തിരുവനന്തപുരം: മലയാള സിനിമ പ്രവർത്തകരുടെ സംഘടനയായ 'അമ്മ'യുടെ ഭാരവാഹികളായ ഇതു ജനപ്രതിനിധികളായ മുകേഷ്, ഗണേശ് കുമാർ, ഇന്നസെന്റ് എന്നിവരെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റോറിയൽ. ചലച്ചിത്ര നടിക്കുനേരെയുണ്ടായ ആക്രമണത്തെ സംബന്ധിച്ച് മാധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളിൽ പ്രകോപിതരായി ഒരു ഇടതുപക്ഷ എംപിയും രണ്ട് എംഎൽഎമാരും ഉൾപ്പെട്ട അമ്മനേതൃത്വത്തിന്റെ പ്രകടനം ആ ദൃശ്യങ്ങൾ കണ്ടവരെ അമ്പരപ്പിക്കാനും ലജ്ജിച്ച് തലകുനിക്കാനും മതിയായവയായിരുന്നെന്നാണ് ജനയുഗം ചൂണ്ടിക്കാട്ടുന്നത്.

താരദൈവങ്ങളായി മലയാളികൾ ആരാധിച്ചുപോന്ന മലയാളത്തിന്റെ മഹാനടന്മാരെന്ന് പ്രകീർത്തിക്കപ്പെടുന്നവർ ആ വേദിയിൽ നിർഗുണ പരബ്രഹ്മങ്ങളെപോലെ നിസംഗരായിരിക്കുന്ന കാഴ്ച മലയാളിക്കുണ്ടാക്കിയ നാണക്കേട് മലയാള ചലച്ചിത്ര ചരിത്രത്തിൽ നിന്ന് മറച്ചുവയ്ക്കാനാവില്ല. അമ്മയുടെ വേദിയിൽ നടന്ന അപമാനകരമായ ഈ സംഭവത്തിന് കേരള ജനതയോട് അവർ മാപ്പിരക്കണമെന്നും 'അമ്മയുടെ മുഖംമൂടി വലിച്ചു കീറപ്പെടുന്നു' എന്ന തലക്കെട്ടിൽ എഴുതിയിരിക്കുന്ന മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നു. മുഖപ്രസംഗത്തിന്റെ പൂർണരൂപം ചുവടെ;

'അമ്മ'യുടെ മുഖംമൂടി വലിച്ചുകീറപ്പെടുന്നു

ഏതൊരു ആധുനിക മനുഷ്യ സമൂഹങ്ങളുടെയും സാംസ്‌കാരിക ജീവിതത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന കലാരൂപമാണ് ചലച്ചിത്രം. അക്കാരണത്താൽ തന്നെ ചലച്ചിത്ര പ്രവർത്തകർ പൊതുവിലും അഭിനേതാക്കൾ പ്രത്യേകിച്ചും സമൂഹത്തിന്റെ ആദരവിന്റെയും ആരാധനയുടെയും പാത്രങ്ങളായി മാറുക സ്വാഭാവികമാണ്. അത് അവരെ സമൂഹത്തിലെ വരേണ്യവർഗമാക്കി മാറ്റുന്നതിൽ അത്ഭുതപ്പെടാനുമില്ല. കേരളത്തിലും മലയാള ചലച്ചിത്രലോകത്തും സ്ഥിതി വ്യത്യസ്തമല്ല. വിശാലജനവിഭാഗങ്ങളുടെ ആരാധനാമൂർത്തികളായി മാറുന്ന അത്തരക്കാരിൽ ജനങ്ങൾ വലിയ വിശ്വാസവും പ്രതീക്ഷയുമാണ് വച്ചുപുലർത്തുക.

മലയാള ചലച്ചിത്ര ലോകത്തെ താരങ്ങളുടെ സംഘടനയായ അമ്മയുടെ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പൊതുയോഗവും തുടർന്ന് അവർ വിളിച്ചു ചേർത്ത മാധ്യമസമ്മേളനവും സാമാന്യജനങ്ങളുടെ ആ വിശ്വാസത്തെയും പ്രതീക്ഷയേയുമാണ് തകർത്തത്. സമൂഹത്തിന്റെയാകെ ആദരവ് അർഹിക്കുന്ന പ്രൊഫഷണലുകളുടെ സംഘടനയെന്ന സ്ഥാനത്തിന് പകരം അസഹിഷ്ണുക്കളും പുരുഷമേധാവിത്വത്തിൽ ഊറ്റം കൊള്ളുന്നവരും തങ്ങൾക്ക് ലഭിക്കുന്ന ആദരവ് അവകാശമായി കരുതുന്നവരുമായ ഒരു പറ്റം അഹങ്കാരോന്മാദികളാൽ നയിക്കപ്പെടുന്നവരുടേതാണ് 'അമ്മ'യെന്ന് തെളിയിക്കുന്നതായി അവരുടെ പൊതുയോഗവും തുടർന്നു നടന്ന മാധ്യമ സമ്മേളനവും.

മലയാളികൾക്കും മലയാള ചലച്ചിത്ര ലോകത്തിനും അപമാനമായി മാറിയ ചലച്ചിത്ര നടിക്കുനേരെയുണ്ടായ ആക്രമണത്തെ സംബന്ധിച്ച് മാധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളിൽ പ്രകോപിതരായി ഒരു ഇടതുപക്ഷ എംപിയും രണ്ട് എംഎൽഎമാരും ഉൾപ്പെട്ട അമ്മനേതൃത്വത്തിന്റെ പ്രകടനം ആ ദൃശ്യങ്ങൾ കണ്ടവരെ അമ്പരപ്പിക്കാനും ലജ്ജിച്ച് തലകുനിക്കാനും മതിയായവയായിരുന്നു. താരദൈവങ്ങളായി മലയാളികൾ ആരാധിച്ചുപോന്ന മലയാളത്തിന്റെ മഹാനടന്മാരെന്ന് പ്രകീർത്തിക്കപ്പെടുന്നവർ ആ വേദിയിൽ നിർഗുണ പരബ്രഹ്മങ്ങളെപോലെ നിസംഗരായിരിക്കുന്ന കാഴ്ച മലയാളിക്കുണ്ടാക്കിയ നാണക്കേട് മലയാള ചലച്ചിത്ര ചരിത്രത്തിൽ നിന്ന് മറച്ചുവയ്ക്കാനാവില്ല. അമ്മയുടെ വേദിയിൽ നടന്ന അപമാനകരമായ ഈ സംഭവത്തിന് കേരള ജനതയോട് അവർ മാപ്പിരക്കണം.

ചലച്ചിത്ര നടിക്കെതിരെ നടന്ന ആക്രമണവും അതിനു പിന്നിൽ നടന്ന ഗൂഢാലോചനയും അന്വേഷണ വിഷയമാണ്. അത് നിഷ്പക്ഷവും സത്യസന്ധവും ഊർജിതമായി പൂർത്തിയാക്കി യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ അന്വേഷണ ചുമതലയുള്ള പൊലീസിനും സർക്കാരിനും ബാധ്യതയുണ്ട്. എന്നാൽ ചലച്ചിത്ര ആസ്വാദകരായ ദശലക്ഷക്കണക്കിനു ജനങ്ങളുടെ ചെലവിൽ നിലനിൽക്കുന്ന ഒരു വ്യവസായത്തിലെ ഉന്നതരെന്ന് സ്വയം അഭിമാനിക്കുന്ന പ്രൊഫഷണലുകളുടെ പ്രൊഫഷണൽ രാഹിത്യവും അവരുടെ കറകളഞ്ഞ കപടനാട്യവുമാണ് കഴിഞ്ഞ ദിവസം ലോകത്തിനു മുന്നിൽ തുറന്നുകാട്ടപ്പെട്ടത്.

ലോകത്തെ നിത്യനൂതനവും സാങ്കേതികത്തികവും അവകാശപ്പെടുന്ന കലാമാധ്യമത്തിൽ പ്രവർത്തിക്കുന്ന വരേണ്യരുടെ യാഥാസ്ഥിതികത്വവും സാംസ്‌കാരിക പൊള്ളത്തരവുമാണ് പുറത്തുവന്നിരിക്കുന്നത്. അന്നുതന്നെ പുറത്തുവന്ന തികച്ചും വ്യത്യസ്തമായ മറ്റൊരു വാർത്ത ജനങ്ങളുടെ ഈ വിലയിരുത്തലിന് ബലം പകരുന്നു. അമ്മയും സമാന സംഘടനകളും ഭ്രഷ്ട് കൽപിച്ച് അകറ്റിനിർത്തിയിരുന്ന സംവിധായകൻ വിനയനും മാക്ട ഫെഡറേഷൻ അംഗങ്ങളുമായി ഇനി മുതൽ അവർ സഹകരിക്കുമത്രെ! അമ്മയും കൂട്ടാളികളും നടപ്പാക്കിയ വിലക്ക് നീക്കിയത് അവരുടെ ഔദാര്യം കൊണ്ടല്ല. മറിച്ച്, അന്തരിച്ച പ്രതിഭാധനനായ നടൻ തിലകനും വിനയനുമെതിരെ അവർ നടപ്പാക്കിയ വിലക്ക് തൊഴിൽ ചെയ്യാനുള്ള അവകാശത്തിന്റെ നിഷേധമാണെന്ന് കോമ്പറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യ വിധിച്ചിരുന്നു.

തികച്ചും തൊഴിൽ ധാർമികതയ്ക്കു നിരക്കാത്ത ആ വിലക്കിന്റെ പേരിൽ അമ്മയും അതിന്റെ അധ്യക്ഷനടക്കം ചലച്ചിത്ര രംഗത്തെ പ്രൊഫഷണലുകളും വൻതുക പിഴയൊടുക്കണമെന്നും വിധിയായി. രക്ഷാമാർഗം മറ്റൊന്നുമില്ലാതെ നാണംകെട്ട കീഴടങ്ങലാണ് അമ്മയും സംഘവും നടത്തിയതെന്ന് സാമാന്യബുദ്ധിയുള്ള മലയാളി തിരിച്ചറിയുന്നു.

അക്രമത്തിന് ഇരയായ ചലച്ചിത്രനടി ഒരു നിമിത്തമാണ്. അത് മലയാള ചലച്ചിത്ര രംഗത്തെ അനഭിലഷണീയ പ്രവണതകൾ പുറത്തുകൊണ്ടുവരാൻ സഹായകമായി. പണക്കൊഴുപ്പിന്റെയും ആരാധനയുടെയും മാസ്മരികതയുടെ മറവിൽ വെള്ളിത്തിരയ്ക്കു പിന്നിൽ പ്രവർത്തിക്കുന്ന മാഫിയ സംഘങ്ങൾ, അവർ നടത്തുന്ന അധാർമികവും നിയമവിരുദ്ധവുമായ ഇടപാടുകൾ, സാമൂഹികവും സാംസ്‌കാരികവുമായ മൂല്യങ്ങളോട് കപടനാട്യങ്ങളിൽ പൊതിഞ്ഞ് അവർ വച്ചുപുലർത്തുന്ന പുച്ഛം ഇവയെല്ലാം തിരിച്ചറിയാൻ മലയാളിക്ക് അവസരം കൈവന്നു. താരമൂല്യത്തിന്റെയും വേഷഭൂഷാദികളുടെയും ചമയങ്ങളുടെയും പിന്നിലുള്ളത് ചീഞ്ഞുനാറുന്ന ഈജിയൻ തൊഴുത്താണ്. ഇപ്പോൾ നടക്കുന്ന അന്വേഷണം ആ തൊഴുത്തിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്ത് വെടിപ്പാക്കാൻ സഹായകമാകുമെന്ന് പ്രതീക്ഷിക്കുക.