ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ മൊർഗാൻ വില്ലയിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വിവിധ മലയാളി ഹിന്ദു സംഘടനകളുടെ  ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27ന്  ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. നൂറോളം ബാലികാ ബാലന്മാരെ ഉണ്ണിക്കണ്ണന്റേയും ഗോപികമാരുടേയും മറ്റു പുരാണ കഥാപാത്രങ്ങളെയും വേഷത്തിൽ അണിനിരത്തി, ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വർണശബളമായ ശോഭായാത്രയും അതിനുശേഷം പ്രത്യേക ഭജനയും നൃത്ത നാടകവും  വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.താലപ്പൊലിയേന്തിയ വനിതകളും കാവി വസ്ത്രമണിഞ്ഞെത്തുന്ന  പുരുഷന്മാരും ചടങ്ങുകളെ വർണ്ണാഭമാക്കും .

ശൈശവം മുതൽ ഉറഞ്ഞാടിത്തുടങ്ങുന്ന എല്ലാ ഭീഷണികളേയും മന്ദസ്മിതം കൊണ്ട് തരണം ചെയ്യേണ്ടത് എങ്ങനെയെന്ന് മനുഷ്യരാശിയെ പഠിപ്പിച്ച ശ്രീകൃഷ്ണ ഭഗവാന്റെ അപദാനങ്ങൾ വാഴ്‌ത്തിപ്പാടുന്ന  ശ്രുതിമധുരമായ ഭജനയും, പ്രമുഖരായ കലാകാരന്മാർ പങ്കെടുക്കുന്ന  ചെണ്ടമേളവും വിശ്വാസികൾക്ക് നവ്യാനുഭവമാകും. കുസൃതികളും കൂട്ടുകൂടലും സന്തോഷവും കൊണ്ട് മനുഷ്യജീവിതം സമ്പൂർണ്ണമാക്കുക എന്ന പാഠം ജീവിതത്തിലൂടെ ഉദാഹരിച്ച ഭഗവാന്റെ ജന്മദിനം ഇത്ര വിപുലമായി അമേരിക്കയിൽ ആഘോഷിക്കാൻ സാധിക്കുന്നത്  പുണ്യമായി കരുതപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും സന്ദർശിക്കുക: http://www.mahashobhaytara.org/
രഞ്ജിത്ത് നായർ അറിയിച്ചതാണിത്.