കോഴിക്കോട്: പിളരും തോറും വളരുമെന്ന് പറഞ്ഞ കെഎം മാണിക്ക് പോലും ഇന്ന് ആ അഭിപ്രായം ഉണ്ടാകില്ല. പിളർപ്പുകൾ കേരളാ കോൺഗ്രസ് രാഷ്ട്രീയത്തേയും തകർത്തുവെന്നതാണ് യഥാർത്ഥ്യം. കേഡർ സ്വഭാവമുള്ള അണികളുമായി മുന്നേറിയതിനാൽ പരിക്ക് പറ്റാതെ രക്ഷപ്പെട്ടത് കെ എം മാണി മാത്രവും. പക്ഷേ കേരളാ കോൺഗ്രസിനോളം ശക്തിയില്ലാത്ത ജനതാദൾ കേരളത്തിൽ ഇനിയും പിളരാനാണ് സാധ്യത. നിലവിൽ അഞ്ച് ജനതാദള്ളുകൾ കേരളത്തിലുണ്ട്. ഇത് ഇനിയും ഉയരുമെന്നാണ് സൂചന.

യുഡിഎഫ് പക്ഷത്തും ഇടതുപക്ഷത്തുമുള്ള ദൾ ഘടകങ്ങളിൽ നിലപാടുകളുടെ പേരിലുള്ള അസ്വസ്ഥതകൾ പുതിയ കക്ഷികളുടെ രൂപീകരണത്തിലേക്ക് എത്തിയിരിക്കുകയാണ്. വരും നാളുകളിൽ കൂടുതൽ വിഘടിത വിഭാഗങ്ങൾ വരാനുള്ള സാധ്യതയുമുണ്ട്. എച്ച്.ഡി.ദേവെഗൗഡ നയിക്കുന്ന ജനതാദൾ (എസ്) പാർട്ടിക്കു കേരളത്തിൽ മൂന്ന് എംഎൽഎമാരുണ്ട്. ഇടതുപക്ഷത്താണിവർ. കെ.കൃഷ്ണൻകുട്ടി സംസ്ഥാന പ്രസിഡന്റും മാത്യു ടി. തോമസ് മന്ത്രിയുമാണ്. പലവിധ സംഘടനാ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. മന്ത്രിപദ മോഹമുള്ള കൃഷ്ണൻ കുട്ടി പാർട്ടിയെ പിളർത്തുമെന്നാണ് സൂചന. മറ്റൊരു എംഎൽഎയായ സി നാണുവും കൃഷ്ണൻ കുട്ടിയ്‌ക്കൊപ്പം ചേരാനാണ് സാധ്യത.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് ജനതാദള്ളിനെ നെടുകെ പിളർത്തിയത്. വീരേന്ദ്രകുമാർ യുഡിഎഫിലേക്ക് കൂടുമാറിയപ്പോൾ മാത്യു ടി തോമസ് ഇടതുപക്ഷത്ത് നിലയുറപ്പിച്ചു. ഇതോടെ വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനത എന്ന പാർട്ടി ജെഡിയുവിൽ ലയിക്കുകയായിരുന്നു. നിതീഷ് കുമാർ ബിജെപിയോട് ചേർന്നപ്പോൾ വീരേന്ദ്രകുമാർ ജനതാദൾ ശരത് യാദവ് പക്ഷത്തായി. യുഡിഎഫ് പക്ഷത്തുണ്ടായിരുന്ന വീരേന്ദ്രകുമാർ ഇപ്പോൾ ഇടതിനൊപ്പമാണ്. യുവ ജനതാദൾ നേതാക്കളടക്കം ചിലർ യുഡിഎഫ് വിടുന്നതിനോടു വിയോജിപ്പു പ്രകടിപ്പിച്ചു രംഗത്തു വന്നിട്ടുണ്ട്. ഇവർ പ്രത്യേക പാർട്ടിയായി നിൽക്കാനുള്ള ആലോചനയിലുമാണ്. ലോക്താന്ത്രിക് ജനതാദൾ എന്ന പേരിൽ ശരദ് യാദവ് വിഭാഗം പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കത്തിലാണ്.

അങ്ങനെ വന്നാൽ ഇവർ പുതിയ പാർട്ടിയുണ്ടാക്കി യുഡിഎഫിൽ തുടരും. ബിജെപിക്കൊപ്പവും കേരളത്തിൽ ജനതാദള്ളുണ്ട്. എംപി.വീരേന്ദ്രകുമാർ വിമതനാണെന്നും തങ്ങളാണു യഥാർഥ ജെഡിയു എന്നും കേരളത്തിൽ നിതീഷ് കുമാറിനെ പിന്തുണയ്ക്കുന്ന വിഭാഗം പറയുന്നു. എ.എസ്.രാധാകൃഷ്ണനാണ് ഈ വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റ്. വീരേന്ദ്രകുമാർ നിർദേശിച്ചാലും തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ഇടതു നിലപാടു സ്വീകരിക്കാൻ കഴിയില്ലെന്നും വിപ്പ് നൽകാനുള്ള അധികാരം തങ്ങൾക്കാണെന്നും ഇവർ പറയുന്നു.

നേരത്തേ വീരേന്ദ്രകുമാർ വിഭാഗം യുഡിഎഫിലേക്കു പോയപ്പോൾ ഇടതു നിലപാടു സ്വീകരിച്ചു മാറി നിന്നവരാണു ജനതാദൾ (ലെഫ്റ്റ്). ഇടതുമുന്നണിയിൽ ഘടകകക്ഷിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. എളമന ഹരിദാസാണു സംസ്ഥാന പ്രസിഡന്റ്. ബി.രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറിയും. ജനതാദൾ പാർട്ടിയുടെ അമ്പ് ചിഹ്നത്തിനൊപ്പം യുഡിഎഫ് എന്നെഴുതിയ പതാകയാണു ജനതാദൾ (യുയുഡിഎഫ് )വിഭാഗത്തിന്റേത്. വീരേന്ദ്രകുമാറിന്റെ ഇടതു പ്രവേശനത്തെ എതിർക്കുകയും യുഡിഎഫ് പക്ഷത്തു നിൽക്കുകയും ചെയ്യുന്നവരാണ് ഇവർ. പാർട്ടിയുടെ സംസ്ഥാന നേതാവ് ജോൺ ജോൺ നയിക്കുന്ന ജനതാ സന്ദേശയാത്ര സംസ്ഥാനത്തു നടന്നുവരികയാണ്.

ഇവയ്‌ക്കെല്ലാം പുറമെ അഖിലേഷ് യാദവ് നയിക്കുന്ന സമാജ്വാദി പാർട്ടിയുടെയും റാംവിലാസ് പാസ്വാന്റെ ലോക്ജനശക്തിയുടെയും സംസ്ഥാന കമ്മിറ്റിയും ചിലയിടത്തു ജില്ലാ കമ്മിറ്റികളും കേരളത്തിലുണ്ട്. അങ്ങനെ കേരളത്തിലെങ്ങും സോഷ്യലിസ്റ്റ് പാർട്ടികൾ നിറയുകയാണ്. താമസിയാതെ രണ്ട് ജനതാദൾ ഗ്രൂപ്പ് കൂടിയുണ്ടാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.