും തെറ്റ് തിരുത്തിയാൽ ആർക്കും തിരിച്ചുവരാൻ കഴിയുമെന്നതിന്റെ തെളിവാണെന്നുമാണ് കോടിയേരി പറയുന്നത്. ജെയിസ് മാത്യുവും ഈ വിഷയത്തിൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. പക്ഷേ സിപിഎമ്മിലെ മാറുന്ന ഗ്രൂപ്പ് സമവാക്യങ്ങളുടെ ബലിയാടാണ് ഈ നേതാവ് എന്നാണ് അണികളുടെ പ്രതികരണം.