ടോക്കിയോ: ഇന്ത്യക്കാർക്ക് വിസ അനുവദിക്കുന്ന കാര്യത്തിൽ ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ച് ജപ്പാൻ. ഇന്ത്യയിൽ നിന്നുള്ളവർക്ക്  മൾട്ടിപ്പിൾ എൻട്രി വിസാ കാലാവധി പത്തു വർഷമാക്കി ദീർഘിപ്പിച്ചുകൊണ്ടാണ് ജപ്പാൻ വിദേശകാര്യമന്ത്രി പ്രഖ്യാനം നടത്തിയിരിക്കുന്നത്. നിലവിലുള്ള അഞ്ചു വർഷത്തെ വിസാ കാലാവധിയാണ് ഇരട്ടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യക്കാർക്കു പുറമേ വിയറ്റ്‌നാമിൽ നിന്നുള്ളവർക്കും വിസാ കാലാവധിയിൽ ഇളവുകൾ ജപ്പാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 15 മുതൽ പുതിയ കാലാവധി പ്രാബല്യത്തിൽ വരും. ജപ്പാനിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജപ്പാൻ വിസാ കാലാവധി നീട്ടിയിരിക്കുന്നത്. വിസാ കാലാവധിയിൽ അയവു വരുത്തുന്നതോടെ ജപ്പാനിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ സന്ദർശനം വർധിക്കുകയും അത് രാജ്യത്തിന്റെ ബിസിനസിനെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി ഫുമിയോ കിഷിദ വ്യക്തമാക്കി. തുടക്കത്തിൽ ബിസിനസുകാർ, അക്കാഡമിക്‌സ്, ആർട്ടിസ്റ്റ് എന്നിവർക്കാണ് ലഭ്യമാകുക.

മൾട്ടിപ്പിൾ എൻട്രി വിസ ഉള്ളവർ അവരുടെ ആദ്യ സന്ദർശനം ബിസിനസ് അക്കാഡമിക് ലക്ഷ്യത്തോടെയായിരിക്കണമെന്ന് പ്രത്യേകം നിഷ്‌ക്കർഷിക്കുന്നു. അതേസമയം ജപ്പാനിൽ നിന്നുള്ളവർക്ക് ഇന്ത്യയിലേക്കുള്ള വിസാ ഓൺ അറൈവൽ ദീർഘിപ്പിച്ചതായി ഡിസംബറിൽ പ്രധാനമന്ത്രി മോദിയും പ്രഖ്യാപിച്ചിരുന്നു. ഇത് മാർച്ച് ഒന്നു മുതൽ നിലവിൽ വരും.