- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് ആർ പിയുടെ കുട്ടിക്കാലത്തെ ശാഖാ ബന്ധത്തിന് പിന്നാലെ സിപിഎമ്മിനെ പിടിച്ചുലച്ച് ജനം ടിവിയിലെ ഓഹരിയും; മന്ത്രി ജി സുധാകരന്റെ മകന് ആർഎസ് എസ് നിയന്ത്രിത ചാനലിൽ ഓഹരിയുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നിൽ സ്വർണ്ണ കടത്തിൽ അനിൽ നമ്പ്യാരുടെ ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാനുള്ള പരിവാർ തന്ത്രം; വെട്ടിലായി സൈബർ സഖാക്കളും; ഒന്നും മിണ്ടാതെ സുധാകരന്റെ മൗനം; സ്വർണ്ണ കടത്തിൽ ചാനൽ വിവാദം തുടരുമ്പോൾ
തിരുവനന്തപുരം: ആർഎസ്എസ് ബിജെപി ചാനലെന്നു സിപിഎം പറയുന്ന ജനം ടിവിയിൽ മന്ത്രി ജി. സുധാകരന്റെ മകന് ഓഹരി ഉണ്ടെന്നു വെളിപ്പെടുത്തൽ രാഷ്ട്രീയ ചർച്ചയാകുന്നു. ചാനൽ ചർച്ചയിൽ ജനം ടിവിയുടെ ചീഫ് എഡിറ്റർ ജി.കെ. സുരേഷ് ബാബുവാണു ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാദത്തിൽ ഇനിയും പ്രതികരണത്തിന് മന്ത്രി ജി സുധാകരൻ തയ്യാറായിട്ടില്ല.
ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തതിനു പിന്നാലെ ചാനലിനും ബിജെപിക്കുമെതിരെ സിപിഎം ശക്തമായി തിരിഞ്ഞിരുന്നു. ജനം ടിവി ആർഎസ്എസ്-ബിജെപി ചാനലാണെന്നും അനിലിനെ ചോദ്യം ചെയ്തതു ബിജെപി വിശദീകരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനു ചാനലിൽ ഓഹരി ഉണ്ടെന്ന പ്രചാരണവും ഇതിനിടയിലുണ്ടായി. സൈബർ സഖാക്കളാണ് ഇത്തരത്തിൽ വാദവുമായി എത്തിയത്. ഇതിനെ പ്രതിരോധിക്കാനാണ് വെളിപ്പെടുത്തലുമായി ജനം ടിവി എത്തുന്നത്. ദേശീയതയിൽ ഊന്നി പ്രവർത്തിക്കുന്ന സ്വതന്ത്ര ചാനലാണ് ജനമെന്ന് വിശദീകരിക്കാനാണ് ശ്രമം.
ഇതോടെയാണ് 'മന്ത്രിസഭയിലെ ശക്തനായ മന്ത്രി ജി. സുധാകരന്റെ മകനും ചില സിപിഎമ്മുകാർക്കും അടക്കം ഓഹരിയുള്ള ചാനലാണ്' ജനം ടിവിയെന്നു ചീഫ് എഡിറ്റർ വ്യക്തമാക്കിയത്. 5200 ഓഹരി ഉടമകൾ ചാനലിനുണ്ട്. ഓട്ടോ റിക്ഷ ഓടിക്കുന്നവർ മുതൽ രാഷ്ട്രീയക്കാർ വരെയുള്ള ദേശസ്നേഹികളായവരാണ് ഇവരെല്ലാമെന്നും ചാനൽ അവകാശപ്പെട്ടു. ചാനലിൽ നിന്നു താൽക്കാലികമായി ഒഴിവാക്കപ്പെട്ട അനിൽ നമ്പ്യാർ ജനം ടിവിയുടെ മൂന്നൂറോളം ജീവനക്കാരിൽ ഒരാൾ മാത്രമാണെന്നും ഓഹരി ഉടമയല്ലെന്നും ചാനൽ എം.ഡി: പി.വിശ്വരൂപൻ പറഞ്ഞു. ചാനലിൽ ആരൊക്കെ ഓഹരി എടുത്തിട്ടുണ്ടെന്നു രജിസ്റ്റ്രാർ ഓഫ് കമ്പനി വെബ്സൈറ്റിൽ വ്യക്തമാണെന്നും അദ്ദേഹം അറിയിച്ചു.
മന്ത്രിയുടെ മകന് കൈരളി ടി.വിയിൽ ഷെയറുണ്ടോയെന്ന് ചോദിച്ച ചീഫ് എഡിറ്റർ നിരവധി സിപിഎമ്മുകാർക്കും ചാനലിൽ ഷെയറുണ്ടെന്നും അദ്ദേഹം പറയുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള ആർ.എസ്.എസ് ശിക്ഷകായിരുന്നുവെന്ന ബിജെപി മുഖപത്രത്തിന്റെ വെളിപ്പെടുത്തൽ വിവാദം സൃഷ്ടിച്ചതിനിനുപിന്നാലെയാണ് സിപിഎമ്മിനെ വെട്ടിലാക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായി ജനം ചാനൽ തന്നെ രംഗത്തെത്തിയിരിക്കുന്നത് പുതിയ വിവാദങ്ങൾക്ക് തുടക്കം കുറിക്കും. ശത്രുക്കളെപോലെ പെരുമാറുകയാണെങ്കിലും സിപിഎമ്മും ബിജെപിയും ആവശ്യമുള്ളപ്പോഴൊക്കെ കൂട്ടുകക്ഷികളാണെന്ന് പ്രതിപക്ഷ നേതാവ് ഇന്നലെ ആരോപിച്ചിരുന്നു. അതിനിടെ സുധാകരന്റെ മകനുമായി ബന്ധപ്പെട്ട ജനം ടിവി വെളിപ്പെടുത്തലിനെ കരുതലോടെ മാത്രമേ സിപിഎം നേരിടൂ.
സുധാകരന്റെ മകന് ജനം ടിവിയിൽ ഷെയർ ഉണ്ടെന്ന വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. കരുതലോടെയായിരുന്നു പ്രതികരണം. ആരോപണം നിഷേധിച്ചതുമില്ല. അതിനകത്ത് ആർക്കൊക്കെ ഷെയർ ഉണ്ടെന്ന് എനിക്ക് അറിയില്ല. സുധാകരന്റെ മകന് എവിടെയൊക്കെ ഷെയർ ഉണ്ടെന്നും എനിക്ക് അറിയില്ല. പറയുന്ന കാര്യങ്ങളിൽ വസ്തുത വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെ സൈബർ ഇടങ്ങളിലും ഇത് ചർച്ചയായി. സുധാകരന്റെ ചിത്രം പങ്കുവച്ച് 'സംഘ്യൂണിസ്റ്റ്' എന്ന് പരിഹസിച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎയും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം.
അതിനിടെ അനിൽ നമ്പ്യാർ ജനം ടിവിയിൽ ജോലി ചെയ്യുന്നു എന്ന അറിവിനപ്പുറം അദ്ദേഹവുമായി ഒരടുപ്പവുമില്ലന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പ്രതികരിച്ചു. ജനം ടിവിയുമായി ബന്ധപ്പെട്ട കാര്യത്തിന് ചീഫ് എഡിറ്ററോ മാനേജിങ് എഡിറ്ററോ ആണ് വിളിക്കാറുണ്ടായിരുന്നത്. അനിൽ നമ്പ്യാർ എന്നെയോ ഞാൻ തിരിച്ചോ വിളിച്ചിട്ടില്ല. മുരളീധരൻ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അനിൽ നമ്പ്യാരുടെ മൊഴിയും കസ്റ്റംസ് എടുത്തിരുന്നു.
തുടർന്ന് അനിലിനെ ജനം ടിവിയുടെ ചുമതലയിൽനിന്ന് മാറ്റി. വി മുരളീധരനു വേണ്ടിയാണ് സ്വപ്നയുമായി അനിൽ സംസാരിച്ചത് എന്നാണ് സിപിഎം പ്രചരണം. മുരളീധരന്റെ ഫോൺ പരിശോധിക്കണമെന്ന് ഇടതുമുന്നണി ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ