- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗോൾഫ് കളിച്ചും മുഖം വീർപ്പിച്ചും സമയംകളയുന്ന ട്രംപിനെ മെരുക്കി എടുക്കാൻ മരുമകൻ; തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതല്ലേ നല്ലത് എന്ന് അനുനയിപ്പിച്ച് ജാരെദ് കുഷ്നർ; ജോ ബൈഡന്റെയും ഡെമോക്രാറ്റുകളുടെയും വിജയം അംഗീകരിക്കുന്നത് ട്രംപിന് മന:പ്രയാസം ഉണ്ടാക്കാമെങ്കിലും അതല്ലേ മര്യാദ എന്ന മരുമകന്റെ ചോദ്യത്തിൽ ഉലഞ്ഞ് യുഎസ് പ്രസിഡന്റ്
വാഷിങ്ടൺ: തിരഞ്ഞെടുപ്പിൽ തോറ്റാൽ അന്തസ്സായി അത് സമ്മതിച്ച് പിൻഗാമിക്ക് വഴിയൊഴിഞ്ഞുകൊടുക്കുന്നതാണ് ജനാധിപത്യമര്യാദ. എന്നാൽ, തോൽവി അംഗീകരിക്കാതെ യുഎസ് പ്രസിഡന്റ് ഡൊണൾഡ്ട്രംപ് ഇപ്പോഴും വാശിയിലാണ്. അജ്ഞാത കേന്ദ്രത്തിലേക്ക് പോയും ഗോൾഫ് കളിച്ചുമൊക്കെ ട്രംപ് അരിശം തീർക്കുകയാണ്. ഇതിങ്ങനെ പോയാൽ എങ്ങനെ എന്ന് ട്രംപ് അനുകൂലികൾ പോലും ചോദിച്ചുതുടങ്ങിയതോടെ പ്രശ്നം തീർക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ട്രംപിന്റെ മരുമകനും മുതിർന്ന ഉപദേഷ്ടാവും ആയ ജാരെദ് കുഷ്നർ. ഡെമോക്രാറ്റിക് എതിരാളി ജോ ബൈഡൻ വിജയിച്ചതായി അംഗീകരിക്കണമെന്ന് അദ്ദേഹം അമ്മായിഅച്ഛനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
മത്സരം തീർന്നില്ലെന്നും ബൈഡൻ താൻ വിജയിച്ചുവെന്ന് തെറ്റായി ഭാവിക്കുകയാണെന്നുമാണ് ട്രംപിന്റെ നിലപാടും പ്രഖ്യാപനവും. 46 ാമത പ്രസിഡന്റായി ബൈഡൻ ചുമതല ഏൽക്കുമെന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ തയ്യാറാകണമെന്നാണ് കുഷ്നർ ട്രംപിനോട് പറഞ്ഞത്. വിജയം ഏതുതരത്തിൽ കൈവരിച്ചതായാലും തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കണമെന്നാണ് കുഷ്നറുടെ ഉപദേശം.
ജനാധിപത്യത്തിന് നിരക്കുന്ന രീതിയിൽ സത്യസന്ധമായി വോട്ടെണ്ണുന്നത് വരെ താൻ വിശ്രമിക്കില്ലെന്നാണ് ട്രംപ് പ്രസ്താവനയിൽ പറഞ്ഞത്. നിയമപോരാട്ടം തിങ്കളാഴ്ച തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ദിവസം രാത്രി എട്ട് മണിക്കു ശേഷം ആയിരക്കണക്കിനു വോട്ടുകളാണ് അനധികൃതമായി സ്വീകരിക്കപ്പെട്ടത്. ഇതാണു പെൻസിൽവേനിയയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഫലത്തെ ബാധിച്ചതെന്നും തുടർച്ചയായുള്ള ട്വീറ്റുകളിൽ ട്രംപ് ആരോപിച്ചു. തിരഞ്ഞെടുപ്പ് നടന്ന അന്നു രാത്രി തന്നെ വിജയിക്കുമെന്ന് ഏവരും കണക്കുകൂട്ടിയ പെൻസിൽവേനിയ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലഭിച്ച വലിയ ഭൂരിപക്ഷം മാഞ്ഞുപോയി.
ഏറെ സമയമായി ഇവിടങ്ങളിൽ ആരെയും നിരീക്ഷണത്തിന് അനുവദിക്കുന്നില്ല. ഏറെ മണിക്കൂറുകളായി മോശം കാര്യങ്ങളാണ് സംഭവിക്കുന്നത്. നിയമപരമായ സുതാര്യത ക്രൂരമായി ഹനിക്കപ്പെട്ടിരിക്കുന്നു. വാതിലുകളും ജനലുകളും കട്ടി കാർഡ് ബോർഡ് കൊണ്ട് അടച്ചതിനാൽ നിരീക്ഷകർക്കു വോട്ടെണ്ണൽ മുറിയിൽ നടക്കുന്നതൊന്നും കാണാനാകുന്നില്ല. മോശം കാര്യങ്ങളാണ് അകത്തു നടക്കുന്നത്. വലിയ മാറ്റം സംഭവിക്കും! ട്രംപ് പറഞ്ഞു.
270 ഇലക്ട്രൽ വോട്ട് നേടി ബൈഡൻ വൈറ്റ് ഹൗസിൽ സ്ഥാനാരോഹണത്തിന് ഒരുങ്ങുന്നതിനിടെ, ട്രംപുമായി ഒരുആശയവിനിമയവും ഇതുവരെ ഉണ്ടായിട്ടില്ല. ശനിയാഴ്ച രാത്രി തന്റെ വിജയസന്ദേശത്തിൽ ട്രംപിനെ കുറിച്ച് ബൈഡൻ ഒരക്ഷരവും മിണ്ടിയില്ല.
ഒഴിഞ്ഞുമാറി ട്രംപ്
പരാജയം ഉറപ്പായതോടെ ശനിയാഴ്ച രാവിലെ വൈറ്റ് ഹൗസിൽ നിന്ന് പുറത്തേക്ക് പോയ ട്രംപിനെ പിന്നെ കാണുന്നത് വിർജീനിയയിലാണ്. തെരഞ്ഞെടുപ്പ് ചർച്ചകളിൽ നിന്നെല്ലാം അകത്ത് ഗോൾഫ് കളിയിൽ മുഴുകിയിരിക്കയാണ് ട്രംപ്. വിർജീനിയ സ്റ്റേറ്റിലെ സ്റ്റെർലിംഗിലുള്ള ട്രംപ് നാഷണൽ ഗോൾഫ് കോഴ്സിൽ കളിയിലാണ് ട്രംപിനെ കാണാതായപ്പോൾ എല്ലാവരും നൽകിയ മറുപടിയും അതായിരുന്നു. 'ട്രംപ് ആണോ, ഗോൾഫ് കളിക്കുകയായിരിക്കും.'
ബൈഡന്റെ വിജയത്തെ വിമർശിച്ച് ട്രംപിന്റെ ഓഫീസിൽ നിന്ന് സന്ദേശം വരുമ്പോൾ അദ്ദേഹം ഗോൾഫ് കോഴ്സിൽ തന്നെയായിരുന്നു. ക്ലബ് ഹൗസിനു പുറത്ത് നടന്ന ഒരു വിവാഹത്തിൽ നവദമ്പതികളുടെ അഭ്യർത്ഥന മാനിച്ച് അവർക്കൊപ്പം ഒരു ഫോട്ടോയ്ക്കും ട്രംപ് തയ്യാറായി.
ഇരുണ്ട ചാരനിറയുള്ള അയഞ്ഞ ട്രൗസറും ചാരനിറമുള്ള ജാക്കറ്റുമായിരുന്നു ഈ സമയം ട്രംപിന്റെ വേഷം. 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ' എന്നെഴുതിയ തൊപ്പിയും ധരിച്ചിരുന്നു. കളിയും കഴിഞ്ഞ് അദ്ദേഹം പുറത്തേക്ക് പോകുമ്പോൾ 'ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നുവെന്നു'വെന്ന് അവിടെയുണ്ടായിരുന്നവർ വിളിച്ചുപറഞ്ഞു. ശനിയാഴ്ച ഒരു പരിപാടിയും നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ആരും അദ്ദേഹത്തെ തിരഞ്ഞുമില്ല.
ഒരിക്കൽ ഗോൾഫ് ഡൈജസ്റ്റ് മാഗസിൻ ട്രംപിനെ കുറിച്ച് ഇങ്ങനെയെഴുതി: ജോൺ എഫ്.കെന്നഡിയെ പോലെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾഫ് കളിക്കാരനായ പ്രസിഡന്റ് ആയിരിക്കും ട്രംപ്'.
മറുനാടന് ഡെസ്ക്