കണ്ണൂർ: കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് കടന്നുപോകുന്നത മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലൂടെ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നാട്ടിലും യാത് കടന്നുപോകുമ്പോൾ ഒപ്പം സഞ്ചരിക്കാൻ പാർട്ടി ദേശീയ അധ്യക്ഷൻ അമിത്ഷായും പങ്കുചേരും. സിപിഎമ്മിനെതിരേ രാജ്യവ്യാപക പ്രക്ഷോഭ പ്രഖ്യാപനവുമായി ആരംഭിച്ച യാത്രയുടെ ഉദ്ഘാടകനും അദ്ദേഹമായിരുന്നു. ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് അമിത് ഷാ വീണ്ടു കേരളത്തിൽ എത്തുക.

17നു തിരുവനന്തപുരത്തു ജാഥ സമാപിക്കുമ്പോൾ, കേരളത്തിൽനിന്നു സിപിഎമ്മിനെ പിഴുതെറിയുന്ന നാളുകൾക്കു തുടക്കംകുറിക്കുമെന്നു പ്രഖ്യാപിച്ച അമിത് ഷാ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നാട്ടിൽ പ്രസംഗിക്കും. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്വം പിണറായി വിജയനാണെന്ന് പേരെടുത്തു  പറഞ്ഞായിരുന്നു ജനരക്ഷാ യാത്ര ഉദ്ഘാടന വേദിയിൽ അമിത് ഷാ വിമർശിച്ചത്. മമ്പറം മുതൽ തലശേരി വരെയാണ് ഇന്നു പദയാത്ര. രാവിലെ 10നു മമ്പറം ടൗണിൽനിന്നാരംഭിക്കുന്ന ജാഥയിൽ അമിത് ഷാ അണിചേരും. തലശേി പുതിയ ബസ് സ്റ്റാൻഡിൽ വൈകിട്ട് അഞ്ചിന് അദ്ദേഹം പൊതുയോഗത്തിൽ പ്രസംഗിക്കും.

അതേസമയം ജാഥ കടന്നുപോകുന്ന വഴിയിൽ പിണറായിയിൽ കടകൾ അടച്ച് ഹർത്താൽ ആചരിക്കാനും തീരുമാനമുണ്ട്. പിണറായി ഓലയമ്പലത്തു സിപിഎമ്മിന്റെ നേതൃത്വത്തിൽ കടകളടച്ച് ഹർത്താൽ ആചരിക്കും. അടച്ച കടകൾക്കു മുന്നിൽ സ്ഥാപിക്കാൻ വികസനനായകൻ പിണറായി ഐന്നഴുതിയ പിണറായി വിജയന്റെ ഫോട്ടോ ആലേഖനം ചെയ്ത പോസ്റ്ററും നൽകിയിട്ടുണ്ട്. രാവിലെ പതിനൊന്നോടെയാണ് പിണറായി വഴി ജാഥ കടന്നുപോകുന്നത്. ഇന്നലെ വൈകിട്ടാണു സി.പി.എം. പ്രവർത്തകർ കടകളിലെത്തി ഇന്ന് ഉച്ചവരെ ഹർത്താൽ ആചരിക്കാൻ ആവശ്യപ്പെട്ടതെന്നു വ്യാപാരികൾ പറഞ്ഞു.

അതേസമയം കനത്ത സുരക്ഷയിലാണ് ജാഥ കടന്നു പോകുന്ന സ്ഥലങ്ങളിൽ. സി.പി.എം-ബിജെപി സംഘട്ടനം പതിവായ ഇവിടങ്ങളിൽ സംഘർഷം ഒഴിവാക്കാൻ സിപിഎമ്മും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇന്നലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ജനരക്ഷായാത്രയിൽ പങ്കെത്തത്. യാത്രയിൽ കടുത്ത ഭാഷയിൽ യോഗി കേരളത്തെ വിമർശിച്ചിരുന്നു. പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കഴിയാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് എവിടെയൊക്കെ ശക്തിയുണ്ടോ അവിടെയൊക്കെ രാഷ്ട്രീയ കൊലപാതകങ്ങൾ സാധാരണമാണ്. കമ്മ്യൂണിസ്റ്റുകൾ ഭരണത്തിലിരിക്കുന്ന ത്രിപുരയും കേരളവും മുൻപ് ഭരിച്ച ബംഗാളും രാഷ്ട്രീയ കൊലപാതകങ്ങൾ പതിവായി നടക്കുന്ന സ്ഥലങ്ങളാണ്.

പതിമൂന്നു സംസ്ഥാനങ്ങൾ ബിജെപി ഒറ്റയ്ക്കും നാലെണ്ണം ഘടകകക്ഷികളോടൊത്തും ഭരിക്കുന്നുണ്ട്. ആ സർക്കാരുകളൊന്നും രാഷ്ട്രീയ കൊലപാതകങ്ങൾക്ക് നേതൃത്വം നൽകുന്നില്ല. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് വിശ്വസിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സി.പി.എം ഭരണത്തിൽ കൊല്ലപ്പെടുന്നതിൽ കൂടുതലും ദളിത്, പിന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവരാണ്. മുഖ്യമന്ത്രിയുടെ സ്വന്തം സ്ഥലത്ത് തന്നെ സാധാരണക്കാർ കൊല്ലപ്പെടുകയാണ്. സാധാരണക്കാർക്ക് സുരക്ഷ ഉറപ്പാക്കാനാണ് ബിജെപി ഈ യാത്ര നടത്തുന്നത്.

ക്രമസമാധാനം ഉറപ്പാക്കേണ്ട ചുമതല സംസ്ഥാന സർക്കാരുകളുടേതാണ്. അതിൽ ദയനീയമായി പരാജയപ്പെട്ട സർക്കാരാണ് പിണറായി വിജയന്റേത്. ചിക്കുൻ ഗുനിയ ഉൾെപ്പടെയുള്ള പനി മൂലം ആയിരത്തോളം ജനങ്ങളാണ് കേരളത്തിൽ മരിച്ചത്. ഇത് കേരള സർക്കാരിന്റെ ഭരണത്തിന് നേരെ പിടിച്ച കണ്ണാടിയാണെന്നും യോഗി പറഞ്ഞു.