ജ്യോതി ശാസ്ത്രജ്ഞന്മാർ അടുത്തിടെ ഏഴ് ഗ്യാലക്‌സികൾ കണ്ടെത്തിയിരുന്നു. 13.1 ബില്യൺ വർഷങ്ങൾക്ക് മുമ്പ് പ്രത്യക്ഷപ്പെട്ടവയാണവ. അതായത് മഹാവിസ്‌ഫോടനത്തിന് ശേഷം 700 ദശലക്ഷം വർഷങ്ങൾക്ക് ശേഷമായിരുന്നു അവയുടെ ആവിർഭാവം. ഇത്തരത്തിൽ ഗ്യാലക്‌സികൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത് ഗവേഷകരെ പലപ്പോഴും ആശയക്കുഴപ്പത്തിലാക്കാറുണ്ട്. പുരാതന ഗ്യാലക്‌സികളെ മൂടിയിരിക്കുന്ന പൊടിപടലം മാറുന്നതിന്റെ ഫലമായാണ് അവ പെട്ടെന്ന് ദൃഷ്ടി ഗോചരമാകുന്നതെന്ന് ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. ഇതു സംബന്ധിച്ച പുതിയ നിഗമനങ്ങൾ ആസ്‌ട്രോഫിസിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുണിവേഴ്‌സിറ്റി ഓഫ് ടോക്കിയോവിലെ ഒരു സംഘം ജ്യോതിശാസ്ത്രജ്ഞന്മാരാണ് ഇതു സംബന്ധിച്ച ഗവേഷണം നടത്തിയത് ജപ്പാനിലെ സുബറു ടെലിസ്‌കോപ്പുപയോഗിച്ചാണ് അവർ ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയത്.

ഹബിൾ ടെലിസ്‌കോപ്പിലൂടെ പുരാതന ഗ്യാലക്‌സികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ലൈമാൻ ആൽഫ എമിറ്റേർസ്( എൽഎഇ) എന്ന പ്രത്യേക തരം ഗ്യാലക്‌സികളെയാണ് സുബറു ടെലിസ്‌കോപ്പിലൂടെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കുറഞ്ഞ പിണ്ഡമുള്ള പുരാതന ഗ്യാലക്‌സികളാണ് എൽഎഇകൾ. പ്രപഞ്ചത്തിൽ തിരിച്ചറിഞ്ഞ ഏറ്റവും പഴക്കമുള്ള ഗ്യാലക്‌സികളുമാണവ. ക്ഷീരപഥം പോലുള്ള പുതിയ ഗ്യാലക്‌സികളുടെ മുൻതലമുറയിൽപ്പെട്ട ഗ്യാലക്‌സികളുമാണിവ.

ബിരുദ വിദ്യാർത്ഥിയായ അകിര കൊന്നോ ഡോ. മാസമി ഔച്ചി തുടങ്ങിയവരാണ് ഈ ടെലിസ്‌കോപ്പുപയോഗിച്ചുള്ള പ്രസ്തുത പഠനത്തിന് നേതൃത്വം നൽകിയത്. കോസ്മിക് റിഅയോണൈസേഷൻ ഘട്ടത്തിൽ എൽഎഇകളുടെ പങ്കാണ് ഇവർ നിരീക്ഷിച്ചത്. പ്രപഞ്ചത്തിന് നാല് ലക്ഷം വർഷം പ്രായമായപ്പോൾ പ്രോട്ടോണുകളും ഇലക്ട്രോണുകളും ഒന്നു ചേർന്ന് ന്യൂട്രൽ ഹൈഡ്രജൻ ആറ്റങ്ങളുണ്ടാകാൻ പര്യാപ്തമായ വിധം ഇവിടെ തണുപ്പുണ്ടായി. ആ അവസ്ഥ റീ കോംബിനേഷൻ എന്നാണറിയപ്പെടുന്നത്. തുടർന്ന് ഇത്തരം ന്യൂട്രൽ ആറ്റങ്ങളാൽ പ്രപഞ്ചത്തിൽ പൊടിപടലം അഥവാ മൂടൽ ഉണ്ടായി. ആദ്യത്തെ ഗ്യാലക്‌സികളും നക്ഷത്രങ്ങളും രൂപമെടുക്കാനാരംഭിച്ചപ്പോൾ അവയുടെ അൽട്രാ വയലറ്റ് പ്രകാശം മൂലം ഹൈഡ്രജൻ ആറ്റങ്ങൾ അയോണൈസ്ഡ് ചെയ്യപ്പെടുകയും അവ വീണ്ടും പ്രോട്ടോണുകളും ഇലക്ട്രോണുകളുമായി വേർപിരിയുകയുമുണ്ടായി. തൽഫലമായി പ്രപഞ്ചത്തെ മൂടിയ പൊടിപടലം നീങ്ങുകയും ചെയ്തു. കോസ്മിക് റിഅയോണൈസേഷൻ എന്നാണ് ആസ്‌ട്രോണമേർസ് ഇതിനെ വിളിക്കുന്നത്. 12.8 ബില്യൺ വർഷങ്ങൾക്ക് മുമ്പാണീ പ്രക്രിയ അവസാനിച്ചതെന്നാണ് അവർ പറയുന്നത്. മഹാവിസ്‌ഫോടനത്തിന് ശേഷം ഒരു ബില്യൺ വർഷങ്ങൾ കഴിഞ്ഞ കാലമായിരുന്നു ഇത്. ഈ പ്രതിഭാസം എപ്പോഴാണ് തുടങ്ങിയതെന്നും അവസാനിച്ചതെന്നതിനെക്കുറിച്ചും ജ്യോതിശാസ്ത്രരംഗത്ത് വലിയ ചോദ്യങ്ങൾ ഉയരുന്നുണ്ട്.

ഈ കോസ്മിക് റിഅയോണൈസേഷനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് സുബറു ടീം പുരാതന എൻഎഇ ഗ്യാലക്‌സികൾക്കായി അന്വേഷണമാരംഭിച്ചത്. 13.1 ബില്യൺ പ്രകാശവർഷങ്ങൾ അകലെയുള്ള ഇത്തരം ഗ്യാലക്‌സികളെയാണവർ തിരഞ്ഞത്.ആദ്യം ഇവ എണ്ണത്തിൽ കുറവാണെന്ന് കണ്ട തങ്ങൾ നിരാശപ്പെട്ടിരുന്നുവെന്ന് അകിര കൊന്നോ വെളിപ്പെടുത്തി. 13 ബില്യൺ വർഷങ്ങൾക്ക് മുമ്പ് എൽഎഇ ഗ്യാലക്‌സികൾ പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് തുടർന്ന് തങ്ങൾ മനസ്സിലാക്കിയെന്നും അദ്ദേഹം പറയുന്നു. മഹാവിസ്‌ഫോടനത്തിന് ശേഷം 700 മുതൽ 800 ബില്യൺ വർഷങ്ങൾക്കിടയിൽ ഇവ പ്രകാശപൂർണമായിരുന്നുവെന്ന അത്ഭുതകരമായ കണ്ടെത്തൽ നടത്താൻ തങ്ങൾക്ക് കഴിഞ്ഞുവെന്നും കൊന്നോ പറയുന്നു. കോസ്മിക് റീഅയോണൈസേഷന്റെ സമയത്ത് എൽഎഇ ഗ്യാലക്‌സികൾ പെട്ടെന്ന് പ്രത്യക്ഷമാകുകയായിരുന്നുവെന്നും അവർ കണ്ടെത്തിയിരിക്കുന്നു.