തിരുവനന്തപുരം: കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. ഇമ്പമില്ലെങ്കിൽ ഭൂകമ്പമാകും ഉണ്ടാവുക. സംഘപരിവാർ ആശയങ്ങളോട് ചായ്‌വും സ്‌നേഹവുമുള്ള ചാനലായ ജനം ടിവിയിൽ വീണ്ടും ഇമ്പം നഷ്ടമായെന്നാണ് അണിയറ സംസാരം. ചാനലിൽ,ഏറെ നാളായി ന്യൂസ് വിഭാഗത്തെ നയിക്കാൻ തലപ്പത്ത് ചീഫ് എഡിറ്ററോ, എക്‌സിക്യൂട്ടീവ് എഡിറ്ററോ ഇല്ലായിരുന്നു. ജനുവരി 31 മുതൽ അതിന് പരിഹാരമായി. അമൃത ടിവിയിൽ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന ജി.കെ.സുരേഷ് ബാബുവാണ് ന്യൂസ് വിഭാഗത്തിന്റെ പുതിയ ചീഫ് എഡിറ്റർ. നേരത്തെ ചാനലിന്റെ സിഇഒയും, എക്‌സിക്യൂട്ടീവ് എഡിറ്ററുമായിരുന്ന രാജേഷ്.ജി.പിള്ള ഒരുവർഷം മുമ്പേ മാനേജ്‌മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പദവി ഒഴിഞ്ഞിരുന്നു. ഇതിന് ശേഷം നാഥനില്ലാകളരിയായ വാർത്താവിഭാഗം കോഡിനേറ്റിങ് എഡിറ്റർ ആർ.രാധാകൃഷ്ണന്റെ ചുമതലയിൽ ആയിരുന്നു. ജികെ.സുരേഷ് ബാബു ചീഫ് എഡിറ്ററായി ചുമതലയേറ്റതോടെ കാര്യം മാറി, കഥമാറി.

ജനം ടിവിയുടെ ബാർക് റേറ്റിങ് അടുത്തിടെ ഉയർന്നത് വാർത്തയായിരുന്നു.പീപ്പിളിനെയും മീഡിയവണ്ണിനെയും ഒക്കെ പിന്നിലാക്കി ജനം അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചത് ജീവനക്കാർക്കും മാനേജ്‌മെന്റിനും ആശ്വാസവും സന്തോഷവുമായിരുന്നു. ന്യൂസ് 18 കേരളയുടെ തൊട്ടുതാഴെയുമെത്തി. എന്നാൽ,ഏറ്റവും ഒടുവിൽ വന്ന റേറ്റിങ് ചാർട്ട് എല്ലാവരെയും നിരാശരാക്കി. ജനം ടിവി ഏഴാം സ്ഥാനത്തേക്ക് കൂപ്പ് കുത്തി. ഏഷ്യാനെറ്റ് ന്യൂസിനും, മനോരമ ന്യൂസിനും, മാതൃഭൂമി ന്യൂസിനും, മീഡിയ വണ്ണിനും, ന്യൂസ് 18 കേരളയ്ക്കും, പീപ്പിളിനും താഴെയാണ് ജനം ടിവിയുടെ സ്ഥാനം. 10.87 ശതമാനം മാത്രം റേറ്റിങ്.

റേറ്റിങ് കുറഞ്ഞത് എന്തുകൊണ്ടെന്ന കാര്യത്തിൽ ആത്മപരിശോധന നടത്തേണ്ടത് ചാനൽ തന്നെയാണ്.എന്നാൽ, വാർത്താതിരഞ്ഞെടുപ്പിലും, വാർത്താവിന്യാസത്തിലും വന്ന ചില മാറ്റങ്ങളാണ് റേറ്റിങ് കുറച്ചതെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം.ദേശീയത എന്ന ആശയത്തിന്റെ പ്രകാശനമാണ് ചാനൽ ആദ്യം മുതലേ യാഥാർഥ്യമാക്കാൻ ശ്രമിക്കുന്നത്. ഇതിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായെങ്കിലും തങ്ങളുടെ ടാർജറ്റ് ഓഡിയൻസായ സംഘപരിവാർ വിഭാഗത്തെ തൃപ്തിപ്പെടുത്താൻ പോന്ന വിഭവങ്ങൾ ഒരുക്കാൻ ആദ്യം മുതലേ ശ്രദ്ധിച്ചുപോന്നു.വാർത്താചാനൽ ആകുന്നതിന് മുമ്പ് തന്നെ ആർഎസ്എസ്-ബിജെപി ആശയങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന വലതുപക്ഷ നിലപാടാണ് ചാനൽ ഉയർത്തിപ്പിടിച്ചത്. വാർത്താചാനലായ ശേഷം ഹിന്ദുത്വവാദത്തെ മുറുകെ പിടിക്കുന്ന വാർത്തകൾ ഏറുകയും ചാനൽ റേറ്റിങ് ഉയർത്തുന്നതിൽ ഗണ്യമായ പങ്കു വഹിക്കുകയും ചെയ്തു. ഇതിനൊപ്പം ചില എക്‌സക്ലൂസീവ് വാർത്തകൾ കൂടിയായതോടെ കാര്യങ്ങൾ ഉഷാറായി.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ഭാവിയിൽ വാർത്താവിഭാഗത്തിന് കുതിപ്പ് നൽകാൻ ലക്ഷ്യമിട്ടാണ് അമൃത ടിവിയിൽ നിന്ന് ജി.കെ.സുരേഷ് ബാബുവിനെ കൊണ്ടുവന്നത്. ആർഎസ്എസ് താത്വികാചാര്യനായ പി.പരമേശ്വരന്റെ അനുഗ്രഹാശിസുകളോടെയാണ് ജികെ എന്നറിയപ്പെടുന്ന സുരേഷ് ബാബു ജനം ടിവിയിൽ ചീഫ് എഡിറ്ററായി എത്തിയത്. എന്നാൽ, പരിചയസമ്പന്നനായ ജികെ എത്തിയതോടെ, കോഡിനേറ്റിങ് എഡിറ്റർ ആർ.രാധാകൃഷ്ണൻ ആന പിണങ്ങിയ പോലെ മാറി നിൽക്കുന്നുവെന്നാണ് സംസാരം. ജികെ വിളിക്കുന്ന എഡിറ്റോറിയൽ മീറ്റിങ്ങുകളിൽ രാധാകൃഷ്ണൻ പങ്കെടുക്കാറില്ല. വിളിച്ചാൽ ഫോണും എടുക്കില്ല.

ഇതിന് പുറമേ ചാനലിലെ ഇരിപ്പുമുറികളിൽ വരുത്തിയ പരിഷ്‌കാരവും രാധാകൃഷ്ണനെ പ്രകോപിപ്പിച്ചു.എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന രാജേഷ് പിള്ളയുടെ മുറി ചാനൽ എംഡിയും മറ്റും വരുമ്പോൾ ഉപയോഗിക്കാനായി മാറ്റിവച്ചതാണ് ശണ്ഠയുടെ തുടക്കം. രാധാകൃഷ്ണൻ ഇരുന്നിരുന്ന ന്യൂസ് ഡസ്‌കിനോട് ചേർന്ന മുറിയിൽ നിന്ന് അദ്ദേഹത്തെ മാറ്റി.വാർത്താ ഡസ്‌കിനോട് ചേർന്ന് വേണം ചീഫ് എഡിറ്റർ ഇരിക്കാനെന്ന സദുദ്ദേശ്യത്തിൽ വരുത്തിയ മാറ്റമാണിതെങ്കിലും രാധാകൃഷ്ണന് ഇതിനോട് പൊരുത്തപ്പെടാനായില്ല. തന്നെ വീഡിയോ എഡിറ്റർമാരുടെ ക്യുബിക്കിളുകളിൽ ഒന്നിലേക്ക് ഒതുക്കിയതിൽ രാധാകൃഷ്ണൻ കടുത്ത അമർഷത്തിലാണ്.

ഇതിന് പുറമേയാണ് എഡിറ്റോറിയൽ നയത്തിൽ ജികെ വരുത്തിയ ചില മാറ്റങ്ങൾ രാധാകൃഷ്ണനും എഡിറ്റോറിയലിലെ ഒരുവിഭാഗത്തിനും പഥ്യക്കേടുണ്ടാക്കിയത്.എല്ലാത്തരം വാർത്തകളും ബുള്ളറ്റിനുകളിൽ ഉൾപ്പെടുത്തണമെന്ന നയമാണ് ജി.കെ.സുരേഷ് ബാബു സ്വീകരിച്ചിരിക്കുന്നത്. എക്‌സ്‌ക്ലൂസീവുകളും, ബ്രേക്കിങ് സ്റ്റോറീസും അടക്കം എല്ലാം താനറിയാതെ കൊടുക്കരുതെന്നും ചട്ടം കെട്ടി. രാധാകൃഷ്ണൻ കൊണ്ടുവന്ന ഒരു ബ്രേക്കിങ് സ്‌റ്റോറി മാറ്റി വയ്ക്കാൻ പറഞ്ഞതും ഈർഷ്യയുണ്ടാക്കി. ഹാപ്പനിങ് അവേഴ്‌സിൽ, ബുള്ളറ്റിൻ ഹെഡ്‌ലൈനുകളിലും റീക്യാപിലും അന്താരാഷ്ട്ര വാർത്തയും, കായിക വാർത്തയും നിർബന്ധമായും ഉണ്ടാകണമെന്ന് ജികെ നിഷ്‌കർഷിച്ചത് എഡിറ്റോറിയൽ വിഭാഗത്തിലെ ഒരുവിഭാഗത്തിന് സ്വീകാര്യമായില്ല.

സംഘപരിവാറിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ചീഫ് എഡിറ്ററായി ജി.കെ.സുരേഷ് ബാബുവിനെ നിയോഗിച്ചത്. ഏറെ നാളായി ഒഴിഞ്ഞുകിടന്ന സ്ഥാനത്തേക്ക് ആളെത്തി ചൂട് മാറും മുമ്പേ എതിർപ്പ് പ്രകടിപ്പിക്കുന്നത് നീതിയല്ലെന്ന ചിന്തിക്കുന്നവർ എഡിറ്റോറിയൽ വിഭാഗത്തിലുണ്ട്.ചീഫ് എഡിറ്റർ ചുമതലയേറ്റപ്പോൾ തന്നെ കോഡിനേറ്റിംഗ എഡിറ്റർ പിണങ്ങി മുഖം കറുപ്പിക്കുന്നതിന്റെ ഔചിത്യവും ചിലർ ചോദ്യം ചെയ്യുന്നു.

.ചാനൽ ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായ ലാൽ കൃഷ്ണ ഇതിനകം രാജി കത്ത് നൽകി കഴിഞ്ഞു. ഈ മാസം 28 ന് അദ്ദേഹം ചാനൽ വിടുമെന്ന് അറിയുന്നു.ഈ സാഹചര്യത്തിൽ, തലപ്പത്ത് ആരായാലും, ഇടക്കാലത്ത് ഉയർന്ന് വന്ന ചാനൽ റേറ്റിങ് നിലനിർത്താനാവണം നടപടികൾ വേണ്ടതെന്നാണ് നിഷ്പക്ഷമതികളുടെ അഭിപ്രായം. എല്ലാവരെയും ഒത്തിണക്കി കൊണ്ടുപോകുന്ന സമീപനം കൂടിയായാൽ ചാനലിനെ പിടിച്ചാൽ കിട്ടില്ലെന്നാണ് ജീവനക്കാർ തന്നെ പറയുന്നത്. ചാനൽ തലപ്പത്തുള്ളവർ പലപ്പോഴും ആവർത്തിക്കാറുള്ള ആപ്തവാക്യം അവർ ഓർമിപ്പിക്കുന്നു...കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം.അല്ലെങ്കിൽ ഭൂകമ്പമുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!