തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ ചാനലുകളെ പിന്തള്ളി ശബരിമല തുലാമാസ പൂജക്കായി നട തുറന്ന വേളയിൽ ആവേശ റിപ്പോർട്ടുകൾ നൽകിയ ജനം ടിവി ബാർക്ക് റേറ്റിംഗിൽ 43ാം ആഴ്‌ച്ച രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. മലയാളി വാർത്താചാനൽ രംഗത്ത് അമ്പരപ്പിനാണ് ജനം ടിവിയുടെ ഈ കുതിപ്പ് ഇടയാക്കിയത്. കേരള ജനത വൈകാരികമായി കണ്ട ശബരിമല വിഷയത്തിലെ റിപ്പോർട്ടുകളെ തുടർന്നാണ് ചാനൽ റേറ്റിംഗിൽ ജനം ടിവി കുതിപ്പു തുടങ്ങിയത്. ഏറ്റവും ഒടുവിൽ പുറത്തുവന്ന ചാനൽ റേറ്റിങ് പ്രകാരം കഴിഞ്ഞ ആഴ്‌ച്ച രണ്ടാം സ്ഥാനത്തായിരുന്ന ജനം ടിവി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും മാതൃഭൂമി ന്യൂസിന് ഭീഷണിയായി നിലനിൽക്കുകയാണ് ചാനൽ.

ജനം ടിവിയെ സംബന്ധിച്ചിടത്തോളം ഇത് നേട്ടമാണ്. അതേസമയം 43ാം ആഴ്‌ച്ചയിലെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മനോരമ ന്യൂസ് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചു കയറി. മീഡിയാ വൺ ചാനലാണ് നാലാം സ്ഥാനത്ത് ഇടംപിടിച്ചത്. ന്യൂസ് 18 ചാനൽ ആകട്ടെ അഞ്ചാം സ്ഥാനത്തും പീപ്പിൾ ടിവി ആറാം സ്ഥാനത്താണ്. ഒക്ടോബർ 27ാം തീയ്യതി മുതൽ നവംബർ രണ്ട് വരെയുള്ള ദിവസങ്ങളിലെ റേറ്റിംഗാണ് പുറത്തുവന്നത്.

അതേസമയം രണ്ടാം സ്ഥാനത്തേക്കാണ് മത്സരം മുറുകുന്നതെങ്കിലും ഒന്നാംസ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസിനെ വെല്ലാൻ ആരുമില്ല. 44638 പോയിന്റുമായാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള മനോരമ ന്യൂസിന് ലഭിച്ച വീക്കിലി ഇംപ്രഷൻ 24990 ആണ്. ജനം ടിവിക്ക് 21391 പോയിന്റും ലഭിച്ചു. മാതൃഭൂമിക്ക് 19843 പോയിന്റാണ് ലഭിച്ചത്. മലയാളം ചാനൽ രംഗത്ത് മത്സരം മുറുകുന്നു എന്ന തെളിവാണ് പുറത്തുവന്ന ബാർക്ക് റിപ്പോർട്ട്.

നേരത്തെ ഒക്ടോബർ 20 മുതൽ 26 വരെയുള്ള ആഴ്ചയിലെ ബാർക്ക് റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് ജനം ടി വി രണ്ടാം സ്ഥാനത്ത് എത്തിയത്. ശബരിമല വിഷയം ദേശീയതലത്തിൽ വിഷയമായി കത്തി നിന്ന സമയത്ത് ജനം ചാനൽ നൽകിയ വാർത്തകളാണ് അവർക്ക് ചാനൽ രംഗത്ത് കുതിപ്പിന് വഴിമരുന്നിട്ടത്. ശബരിമല യുവതി പ്രവേശന വിഷയം എത്രമേൽ മലയാളി സമൂഹം ശ്രദ്ധയോടെ വീക്ഷിച്ചു എന്നതിന്റെ തെളിവു കൂടിയാണ് റേറ്റിംഗിൽ സംഘപരിവാർ അനുകൂല ചാനൽ നടത്തിയ മുന്നേറ്റം. ഈ കുതിപ്പ് അതേപടി നിലനിർത്താൻ സാധിച്ചില്ലെങ്കിലും മാതൃഭൂമിയെ പിന്നിലാക്കാൻ സാധിച്ചത് നേട്ടമായി കാണുന്നു.

ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ടും വിധിക്കെതിരൊയ വാർത്തകളായിരുന്നു തുടർച്ചയായി ജനം ടി വി നൽകിവന്നത്. തങ്ങളാണ് സത്യം പ്രചരിപ്പിക്കുന്നതെന്ന വിധത്തിൽ വ്യാപക പ്രചരണം നടത്തിയ ജനം ടിവി നൽകിയ വാർത്തകളും വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ എഡിറ്റോറിയൽ സമീപനമാണ് സൈബർലോകത്ത് വിമർശനത്തിന് ഇടയാക്കിയത്. ടെലിവിഷൻ കാഴ്ചയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട റിപ്പോർട്ടാണ് ബാർക്കിന്റേത്. നേരത്തെ മീഡിയ വൺ ചാനലിനും താഴെ ആയിരുന്നു ജനം ടിവിയുടെ സ്ഥാനം. ആ സ്ഥാനത്തു നിന്നുമാണ് ഇപ്പോൾ ജനം ടിവി കുതിപ്പു നടത്തിയത്. സമീപകാലം വരെ അഞ്ചാം സ്ഥാനത്തായിരുന്നു ജനം ടിവിയുടെ സ്ഥാനം. ആ സ്ഥാനത്തു നിന്നാണ് ചാനൽ തിരിച്ചു കയറിയത്.

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ തുടർന്നുണ്ടായ അക്രമ സമരങ്ങൾ അടക്കം ജനം ടി സംപ്രേഷണം ചെയ്യുകയുണ്ടായി. ഈ റിപ്പോർട്ടുകളുടെ പേരിൽ വിമർശനങ്ങലും കേൾക്കേണ്ടി വന്നു. മലകയറി നടപ്പന്തൽ വരെ പൊലീസ് പ്രൊട്ടക്ഷനിൽ എത്തിയ കേന്ദ്രസർക്കാർ ജീവനക്കാരിയും ആക്റ്റിവിസ്റ്റുമായ രഹന ഫാത്തിമയുടെ ഇരുമുടിക്കെട്ടിൽ സാനിറ്ററി നാപ്കിൻ എന്ന തലക്കെട്ടിൽ അടക്കം വാർത്ത പോയത് വിമർശനത്തിന് ഇടയാക്കിയിരുന്നു.