- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടികൾ വഴിതെറ്റാതിരിക്കാൻ ആൺകുട്ടികളുമായി ഒരുമിച്ചുള്ള പഠനം വേണ്ട; പെൺകുട്ടികൾക്ക് മാത്രമായി കോളേജുകളും സ്‌കൂളുകളും വേണം; മുസ്ലിംങ്ങൾ അല്ലാത്ത മറ്റു മതങ്ങളും ഈ രീതി പിന്തുടരണം; വിവാദ പ്രസ്താവനയുമായി ജംഇയ്യത്തുൽ ഉലമ എ ഹിന്ദ്
ന്യൂഡൽഹി: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കേണ്ടെന്ന നിലപാടുമായി രാജ്യത്തെ പ്രമുഖ മുസ്ലിം സംഘടനയായ ജംഇയ്യത്തുൽ ഉലമ എ ഹിന്ദ് രംഗത്തെത്തി. പെൺകുട്ടികൾക്ക് പ്രത്യേക സ്‌കൂളുകളും കോളേജുകളും വേണമെന്നാണ് ഈ സംഘടന ആവശ്യപ്പെടുന്നത്. 'അധാർമ്മികതയിൽ നിന്നും മോശം സ്വഭാവങ്ങളിൽ നിന്നും അവരെ അകറ്റി നിർത്താൻ' വേണ്ടി മുസ്ലിംകളല്ലാത്ത ഇതര മതവിഭാഗങ്ങളും ഈ രീതി പിന്തുടരണമെന്നും സംഘടന ആവശ്യപ്പെട്ടു. ജംഇയ്യത്തുൽ ഉലമ എ ഹിന്ദിന്റെ (മൗലാനാ അർഷദ് മദനി വിഭാഗം) വർക്കിങ് കമ്മിറ്റി യോഗത്തിന് ശേഷം പുറത്തിറക്കിയ കുറിപ്പിലാണ് പുതിയ പരാമർശം.
രാജ്യത്തുടനീളെ നടക്കുന്ന മതപരവും, ആശയപരവുമായ പോരാട്ടങ്ങളെ ഏതെങ്കിലും ആയുധങ്ങൾ കൊണ്ടോ, സാങ്കേതികത കൊണ്ടോ നേരിടാൻ കഴിയില്ലെന്നും ഉന്നത വിദ്യാഭ്യാസം നേടുക എന്നത് മാത്രമാണ് ഇതിനുള്ള ഏക പോംവഴിയെന്നും അർഷദ് മദനി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം മാറിമാറി വന്ന മുഴുവൻ സർക്കാറുകളും മുസ്ലിംകളെ അവരുടെ വിദ്യാഭ്യാസ നയങ്ങളിൽ നിന്ന് മാറ്റി നിർത്തിയെന്നും മദനി ആരോപിച്ചു. 'മുസ്ലിംകൾ വിദ്യാഭ്യാസ മേഖലയിൽ നിന്ന് മനഃപൂർവ്വം മാറി നിന്നതല്ല എന്നതാണ് വസ്തുത. അവർക്ക് വിദ്യാഭ്യാസ കാര്യങ്ങളിൽ താൽപര്യമില്ലായിരുന്നുവെങ്കിൽ അവർ എന്തിനാണ് മദ്രസകൾ സ്ഥാപിച്ചത്,' മദനി ചോദിക്കുന്നു.
'മുസ്ലിംകൾ എന്ത് വില കൊടുത്തും തങ്ങളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നേടിക്കൊടുക്കണമെന്ന് ഞാൻ ആവർത്തിച്ചു പറയുന്നു. മത ചിഹ്നങ്ങൾ പാലിക്കുന്ന ഞങ്ങളുടെ കുട്ടികൾക്ക് വിവേചനങ്ങളോ, തടസ്സങ്ങളോ കൂടാതെ, ഉന്നത വിദ്യാഭ്യാസം നേടാൻ കഴിയുന്ന സ്ഥാപനങ്ങൾ അടിയന്തിരമായി ആവശ്യമുണ്ട്,' മദനി പറഞ്ഞു.
മുസ്ലിം സമുദായത്തിലെ സമ്പന്നരും, മറ്റു സ്വാധീനമുള്ള വ്യക്തികളും തങ്ങളുടെ പ്രദേശങ്ങളിൽ പെൺകുട്ടികൾക്കായി വ്യത്യസ്ത സ്‌കൂളുകളും കോളേജുകളും സ്ഥാപിക്കാൻ മുന്നോട്ട് വരണമെന്ന് മദനി ആവശ്യപ്പെട്ടു. ഒരു മതവും അധാർമ്മികതയും, അശ്ലീലവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഞങ്ങൾ അമുസ്ലിം സഹോദരങ്ങളോടും അധാർമ്മികതയിൽ നിന്നും മോശം സ്വഭാവങ്ങളിൽ നിന്നും തങ്ങളുടെ പെൺകുട്ടികളെ അകറ്റി നിർത്താൻ വേണ്ടി അവർക്ക് പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാൻ ആവശ്യപ്പെടുന്നു,' മദനി പറയുന്നു. മദ്രസകളിലെയും മറ്റു ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിർധനരായ കുട്ടികൾക്കും തുല്യാവകാശങ്ങൾ ലഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആൾക്കൂട്ട അതിക്രമങ്ങളെ കുറിച്ചും മദനി തന്റെ അഭിപ്രായം പ്രകടിപ്പിച്ചു. രാജ്യത്തെ മുഴുവൻ മതേതര പാർട്ടികളും അത്തരം സംഭവങ്ങൾക്കെതിരെ പരസ്യമായി രംഗത്തെത്തണമെന്നും ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്തണമെന്നും അദ്ദേഹം പറയുന്നു. രാജ്യത്ത് ഇത്തരം സംഭവങ്ങൾ വളരെ ആസൂത്രിതമായ രീതിയിലാണ് നടത്തപ്പെടുന്നതെന്നും ഭൂരിപക്ഷ സമൂഹത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ മത തീവ്രവാദം വഴി ഒരുമിച്ചു നിർത്തുക എന്നതാണ് ഇത്തരം കുറ്റങ്ങൾക്ക് പിന്നിലെ ലക്ഷ്യമെന്നും മദനി കൂട്ടിച്ചേർത്തു.
തെരെഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ കൂടുതലായി കാണപ്പെടാറുണ്ടെന്നും അദ്ദേഹം പറയുന്നു. രാജ്യത്തിന്റെ സംസ്‌കാരവും, സൽപ്പേരും സംരക്ഷിക്കാൻ സർക്കാർ പ്രയോഗികമായ നടപടികൾ കൈക്കൊള്ളണമെന്നും മദനി പറയുന്നു. മദനിയുടെ പ്രസ്താവന ഇതിനോടകം വിവാദമായിട്ടുണ്ട്. സമൂഹത്തെ പിന്നോട്ടടിക്കുന്ന പിന്തിരിപ്പൻ പ്രസ്താവനയാണ് ഇതെന്ന് നിരവധി നെറ്റിസൺസ് അഭിപ്രായപ്പെട്ടു.