- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു വർഷത്തെ പ്രണയം എതിർത്തു; മറ്റൊരു വിവാഹത്തിന് നീക്കം; അച്ഛനെ കൊലപ്പെടുത്താൻ കാമുകന്റെ സഹായത്തോടെ ക്വട്ടേഷൻ; വജ്രമോതിരവും പണവും നൽകി; വ്യവസായിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ മകൾ അടക്കം നാല് പേർ അറസ്റ്റിൽ
ജംഷേദ്പുർ: ഝാർഖണ്ഡിലെ ആദിത്യപുരിൽ പ്രണയത്തെ എതിർത്തതിന് അച്ഛനെ ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ മകൾ അടക്കം നാല് പേർ അറസ്റ്റിൽ. വ്യവസായിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് മകളും കാമുകനും ഉൾപ്പെടെ നാലുപേർ അറസ്റ്റിലായത്. വ്യവസായിയായ കനയ്യസിങ്ങിനെ കൊലപ്പെടുത്തിയ കേസിലാണ് മൂത്തമകൾ അപർണ(19) കാമുകനായ രജ് വീർ(21) നിഖിൽ ഗുപ്ത, സൗരഭ് കിസ്‌കു എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കൃത്യം നടത്താൻ ഉപയോഗിച്ച നാടൻതോക്കും വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മകളുടെ പ്രണയം എതിർത്തതാണ് കൊലപാതകത്തിന് കാരണമായതെന്നും കേസിലെ രണ്ട് പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. കൊലയാളി സംഘത്തിന് കൈമാറിയ വജ്രമോതിരം അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ജൂൺ 30-ാം തീയതിയാണ് ഹരി ഓംനഗറിലെ അപ്പാർട്ട്മെന്റിന് പുറത്തുവെച്ച് കനയ്യസിങ് കൊല്ലപ്പെട്ടത്. വാഹനത്തിലെത്തിയ മൂന്നംഗസംഘം കനയ്യസിങ്ങിന് നേരേ വെടിയുതിർത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസിന് ആദ്യദിവസങ്ങളിൽ കടുത്ത വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. സംഭവസ്ഥലത്തും സമീപത്തും സിസിടിവി ക്യാമറകൾ ഇല്ലാതിരുന്നതും ദൃക്സാക്ഷികൾ ഇല്ലാത്തതും അന്വേഷണത്തിന് വെല്ലുവിളിയായി. തുടർന്നാണ് കനയ്യസിങ്ങിന്റെ മകളിലേക്ക് അന്വേഷണം എത്തിയത്.
കനയ്യസിങ്ങിന്റെ മകൾ അപർണയും രജ് വീറും കഴിഞ്ഞ അഞ്ചുവർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ ബന്ധത്തെ കനയ്യസിങ് ശക്തമായി എതിർത്തിരുന്നു. മകളുമായുള്ള അടുപ്പത്തിന്റെ പേരിൽ രജ് വീറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്ന് രജ് വീറും കുടുംബവും ആദിത്യപുരിലെ മറ്റൊരിടത്തേക്ക് താമസംമാറ്റി.
രജ് വീറുമായുള്ള പ്രണയം അറിഞ്ഞതോടെ മറ്റൊരാളുമായി മകളുടെ വിവാഹം നടത്താനായിരുന്നു കനയ്യസിങ്ങിന്റെ ശ്രമം. വീട്ടിൽ വിവാഹാലോചനകൾ തുടങ്ങിയതോടെയാണ് പിതാവിനെ വകവരുത്താൻ അപർണ തീരുമാനിച്ചത്. ഇക്കാര്യം കാമുകനോട് അവതരിപ്പിച്ച യുവതി പിന്നാലെ കൊലപാതകത്തിനുള്ള ആസൂത്രണവും ആരംഭിച്ചു.
കാമുകന്റെ സഹായത്തോടെയാണ് നിഖിൽ ഗുപ്ത, രവി സർദാർ, ഛോട്ടു ഡിഗ്ഗി എന്നിവരെ ക്വട്ടേഷൻ ഏൽപ്പിച്ചത്. ക്വട്ടേഷൻ സംഘത്തിന് തന്റെ വജ്രമോതിരവും പണവും അഡ്വാൻസായി നൽകി. ഇതിനിടെ, രജ് വീർ സൗരഭ് കിസ്‌കു എന്നയാളുടെ സഹായത്തോടെ 8500 രൂപയ്ക്ക് ബിഹാറിൽനിന്ന് നാടൻ തോക്കും സംഘടിപ്പിച്ചു.
ജൂൺ 20-ാം തീയതി കൃത്യം നടത്താനായിരുന്നു പ്രതികളുടെ ആദ്യതീരുമാനം. പിതാവ് പോകുന്ന സ്ഥലങ്ങളെക്കുറിച്ചെല്ലാം അപർണ കൃത്യമായി മറ്റുള്ളവർക്ക് വിവരങ്ങൾ കൈമാറിയിരുന്നു. എന്നാൽ ജൂൺ 20-ാം തീയതിയിലെ പദ്ധതി സംഘത്തിന് നടപ്പാക്കാനായില്ല. തുടർന്നാണ് 29-ാം തീയതി ആദിത്യപുരിലെ അപ്പാർട്ട്മെന്റിൽവെച്ച് കൃത്യം നടത്തിയത്.
ക്വട്ടേഷൻ സംഘാംഗങ്ങളായ നിഖിൽ ഗുപ്ത, രവി സർദാർ, ഛോട്ടു ഡിഗ്ഗി എന്നിവരാണ് കനയ്യസിങ്ങിന് നേരേ വെടിയുതിർത്തത്. സംഭവത്തിന് ശേഷം മൂവരും വ്യത്യസ്ത സ്ഥലങ്ങളിലായി ഒളിവിൽപോയി. ഇവരിൽ നിഖിൽ ഒഴികെ ബാക്കി രണ്ടുപേരും ഇപ്പോഴും ഒളിവിലാണ്.
സംഭവസമയം നിഖിൽ ഗുപ്ത ധരിച്ച വസ്ത്രവും ഇയാളുടെ നാല് മൊബൈൽ ഫോണുകളും കണ്ടെടുത്തു. നേരത്തെ അപർണ നൽകിയ വജ്രമോതിരവും നാലായിരം രൂപയും ഇയാളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. അഡ്വാൻസായാണ് മോതിരവും പണവും നൽകിയതെന്നും കൊലപാതകത്തിന് ശേഷം കൂടുതൽ പണം നൽകാമെന്ന് അപർണയും രജ് വീറും പറഞ്ഞിരുന്നതായും നിഖിൽ ഗുപ്ത പൊലീസിന് മൊഴിനൽകി.
അറസ്റ്റിലായ സൗരഭ് കിസ്‌കു കോൺഗ്രസിന്റെ ജില്ലാ നേതാവ് ഛോത്രെ കിസ്‌കുവിന്റെ മകനാണ്. ഗൂഢാലോചനയിലും തോക്ക് സംഘടിപ്പിച്ച് നൽകിയതിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനാലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണംഘത്തിന് തക്കതായ പാരിതോഷികം നൽകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ന്യൂസ് ഡെസ്ക്