ടോക്യോ: വെടിയേറ്റ ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ അന്തരിച്ചു. നേരത്തെ വെടിയേറ്റതിന് പിന്നാലെ അതീത ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ രക്ഷിക്കാൻ ഡോക്ടർമാർ തീവ്രപരിശ്രമം നടത്തിയെങ്കിലും അത് വിജയിച്ചിരുന്നില്ല. വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതവും ഉണ്ടായി. ശ്വസിക്കാൻ കഴിയുന്നില്ലെന്നും, ഹൃദയത്തിന്റെ പ്രവർത്തനം നിലക്കുകയും ചെയ്തു. ആബേയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും മെഡിക്കൽ സംഘത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നപ്പോൾ തന്നെ ലോകം അപകടം മണത്തിരുന്നു.

ദ്വീർഘകാലം ജപ്പാന്റെ പ്രധാനമന്ത്രിയായിരുന്നു ഷിൻസോ ആബെ. ജപ്പാന്റെ പടിഞ്ഞാറൻ നഗരമായ നാരായിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ പ്രസംഗിച്ചുകൊണ്ടു നിൽക്കെയാണ് ആബേയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ആബെയുടെ നെഞ്ചിനാണ് വെടിയേറ്റത്. രണ്ടുപ്രാവശ്യം വെടിവെച്ചതായാണ് റിപ്പോർട്ടുകൾ. രക്തത്തിൽ കുളിച്ച് നിലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.

ജപ്പാൻ പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പ്രചാരണപരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ആബെ. അക്രമിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 40 വയസ്സുള്ളയാളാണ് അക്രമിയെന്ന് പൊലീസ് അറിയിച്ചു. സംഭവം അറിഞ്ഞയുടൻ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കി ജപ്പാൻ പധാനമന്ത്രി ഫുമിയോ കിഷിദോ ആശുപത്രിയിലേക്ക് തിരിച്ചിരുന്നു. ഷിൻസോ ആബെയ്ക്ക് വെടിയേറ്റ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ ഹൈക്കമ്മീഷനിൽ ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞിരുന്നു.

ആബെയുടെ ദുരന്തം ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ഹോംമെയ്ഡ് ഗൺ കൊണ്ടാണ് അക്രമി ആബേയെ വെടിവച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഈ പശ്ചാത്തലത്തിൽ ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളിലൊന്നായ ജപ്പാനിലെ തോക്ക് നിയമങ്ങളെ കുറിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഏറ്റവും കർശനമായ തോക്ക് നിയമങ്ങളുള്ള രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. പൊലീസിനും സൈന്യത്തിനും ഒഴികെ മറ്റാർക്കും തോക്ക് കൈവശം വയ്ക്കാൻ ജപ്പാനിൽ അവകാശമില്ല. ഡ്യൂട്ടിയിലല്ലാത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് പോലും തൊക്ക് കൈവശം വയ്ക്കാനാകില്ല. ജപ്പാനിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയാൻ കാരണമായി കണക്കാക്കുന്നതും രാജ്യത്തെ കണിശമായ തോക്ക് നിയമങ്ങളാണ്.

സാധാരണക്കാർക്ക് കൈത്തോക്കോ റൈഫിളോ വാങ്ങാൻ കഴിയില്ല. പ്രത്യേക ആവശ്യങ്ങൾ പരിഗണിച്ച് എയർ ഗണ്ണുകൾ മാത്രമാണ് ഇങ്ങനെ അനുവദിക്കുക. ഇങ്ങനെ അനുവാദം നൽകുന്നതിന് മുമ്പ് വ്യക്തിയുടെ പശ്ചാത്തലം കർശനമായി പരിശോധിക്കും. അപേക്ഷകന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ബന്ധുക്കളോടും സംസാരിക്കുന്നതടക്കം പല ഘട്ടങ്ങൾ പൂർത്തിയാക്കും.

ഷൂട്ടിങ് ടെസ്റ്റിൽ 95 ശതമാനം കൃത്യത കൈവരിക്കുന്ന വ്യക്തികൾക്ക് മാത്രമേ ഇവിടെ തോക്ക് വാങ്ങാൻ കഴിയൂ. ഇയാൾ ഒരു എഴുത്തുപരീക്ഷയും മാനസികാരോഗ്യ വിലയിരുത്തലും നടത്തി വിജയിക്കേണ്ടതുണ്ട്. എല്ലാ അനുമതികൾക്കും ശേഷം മാത്രമേ തോക്കിനുള്ള ലൈസൻസ് നൽകൂ. ഇങ്ങനെ അനുവാദം നേടിയാലും മൂന്ന് വർഷം മാത്രമേ തോക്ക് കൈവശം വയ്ക്കാൻ സാധിക്കുകയൊള്ളു. അതിന് ശേഷം അത് തിരിച്ച് ഹാജരാക്കണമെന്നാണ് നിയമം.