മലപ്പുറം: ഇന്ത്യയിലാദ്യമായി വെള്ളിയാഴ്ചയിലെ പ്രത്യേക നമസ്‌കാരമായ ജുമുഅക്ക് നേതൃത്വം നൽകി ചരിത്രം കുറിച്ച ഖുർആൻ സുന്നത്ത് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ജാമിദ ടീച്ചറാണ് ഇപ്പോഴത്തെ ഏറ്റവും ചർച്ചാ വിഷയം. ലോക മാധ്യമങ്ങളിൽ പോലും ജാമിദ ടീച്ചർ തുടക്കമിട്ട വിപ്ലവകരമായ നീക്കത്തെ കുറിച്ചുള്ള വാർത്തകൾ വന്നു. മുസ്ലിം സമുദായം അതി പ്രാധാന്യത്തോടെ കാണുന്ന ജുമുഅ നമസ്‌കാരത്തിന് ഒരു സ്ത്രീ നേതൃത്വം നൽകിയതാണ് ജാമിദ ടീച്ചറെയും ഖുർആൻ സുന്നത്ത് സൊസൈറ്റിയെയും ചർച്ചാ കേന്ദ്രങ്ങളാക്കിയത്. ജുമുഅ നമസ്‌കാരത്തിന് നേതൃത്വം കൊടുക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കി ജാമിദ ടീച്ചർ സംസാരിക്കുന്നു. മറുനാടൻ പ്രതിനിധി എംപി റാഫിയുമായി നടത്തിയ അഭിമുഖത്തിന്റെ ഒന്നാം ഭാഗം

 ബാങ്ക് വിളിക്കെതിരെ സംസാരിച്ചതിന്റെ പേരിൽ ശക്തമായ വിമർശനം നേരിട്ടു കൊണ്ടിരിക്കെ, ജുമുഅ നമസ്‌കാരത്തിന് നേതൃത്വം കൊടുക്കാനുണ്ടായ പ്രേരണ

ഇസ്ലാമിന്റെ പ്രമാണം ഖുർആനാണ്. മുമ്പുള്ള ആചാരങ്ങൾ മുമ്പുള്ള ആൾക്കാർ എന്ത് ചെയ്തു എന്നത് നോക്കി നമ്മൾ ഓരോ കാര്യവും ചെയ്യാൻ തുടങ്ങിയാൽ എങ്ങിനെയാണ് നമ്മുടെ രാജ്യത്തിന് പുരോഗതിയുണ്ടാവുക. ഖുർആനിൽ എതിരല്ലാത്ത ഏതൊരു കാര്യവും ഒരു വിശ്വാസിക്ക് ഫോളോ ചെയ്യാവുന്നതാണ്. ഞാൻ ബാങ്കിനെ പറ്റി പറഞ്ഞിട്ട് ഞാൻ തന്നെ നിസ്‌കാരത്തിൽ ഉടനീളം 'അള്ളാഹു അക്‌ബർ' എന്ന് പറയുന്നു. ഇങ്ങനെ ചോദിക്കുന്നവർ മർമമെന്താണെന്ന് മനസിലാക്കുന്നില്ല. അഞ്ച് നേരം അഞ്ച് പള്ളിയിൽ നിന്നുമുള്ള ഈ വിളിച്ചു കൂവൽ ഖുർആനികമല്ലെന്നാണ് ഞാൻ പറഞ്ഞത്. ഇങ്ങനെ വിളിച്ചു കൂവൽ അള്ളാഹുവിന്റെ ഗതികേടാണ്. ബാങ്കിനെ സംബന്ധിച്ച് പറഞ്ഞപ്പോൾ ഇസ്ലാമിൽ അതിന് മറുപടി പറയേണ്ടത് ഇസ്ലാമിക പണ്ഡിതരാന്നെന്നും അതുകൊണ്ട് ഇസ്ലാമിലെ മതചിഹ്നങ്ങളെ വിമർശിക്കാനും പൗരോഹിത്യത്തെ എതിർക്കാനും ജാമിദ ആരാണ് എന്ന ഒരുപാട് പരാമർശങ്ങളും ഭീഷണികളുമാണ് ഉയർന്നത്. സ്ത്രീ രണ്ടാം കിട പൗരയാണെന്നും എല്ലാം പൗരോഹിത്യം തീരുമാനിക്കുമെന്ന രീതിയാണ് വിമർശകർ ഉന്നയിച്ചത്.ഈ സാഹചര്യത്തിലാണ് ഖുർആനികമായി എതിരല്ലാത്ത ജുമുഅ നമസ്‌കാരത്തിന് ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ നേതൃത്വം കൊടുത്തത്. സ്ത്രീകൾക്ക് ആരൊക്കെയോ കൊടുക്കേണ്ടതാണ് സ്വാതന്ത്ര്യം എന്ന രീതിയിലായിരുന്നു വിമർശനം. ഒരു സ്ത്രീ ജനസമൂഹത്തിന്റെ നേതൃത്വം ഏറ്റെടുത്താൽ അന്ത്യനാൾ പ്രതീക്ഷിച്ചോണമെന്ന ഹദീസുകളൊക്കെ കെട്ട് കഥയാണ്. അങ്ങിനെയെങ്കിൽ നബിയുടെ പത്‌നി ആഴിശ ജമൽ യുദ്ധത്തിനും സഫീൻ യുദ്ധത്തിനും നേതൃത്വം കൊടുത്തപ്പോൾ എന്താ ലോകം അവസാനിക്കാതിരുന്നത്. മുഹമ്മദ് നബി തന്നെ കടന്ന് വരുന്നത് കദീജ എന്ന വ്യാപാരി സ്ത്രീയുടെ സഹായി ആയിട്ടാണ്. ഇസ്ലാമിന്റെ പ്രമാണം പുരുഷന്മാർക്ക് ഒരു തരത്തിലുള്ള ആധിപത്യവും നൽകുന്നില്ല.

പ്രാമാണികമായി എതിരല്ലാതിരുന്നിട്ടും സ്ത്രീ ജുമുഅക്ക് നേതൃത്വം കൊടുക്കാൻ ഇത്രയും വൈകിയത് എന്തുകൊണ്ടാണ്.

1400 വർഷമായി മുസ്ലിംങ്ങളെ അടക്കി ഭരിക്കുന്ന പൗരോഹിത്യത്തിന്റെ നിയമമാണ് മുത്തലാഖ്. എന്താണ് മുത്തലാഖ് വിഷയം ഇപ്പോൾ മാത്രം തലപൊക്കി വന്നത്. എത്രയോ വർഷം കൊണ്ട് നിലനിന്നിരുന്ന സതി സമ്പ്രദായം എന്തുകൊണ്ട് രാജാറാം മോഹൻ റോയിയെ പോലുള്ള ആളുകൾ വരേണ്ടി വന്നു. അതുപേലെ 1400 വർഷമായി വിവാഹ മുക്തയായ സ്ത്രീക്ക് ജീവനാംശത്തിന് അർഹതയില്ലെന്ന് പറഞ്ഞു. 1973 ൽ ഇന്ദിരാഗാന്ധി നടത്തിയ ഭേദഗതിയും 1985 ൽ രാജീവ് ഗാന്ധി വരുത്തിയ ഭേദഗതിയും കൊണ്ടാണ് വിവാഹ മുക്തയായ സ്ത്രീക്ക് ജീവനാംശം ലഭിച്ചത്. ഇപ്പോൾ തന്നെ മുത്തലാഖ് വിഷയം, ഏക സിവിൽ കോഡ്, ദത്ത്, വസിയ്യത്ത്, അനന്തരാവകാശം, മതപരിവർത്തനം, സ്ത്രീ ലീഡർഷിപ്പ് തുടങ്ങിയ വിഷയങ്ങൾ ഇപ്പോഴാണ് ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. തന്നെയുമല്ല ഞാൻ ഈ സംഘടനയിലേക്ക് വന്നിട്ട് രണ്ട് വർഷമേ ആയിട്ടുള്ളൂ. പൗരോഹിത്യത്തെ ചോദ്യം ചെയ്യുന്നുവെന്നുള്ള നിലപാട് ഇസ്ലാമിക പണ്ഡിതർത്തടുത്തപ്പോൾ ഇപ്പോഴാണ് അതിന് യോജ്യമായ സമയം.

വണ്ടൂരിൽ തുടങ്ങിയ ജുമുഅയിലെ സ്ത്രീ നേതൃത്വം തുടർന്നും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടോ

- രാജ്യത്തിന്റെ പുരോഗതിയാണ് ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ ലക്ഷ്യം. ആ ലക്ഷ്യം മുന്നിൽ വച്ച് കൊണ്ട് വരും സമൂഹങ്ങളെ ഉദ്ധരിക്കേണ്ടതുണ്ട്. കാര്യങ്ങൾ ബോധിപ്പിക്കേണ്ടതുണ്ട്. അവരെ ഡവലപ്‌ചെയ്യേണ്ട ബാധ്യതയുണ്ട്. അതു കൊണ്ട് കൂടുതൽ സ്ഥലങ്ങളിലേക്കിത് വ്യാപിപ്പിക്കും. കൂടുതൽ ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കുകയും ചെയ്യും.

വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ ഏത് രീതിയിലായിരിക്കും മുന്നോട്ട് പോവുക.

- ഖുർആൻ മാത്രമാണ് പ്രമേയം എന്ന സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ചെയ്യുക. ഖുർആൻ മാത്രം അനുസരിച്ച് ജീവിക്കുമ്പോൾ തന്നെ മറ്റ് കെട്ടുകഥകൾ വലിച്ചെറിയാനും ഖുർആന്റെ യഥാർത്ഥ സന്ദേശം പഠിക്കാൻ കൂടുതൽ പേർ മുന്നോട്ടു വരും. ആ ഒരു ശ്രമം ജനങ്ങളിൽ നിന്നുണ്ടായാൽ രാജ്യത്ത് വലിയ മാറ്റമുണ്ടാകും. സ്ത്രീക്കും പുരുഷനും ഇസ്ലാമിൽല്യമാണെന്നും മനസിലാകും. ചെറുപ്പംതൊട്ട് പൗരോഹിത്യം കുത്തിവെക്കുന്ന വിഭാഗീയ ചിന്തകളുടെ വിഷമാണ് എല്ലാറ്റിനും കാരണം.

ബിജെപിയും ഹിന്ദു ഐക്യവേദിയും താങ്കൾക്ക് നൽകിയ പിന്തുണ ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നല്ലോ...

ഇപ്പോൾ പല തരത്തിലുള്ള ആരോപണങ്ങൾ ഞാൻ നേരിടുന്നുണ്ട്. ആരോപണങ്ങൾ ഭീരുക്കൾക്കുള്ളതാണ്. ആരോപണങ്ങൾ എന്തും പറയാം പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ. ധീരന്മാർക്കുള്ളത് പൊതുവേദികളാണ്. സ്റ്റേജ് കെട്ടി സോഷ്യൽ മീഡിയയിൽ നിന്ന് പുറത്ത് വരട്ടെ. ഏതെങ്കിലും മുസ്ലിം സംഘടനകളിൽപെട്ടവർ ഹിന്ദു ഐക്യവേദിയുടെ പരിപാടികളിൽ പങ്കെടുക്കാത്തവരുണ്ടോ? മുത്തലാഖ് വിഷയവുമായി ബന്ധപ്പെട്ട് സംഘ പരിവാർ ലീഗൽ സെൽ പരിപാടിയിൽ ഇ.കെ വിഭാഗം സുന്നി യുടെ നാസർ ഫൈസി ഉണ്ടായിരുന്നു. എന്നിട്ടെന്താ എന്നെ മാത്രം പരാമർശിക്കപ്പെടുന്നത്.

ഹിന്ദു ഐക്യവേദിയുടെ പരിപാടിക്ക് പോയതാണ് വലിയ വിഷയമെങ്കിൽ ശശികല മുജാഹിദിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ലീഗിന്റെയും പരിപാടികൾക്ക് വരുന്നുണ്ടല്ലോ. കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിൽ ശ്രീധരൻപിള്ള പങ്കെടുക്കാത്ത ഏത് ഇഫ്താറാണുള്ളത്. ഇവരെല്ലാം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പോകുന്നു, പക്ഷേ ജാമിദ പോകുമ്പോൾ മാത്രം അതൊരു വിഷയമായി മാറുന്നത് എന്തുകൊണ്ടാണ്. എനിക്കെതിരെ ഭീഷണിയും എതിർപ്പുകളും വന്നപ്പോർ ഒരു ഇസ്ലാമിക സംഘടന പോലും എന്ത് എന്ന് ചോദിക്കാൻ വന്നില്ല. എന്നെ ആരും സഹായിക്കാനില്ലാത്ത സാഹചര്യത്തിൽ കേരള യുക്തിവാദി സംഘവും ബിജെപിയും ഹിന്ദു ഐക്യവേദിയും വന്നു. ഇവരൊക്കെ തന്നെയായിരുന്നു ചേകന്നൂരിനും ഉണ്ടായിരുന്നത്. എനിക്കെതിരെ വധശ്രമം നടത്തിയ ശേഷം ആരും പിന്തുണ തരാത്ത സാഹചര്യത്തിലാണ് ഒരു മാസത്തിനു ശേഷം ഹിന്ദു ഐക്യവേദി രംഗത്തുവന്നത്.

ഹിന്ദു ഐക്യവേദി പിന്തുണ നൽകിയില്ലെന്ന് വിചാരിക്കുക ഇവരാരെങ്കിലും വരുമോ.അപ്പോൾ ഇവർ മറ്റെന്തെങ്കിലും പരാമർശവുമായി വരും. ജുമുഅ നമസ്‌കരിച്ചപ്പോൾ മഞ്ഞ തട്ടമിട്ടു എന്നതാണ് മറ്റൊരാരോപണം. ജുമുഅ നമസ്‌കാരം ലിഡ് ചെയ്യാൻ ഖുർ ആനിക പരമായി ഒരു സ്ത്രീക്ക് പറ്റുമോ ഇല്ലയോ എന്നതാണ് ഇവിടത്തെ ചർച്ച. ഇവിടെ വിമർശിക്കാൻ എന്തെങ്കിലും വേണമെന്നതാണ് പ്രശ്‌നം. മുക്കാ കൈ ഇട്ടു എന്നതാണ് മറ്റൊരു പ്രശ്‌നം. ഖുർആനിക പരമായി ഇസ്ലാമിന്റെ വേഷമൊന്ന് തെളിയിക്കൂ. ഞാൻ തല മറക്കാത്ത ഫോട്ടോയിട്ട് ഒരുപാട് വിമർശനങ്ങളും പ്രഹസനങ്ങളും. തല മറയ്ക്കണമെന്ന് ഖുർആനിൽ എവിടെയാ ആയത്തുള്ളത്. പ്രത്യക്ഷത്തിൽ പ്രകടമായതൊഴികെ എന്നാണ് ഖുർആനിൽ പറയുന്നത്. ആ കാലത്ത് പ്രത്യക്ഷത്തിൽ പ്രകടമായത് എന്താക്കെയാണെന്ന് നമുക്കറിയുമോ. നബിയല്ലേ അതു പറയേണ്ടത്. ഖുർആൻ യുക്തിഭദ്രമായിട്ടുള്ള ഗ്രന്ഥമാണ്. കാലാതീതമല്ല. ഓരോ കാലത്തിനനുസരിച്ച മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥമാണ് ഖുർആൻ.

ഏതൊക്കെ രീതിയിലുള്ള ഭീഷണികൾ നേരിടേണ്ടി വന്നു

രണ്ട് തവണ എനിക്കെതിരെ വധശ്രമമുണ്ടായിട്ടുണ്ട്. ഹാദിയയുടെ വിഷയവുമായി ബന്ധപ്പെട്ട് ഹാദിയയെ കാണാൻ പോയതിനു പിന്നാലെയും മുത്തലാഖ് വിഷയത്തിൽ ചാനൽ ചർച്ചകളിൽ സജീവമാകുകയും ചെയ്തതിനു പിന്നാലെയാണ് രണ്ട് തവണ വധശ്രമമുണ്ടായത്. ഡിസംബർ പതിനൊന്നാം തിയ്യതി രാത്രി എട്ടരയ്ക്ക് എന്റെ വീട്ടിലേക്ക് കല്ലെടുത്തെറിഞ്ഞു. പുറത്തിറങ്ങിയപ്പോൾ നീ ഇസ്ലാമിന്റെ ശത്രുവാണെന്നും വധിക്കപ്പെടേണ്ട ആളാണെന്നും പറഞ്ഞു. കഷ്ണമാക്കി കവറിലാക്കുമെന്നും കുറെ അസഭ്യവും അയാൾ പറഞ്ഞു. അങ്ങനെ കൊയിലാണ്ടി പൊലിസ് വിവരമറിയിച്ചതിനെ തുടർന്ന് ഇവിടെ എത്തി അയാളെ പിടിച്ചു കൊണ്ടു പോയി. അതു കഴിഞ്ഞാണ് 22ാം തിയ്യതി വീണ്ടും ആക്രമണമുണ്ടായത്. ഗേറ്റ് ചവിട്ടിപ്പൊളിച്ച് വീട്ടിലേക്ക് ഒരാൾ കയറി വരികയും എന്നെ കൊല്ലാനും കടന്നുപിടിക്കാനും ശ്രമിച്ചു. ഇയാളെയും പൊലീസ് പിടിച്ചു. ഇവർ രണ്ട് പേരും ആരുടേയാ പ്രൊഡക്റ്റുകളാണ്. ഇസ്ലാമിനെ കുറിച്ച് ആര് വിമർശിച്ചിട്ടുണ്ടോ അവർക്കൊക്കെ ആരിൽ നിന്നാണോ ഭീഷണികളും വെല്ലുവിളികളും ആക്രമണവുമെല്ലാം ഉണ്ടായത് ആ വിഭാഗക്കാർ തന്നെയാണ് ഈ സംഭവങ്ങൾക്കു പിന്നിലെന്നാണ് മനസ്സിലാക്കുന്നത്.

വിമർശകരോട് പറയാനുള്ളത്

വിമർശകരുടെ ഗതികേടിനെ സംബന്ധിച്ച് നമ്മുടെ സമൂഹം ബോധവാന്മാരല്ല. ഈ മുജാഹിദ്, ജമാഅത്തേ ഇസ്ലാമി പ്രസ്ഥാനക്കാരുടെ അടിസ്ഥാന ലക്ഷ്യം ആരോപണങ്ങളും വിമർശനങ്ങളും ഉന്നയിക്കുക എന്നതാണ്. അതിന് ആധികാരികതയുടെ ഒന്നും ആവശ്യമില്ല. മുർതദ്ദാകുമെന്ന് മറ്റു മക്കൾ എന്റെ ഉമ്മയോട് പറഞ്ഞിട്ടും ഇതെല്ലാം അവഗണിച്ച് ഉമ്മ എന്നോടൊപ്പം നിന്നു. അഴിക്കോട് നിന്നും അനാശ്യാസത്തിന് പിടിച്ച് ഓടിച്ചതാണെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. എന്ത് തെളിവാണ് അവർക്കുള്ളത്. ആദർശം പറയാൻ മാത്രം ഉള്ളതാണോ അത് ജീവിതത്തിൽ പകർത്താനുള്ളതല്ലേ എന്നാണ് ഇവരോട് ചോദിക്കാനുള്ളത്. ഞാൻ ഒരു നേഴ്‌സറി സ്‌കൂളിൽ പോലും പഠിപ്പിച്ചിട്ടില്ലെന്ന് പ്രചരിപ്പിക്കുന്ന മുജാഹിദുകാരാ ജമാഅത്തുകാരാ സുന്നിക്കാരാ... നിങ്ങളുടെയൊക്കെ ഈറ്റില്ല ങ്ങളിൽ തന്നെ ജാമി ദ പഠിപ്പിച്ചിട്ടുണ്ട്. ജാമിദ നിങ്ങളിലുള്ള ആളുകൾക്കു തന്നെ ക്ലാസ് എടുത്തിട്ടുണ്ട്. നിങ്ങൾക്കത് അറിയില്ലെങ്കിൽ അറിയുന്നവരോട് ചോദിച്ച് വിമർശിക്കൂ.

മുജാഹിദുകാരുടെ സെന്ററാണ് പ്രസ് ക്ലബിനു പിറകിലെ ഊറ്റുകുഴി സലഫി സെന്റർ. അവിടെ മുജാഹിദ് ബാലുശേരിയും ശംസുദ്ദീൻ പാലത്തും ഉണ്ടായിരുന്ന സമയത്ത് പഠിപ്പിച്ചിട്ടുണ്ട്. എനിക്ക് അക്കാഡമിക്ക് യോഗ്യതയുടെ സർട്ടിഫിക്കറ്റ് നിങ്ങളെ ബോധ്യപ്പെടുത്തേണ്ടതില്ല. പ്രബോധനം ചെയ്യാൻ എന്തിനാണ് അക്കാഡമിക് യോഗ്യത. ഖുർആൻ പറയാനുള്ള അടിസ്ഥാന യോഗ്യത ബുദ്ധി മാത്രം മതി. വിഷയത്തെ വിഷയം കൊണ്ട് നേരിടാൻ പറ്റുന്നില്ലെന്നതിന് ഉദാഹരണമാണ് വ്യക്തിപരമായ വിമർശനം. ഞാൻ കൃസ്ത്യാനികൾക്ക് ക്ലാസെടുത്തെന്നാണ് മറ്റൊരു ആരോപണം. ബൈബിളിലെ ഒരു വരി പോലും അറിയാത്തയാളാണ് ഞാൻ. 2017 ലെ ചേകന്നൂർ അനുസ്മരണത്തിൽ നിരവധി പേർ പങ്കെടുത്ത കൂട്ടത്തിൽ ഒരു ഫാദറും പങ്കെടുത്തിരുന്നു. ഇതൊഴിച്ചാൽ മറ്റൊരു വേദിയിൽ പോലും പങ്കെടുത്തിട്ടില്ല. പിന്നെ സാമ്പത്തിക അട്ടിമറി നടത്തിയെന്നാണ് ആരോപണം. എന്തെങ്കിലും തെളിവുകളുണ്ടെങ്കിൽ ഹാജരാക്കൂ. നിങ്ങൾ പറയേണ്ടത് ഖുർആനികപരമായി ഇസ്ലാം എന്താണ് എന്തല്ല എന്നാണ്. ധൈര്യമുണ്ടോ മുജാഹിദുകാരേ.. ജമാഅത്തുകാരേ... സുന്നികളേ... ഖുർആനികമായി സംവദിക്കാൻ,മീശ വെച്ച ചുണയുള്ള ആണുങ്ങൾ ഉണ്ടോ.. നിങ്ങളുടെ കൂട്ടത്തിൽ. വ്യക്തിപരമായി വിമർശിക്കുന്നത് നാണംകെട്ടവർ മാത്രമാണ്. നിങ്ങൾ വിമർശിച്ചാലും ഒരു ചുക്കുമില്ല.ഞാൻ വെച്ച കാൽ മുന്നോട്ടു തന്നെ. എന്റെ വായടപ്പിക്കാൻ ശ്രമിക്കുന്നെങ്കിൽ അത് നടക്കില്ല.

(തിരുവനന്തപുരം സ്വദേശി ജാമിദ കോഴിക്കോട് യുക്തിവാദി നേതാവിന്റെ വളർത്തു പുത്രിയായെത്തിയതെങ്ങിനെ? സംഘടനയിലേക്കുള്ള കടന്നുവരവും ജീവിത പശ്ചാത്തലവും വിവരിക്കുന്ന അഭിമുഖത്തിന്റെ രണ്ടാം ഭാഗം നാളെ മറുനാടനിൽ)