- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പിന് സാധ്യത; സർവ്വകക്ഷി യോഗം വിളിച്ച് കേന്ദ്രസർക്കാർ; പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയുമടക്കം പങ്കെടുക്കും
ന്യൂഡൽഹി: ജമ്മുകശ്മീരിൽ സർവ്വകക്ഷി യോഗം വിളിച്ച് കേന്ദ്ര സർക്കാർ. ഈ മാസം 24 ന് നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും. നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും.
370-ാം അനുഛേദം റദ്ദാക്കിയ ശേഷം ഇത് ആദ്യമായാണ് ജമ്മുകശ്മീരിലെ പാർട്ടികളും കേന്ദ്രവും തമ്മിലുള്ള കുടിക്കാഴ്ച. ജമ്മുകശ്മീർ ലെഫ്. ഗവർണർ മനോജ് സിൻഹ നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുരക്ഷാസാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച സർവ്വകക്ഷി യോഗം വിളിക്കാനുള്ള നീക്കം.
ആവശ്യമെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാവുന്ന സാഹചര്യം ഉണ്ടെന്ന വിലയിരുത്തലാണ് കേന്ദ്രത്തിനുള്ളത്. തീവ്രവാദ സ്വാധീനം ഉണ്ടെങ്കിലും സ്ഥിതി കൂടുതൽ മെച്ചപ്പെട്ടുവെന്നാണ് ലെഫ്. ഗവർണർ കേന്ദ്രത്തിന് കൈമാറിയ റിപ്പോർട്ട്.
ഡിസംബറിൽ നടത്തിയ തദ്ദേശ തെരഞ്ഞെടുപ്പിൽ കശ്മീരിലെ പാർട്ടികൾ ഉൾപ്പെട്ട ഗുപ്കർ സമിതിയാണ് മുന്നേറ്റമുണ്ടാക്കിയത്. പക്ഷെ ബിജെപിയും കൂടുതൽ സീറ്റുകൾ പിടിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ കശ്മീരിലെ പാർട്ടികളുടെ നിലപാട് കേട്ട ശേഷമാകും കേന്ദ്ര നിലപാട് തീരുമാനിക്കുക.
വ്യാഴാഴ്ചത്തെ സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കണോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഗുപ്കർ സമിതി വ്യക്തമാക്കി. 370-ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെ റഫൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി ഉൾപ്പടെയുള്ള പ്രധാന നേതാക്കളെയെല്ലാം കരുതൽ തടങ്കലിലാക്കിയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് ഇവരെ വിട്ടയച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ഉന്നത സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജമ്മു കശ്മീരിന്റെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്.
ന്യൂസ് ഡെസ്ക്