ന്യൂഡൽഹി: ബിജെപിയെ നേരിടാൻ സോഷ്യലിസ്റ്റ് ചേരിയുടെ വിശാല ഐക്യം വേണമെന്ന വിശ്വാസത്തിൽ ആറു ജനതാപാർട്ടികൾ ഒന്നിച്ചു. ജനതാ പരിവാറിന്റെ ഔദ്യോഗിക പേരും ചിഹ്നവും പതാകയുമൊക്കെ ഇനിയും തീരുമാനിക്കാനുണ്ടെങ്കിലും, ഐക്യമുന്നണിക്ക് നേതൃത്വം നൽകുക മുൻ യു.പി. മുഖ്യമന്ത്രി മുലായം സിങ് യാദവായിരിക്കുമെന്ന് രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവ് പ്രഖ്യാപിച്ചു.

ആർ.ജെ.ഡി, ജനതാദൾ(യു), സമാജ്‌വാദി പാർട്ടി എന്നിവയുൾപ്പെടെ ആറു പാർട്ടികളുടെ ഐക്യം പൂർണമായതായി ലാലു പറഞ്ഞു. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. മുലായം സിങ് യാദവായിരിക്കും പുതിയ പാർട്ടിയുടെ നേതാവ്. ബിജെപിയുടെ വർഗീയ അജണ്ടകൾക്ക് മറുപടി നൽകാൻ ഇത്തരത്തിലൊരു യോജിപ്പ് അനിവാര്യമാണെന്ന് പാർട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിനുശേഷം ലാലു പ്രസാദ് യാദവ് പറഞ്ഞു.

ലാലു പ്രസാദ് യാദവിന്റെ പ്രഖ്യാപനത്തെ ജനതാദൾ(യു) ജനറൽ സെക്രട്ടറി കെ.സി.ത്യാഗി സ്വാഗതം ചെയ്തിട്ടുണ്ട്. ഏപ്രിൽ 20-നകം പാർട്ടികളുടെ യോജിപ്പ് പൂർണമാകുമെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലാലുവിന്റെ അനുമതി കൂടി ലഭിച്ചതോടെ ഐക്യം സംബന്ധിച്ച ചർച്ചകൾക്ക് വേഗം കൂടി.

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഐഎൻഎൽഡി നേതാവ് ഓംപ്രകാശ് ചൗത്താലയും മുലായം സിങ് യാദവിന്റെ വീട്ടിൽ അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. ലാലുവിന്റെ പാർട്ടിയുടെ അംഗീകാരം വൈകിയതാണ് ഐക്യപ്രഖ്യാപനം നീണ്ടുപോയത്. പാർട്ടിയിലെ മുതിർന്ന നേതാക്കൾ ലയനത്തെ എതിർത്തിരുന്നുവെങ്കിലും, ഒരു ദിവസം നീണ്ട സുദീർഘ ചർച്ചകൾക്കൊടുവിൽ ലയന തീരുമാനത്തിന് ലാലു അംഗീകാരം നേടിയെടുത്തു.

ജനതാ പാർട്ടികൾ ഒന്നിച്ചാൽ കേന്ദ്രത്തിൽ മൂന്നാം സ്ഥാനത്തേയ്ക്ക് ഒതുങ്ങിപ്പോവുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ്. കോൺഗ്രസ്സിനെക്കൂടി ഒപ്പം ചേർത്ത് ബിജെപിയ്‌ക്കെതിരെ ശക്തമായി മുന്നോട്ടുവരികയെന്ന ആശയത്തോട് ആർജെഡിക്കും ജനതാദൾ(യു)വിനും യോജിപ്പുണ്ട്. എന്നാൽ, ജനതാദൾ(എസ്), സമാജ്‌വാദി പാർട്ടികൾ ഇതിനോട് യോജിക്കുന്നില്ല. ഇടതുപക്ഷത്തിന്റെ കൂടെ പിന്തുണ ഉറപ്പാക്കി പഴയ വിപി സിങ് കാലം തിരിച്ചുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് ഈ കക്ഷികൾ. ബിഹാറിലും ഉത്തർപ്രദേശിലും 2017-ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാകും ജനതാപാർട്ടികളുടെ ലയനത്തിന്റെ ആദ്യ പരീക്ഷണ വേദി.