തിരുവനന്തപുരം: എൻഎസ്എസിനെയും, കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗം. മഹത്തായ നവോഥാന പാരമ്പര്യമുള്ള എൻ.എസ്.എസ്സിലും കോൺഗ്രസിലും ഇപ്പോൾ നടക്കുന്നത് ചരിത്രനിഷേധമാണെന്ന് ജനയുഗത്തിന്റെ എഡിറ്റോറിയൽ പറയുന്നു. 'സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനവും ഇന്ത്യൻ ഭരണഘടന സ്ത്രീകൾക്ക് അനുവദിച്ചുനൽകുന്ന തുല്യ അവകാശങ്ങളും അപ്പാടെ വിസ്മരിക്കുന്ന അക്കൂട്ടർ വിശ്വാസികളുടെ പേരിൽ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിർലജ്ജം വാരിപ്പുണരുന്നു. അത്തരക്കാരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കുമെന്ന വസ്തുത ബോധ്യപ്പെടാൻ അവർ ഏറെ കാത്തിരിക്കേണ്ടി വരില്ല, മുഖപ്രസംഗത്തിൽ പറയുന്നു.

എൻഎസ്‌സിനെതിരെ

'കേരളത്തിന്റെ സാമൂഹ്യശ്രേണിയുടെ തലപ്പത്ത് നിലയുറപ്പിച്ചിരുന്ന നമ്പൂതിരി-നാടുവാഴിത്ത വ്യവസ്ഥയുടെ ജീർണതയോടുള്ള നായർ സമുദായത്തിന്റെ കലഹിക്കലാണ് എൻഎസ്എസ് പ്രസ്ഥാനത്തെയും അതിന്റെ സ്ഥാപകൻ മന്നത്തുപത്മനാഭനെയും ചരിത്രത്തിൽ പ്രതിഷ്ഠിച്ചത്. സ്വന്തം സമുദായത്തെ കാലാനുസൃതം പരിഷ്‌കരിക്കുക മാത്രമല്ല മന്നത്തു പത്മനാഭൻ ചെയ്തത്. ഈഴവരും പുലയരുമടക്കം വഴിനടക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടവരുടെ അവകാശത്തിനുവേണ്ടി വൈക്കത്തുനിന്നും തിരുവനന്തപുരത്തേക്ക് അദ്ദേഹം നയിച്ച സവർണജാഥ ആധുനിക കേരളത്തിന്റെ ചരിത്രത്തിലേക്കുള്ള എൻഎസ്എസിന്റെയും മന്നത്തിന്റെയും പ്രവേശനം കൂടിയായിരുന്നു. സമുദായപ്പേരിന്റെ വാലില്ലാതെ ചരിത്രത്തിൽ സ്ഥാനം പിടിക്കാനും അദ്ദേഹത്തിന് അതുകൊണ്ടാണ് കഴിഞ്ഞത്. ആ ചരിത്ര വസ്തുതകളുടെ നിഷേധമാണ് ഇപ്പോൾ പെരുന്നയിൽ നിന്ന് വരുന്നതെന്നത് ഖേദകരമാണ്.'

കോൺഗ്രസിനെതിരെ

'മഹാത്മാഗാന്ധിയും ആചാര്യ കൃപലാനിയും സി രാജഗോപാലാചാരിയുമടക്കം കോൺഗ്രസിന്റെ സമുന്നത നേതാക്കളുടെ അനുഗ്രഹാശിസുകളോടെയും പങ്കാളിത്തത്തോടെയുമാണ് കേരളത്തെ മാറ്റിമറിച്ച വൈക്കം സത്യഗ്രഹവും ഗുരുവായൂർ സത്യഗ്രഹവുമൊക്കെ നടന്നത്. അന്നത്തെ സമര വോളണ്ടിയർമാരായ പി കൃഷ്ണപിള്ളയും എകെജിയുമടക്കം കേളപ്പജിക്കൊപ്പം ഗുരുവായൂർ സത്യഗ്രഹത്തിൽ അണിനിരന്ന പ്രമുഖരായിരുന്നു. ആ ചരിത്രവസ്തുത വിസ്മരിച്ച് നവോത്ഥാന പ്രസ്ഥാനത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്കിനെ ചോദ്യം ചെയ്യുന്ന ഇപ്പോഴത്തെ കോൺഗ്രസ് നേതാക്കൾ സ്വന്തം അസ്തിത്വത്തെയാണ് ചോദ്യം ചെയ്യുന്നത്. അവർ ചരിത്ര യാഥാർഥ്യങ്ങളെ തമസ്‌കരിക്കുകയും തീവ്രഹിന്ദുത്വ പാളയത്തിലെ തടവുകാരായി മാറിയിരിക്കുകയുമാണ്.'

വനിതാ മതിലിലെ ന്യായീകരണം ഇങ്ങനെ

വനിതാമതിലിന് വേണ്ടി ഖജനാവിലെ പണം എൽഡിഎഫ് സർക്കാർ ധൂർത്തടിക്കുന്നുവെന്നാണ് അവർ വിലപിക്കുന്നത്. വനിതാമതിൽ വിജയിപ്പിക്കാനുള്ള രാഷ്ട്രീയ നിശ്ചയദാർഢ്യവും ജനകീയ വിഭവശേഷിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും ബഹുജന സംഘടനകൾക്കും ഉണ്ടെന്ന് അർഥശങ്കക്കിടയില്ലാതെ ഇതിനകം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. തങ്ങളുടെ അട്ടിമറി പ്രവർത്തനങ്ങളൊന്നും വിജയിക്കില്ലെന്നും കേരളജനത തങ്ങളെ കൈവിടുമെന്നുമുള്ള ബോധ്യത്തിൽ നിന്നുള്ള പരിഭ്രാന്തിയാണ് അത്തരക്കാരിൽ നിന്ന് പുറത്തുവരുന്നത്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൗരന്മാരിൽ ശാസ്ത്ര അവബോധം വളർത്തുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന പ്രാഥമിക തത്വം പോലും വിസ്മരിച്ചുകൊണ്ടുള്ളതാണ് അത്തരക്കാരുടെ പ്രതികരണം. കേരളം അർഹിക്കുന്ന അവജ്ഞയോടെ അത്തരം ജൽപ്പനങ്ങളെ തള്ളിക്കളയുമെന്ന് ചെന്നിത്തല പ്രഭൃതികൾ തിരിച്ചറിയുന്നില്ലെങ്കിൽ അവർക്ക് അയ്യോ കഷ്ടം എന്ന് സഹതപിക്കുകയേ പ്രബുദ്ധ കേരളത്തിന് വഴിയുള്ളു.

അതേസമയം എൻ.എസ്.എസ് നിലപാട് ഇടതുപക്ഷത്തെ ദോഷകരമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൻ.എസ്.എസ് തീരുമാനിക്കുന്നതു പോലെയല്ല സമുദായാഗങ്ങൾ വോട്ടു ചെയ്യുന്നതെന്ന് 1960ൽ മന്നത്തു പത്മനാഭന്റെ കാലത്തു തന്നെ തെളിഞ്ഞിട്ടുണ്ട്. എൻ.എസ്.എസിന് സ്വന്തം നിലപാടെടുക്കാൻ സ്വാതന്ത്രമുണ്ട്. പക്ഷെ ആ നിലപാട് ശരിയാണോയെന്ന് സ്വയം പരിശോധിക്കണമെന്നും കാനം രാജേന്ദ്രൻ മലപ്പുറത്ത് പറഞ്ഞു.