- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20 രൂപയ്ക്ക് ഊണ് കിട്ടുന്ന ജനകീയ ഹോട്ടലുകൾ ഉയർത്തികാട്ടി വോട്ട് വാങ്ങി; രാപ്പകലില്ലാതെ അധ്വാനിച്ച് ഹോട്ടൽ വിജയിപ്പിച്ചവർക്ക് ഇന്ന് കടം മാത്രം ബാക്കി; സബ്സിഡി കിട്ടിയിട്ട് നാല് മാസം; ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിൽ
തിരുവനന്തപുരം: നാളെ പുതിയ ധനകാര്യമന്ത്രി ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച 20 രൂപയ്ക്ക് ഊണ് നൽകുന്ന ജനകീയ ഹോട്ടലുകൾ സർക്കാർ വാഗ്ദാനം ചെയ്ത സബ്സിഡി തുക കിട്ടാതെ പ്രതിസന്ധിയിൽ.
ഹോട്ടലുകൾ നടത്തുന്ന കുടുംബശ്രീ യൂണിറ്റുകൾക്ക് കഴിഞ്ഞ നാല് മാസമായി സർക്കാർ സബ്സിഡി നൽകുന്നില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് കാരണമെന്നും അഞ്ചുകോടി രൂപ കുടിശിക തുക ഉടൻ കൊടുത്തു തീർക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
ഒന്നാം പിണറായി സർക്കാരിന്റെ ഭരണനേട്ടമായി ഉയർത്തിക്കാണിച്ച ജനകീയ ഹോട്ടൽ പദ്ധതി രാപ്പകലില്ലാതെ അധ്വാനിച്ച് വിജയിപ്പിച്ചവർ ഇന്ന് ദുരിതത്തിലാണ്. ഹോട്ടൽ നടത്തിയതിന്റെ കടം മാത്രമാണ് ബാക്കി.
കോവിഡ് ദുരിതത്തിനിടെ ജനത്തിന് ആശ്വാസമായിരുന്നു 20 രൂപയ്ക്കുള്ള ഊണ്. അവർക്ക് പത്തുരൂപ വീതം സർക്കാർ കുടുംബശ്രീ വഴി സബ്സിഡി നൽകും എന്നായിരുന്നു വാഗ്ദാനം. എന്നാൽ നാലുമാസമായി സബ്സിഡി തുക കിട്ടിയിട്ട്.
1078 ജനകീയ ഹോട്ടലുകൾ സംസ്ഥാനത്തുണ്ട്. സബ്സിഡി നൽകാൻ പ്രതിദിനം ശരാശരി 15 ലക്ഷം രൂപ വേണ്ടിവരും. കഴിഞ്ഞ വർഷം പദ്ധതിക്കായി അനുവദിച്ച 24 കോടി രൂപ തീർന്നതോടെയാണ് പ്രതിസന്ധി തുടങ്ങിയത്.
അഞ്ചു കോടി രൂപ കുടിശിക കൊടുത്തുതീർക്കാനുണ്ടെന്ന് കുടുംബശ്രീ അധികൃതർ പറയുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തീർന്നയുടൻ കുടിശികയുൾപ്പടെ 60 കോടി രൂപ വേണമെന്നാവശ്യപ്പെട്ട് കത്തയച്ചു. ധനവകുപ്പ് പാസാക്കിയ 20 കോടി തദ്ദേശസ്വയംഭരണവകുപ്പിലെത്തി. ഇതുടൻ വിതരണം ചെയ്യുമെന്നും അധികൃതർ അവകാശപ്പെടുന്നു. ബാക്കി തുക നാളെത്തെ ബജറ്റിൽ അനുവദിക്കണം.
മറുനാടന് മലയാളി ബ്യൂറോ