- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒളിമ്പിക്സ് നടത്തിയാൽ വകഭേദം വന്ന പലതരം കോവിഡ് വൈറസുകൾ ടോക്യോയിൽ കൂടിച്ചേരും; അതിൽ നിന്ന് പുതിയ വൈറസ് വകഭേദം ഉണ്ടാകാനും സാധ്യത; 100 വർഷം കഴിഞ്ഞാലും അതിന്റെ പഴി കേൾക്കേണ്ടി വരും.'; മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന
ടോക്യോ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ടോക്യോ ഒളിമ്പിക്സ് നടത്തുന്നതിനെതിരേ മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന. ഒളിമ്പിക്സ് നടത്തിയാൽ അത് പുതിയ കോവിഡ് വൈറസ് വകഭേദത്തിന് കാരണമാകുമെന്നും കോവിഡ് വൈറസിന്റെ ഒളിമ്പിക് വകഭേദം എന്നാവും ഇതിന് പേര് വീഴാൻ പോവുകയെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
'ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ മാറ്റം വന്ന പലതരം കോവിഡ് വൈറസുകൾ ടോക്യോയിൽ കൂടിച്ചേരുകയും അതിൽ നിന്ന് പുതിയ വൈറസ് വകഭേദം ഉണ്ടാകാനും സാധ്യതയുണ്ട്. അതു തള്ളിക്കളയാനാവില്ല. ടോക്യോ ഒളിമ്പിക്സിന്റെ വകഭേദം എന്നാകും അതിന് പേരിടുക. അതൊരു വലിയ ദുരന്തമാകും. 100 വർഷം കഴിഞ്ഞാലും അതിന്റെ പേരിൽ നമ്മൾ പഴി കേൾക്കേണ്ടി വരും.' ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കുന്നു.
നിലവിൽ ടോക്യോ ഒളിമ്പിക്സിലേക്ക് വിദേശ കാണികൾക്ക് പ്രവേശനമില്ല. പ്രാദേശിക കാണികൾക്ക് പ്രേവശനം നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതേസമയം ഇരുന്നൂനിലധികം രാജ്യങ്ങളിൽ നിന്ന് മത്സരാത്ഥികളും മറ്റു സപ്പോർട്ടിങ് സ്റ്റാഫുകളും ഒളിമ്പിക്സിന് എത്തും.
കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് കോവിഡ് വ്യാപനത്തെ തുടർന്നാണ് മാറ്റിവെച്ചത്. ഈ വർഷം ഒളിമ്പിക്സിൽ നിന്ന് പിന്നോട്ടില്ലെന്ന് ജപ്പാനും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയും വ്യക്തമാക്കിയിരുന്നു.
ടോക്യോയിൽ ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ടുവരെ നടക്കേണ്ട ഒളിമ്പിക്സിനുമേലുള്ള അനശ്ചിതത്വത്തിന്റെ കാർമേഘം ഇനിയും ഒഴിയുന്നില്ല. കോവിഡ് പടരുന്നതിനാൽ ജനങ്ങൾ എതിരാണ്. ഇതിന് പിന്നാലെയാണ് ജപ്പാനിലെ ഡോക്ടർമാരുടെ സംഘടനയും രംഗത്തെത്തിയത്.
ആറായിരം ഡോക്ടർമാരുള്ള സംഘടനയുടെ മുന്നറിയിപ്പുകൾ എളുപ്പം അവഗണിക്കാനാകില്ല. ഒളിമ്പിക്സ് നടന്നാൽ കോവിഡ് പടരുമെന്നും മരണസംഖ്യ ഉയരുമെന്നുമാണ് മുന്നറിയിപ്പ്. അതിനാൽ ഒളിമ്പിക്സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംഘടന പ്രധാനമന്ത്രിക്കും സംഘാടകർക്കും നേരത്തെ കത്ത് നൽകിയിരുന്നു.
ജപ്പാനിൽ ഇപ്പോൾ കോവിഡിന്റെ നാലാംതരംഗമാണ്. ടോക്യോ അടക്കമുള്ള നഗരങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ഒളിമ്പിക്സ് നടത്തരുതെന്ന് മൂന്നരലക്ഷംപേർ ഒപ്പിട്ട കത്ത് നൽകിയിട്ടുണ്ട്.
എന്നാൽ രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയും ടോക്യോയിലെ സംഘാടകരും ശുഭാപ്തിവിശ്വാസത്തിലാണ്. മഹാമാരിയുടെ കാലത്തും സുരക്ഷിതമായ ഒളിമ്പിക്സാണ് വാഗ്ദാനം. ആവശ്യമായ ആരോഗ്യപ്രവർത്തകരെ എത്തിക്കാമെന്നാണ് ഒളിമ്പിക്സ് കമ്മിറ്റിയുടെ വാഗ്ദാനം.
ഇനി ഒളിമ്പിക്സ് മാറ്റൽ പ്രായോഗികമല്ലെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. ഇപ്പോൾ ഇല്ലെങ്കിൽ ഇക്കുറിയില്ല. കഴിഞ്ഞവർഷം നടക്കേണ്ട ഒളിമ്പിക്സ് കോവിഡിനെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു. റദ്ദാക്കിയാൽ ഭീമമായ സാമ്പത്തിക നഷ്ടമാണ് ജപ്പാനെ കാത്തിരിക്കുന്നത്.