ലണ്ടൻ: സ്വവർഗ്ഗപങ്കാളിയുമായി ജീവിക്കുന്നതിനായി ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യാക്കാരനെ യുകെ കോടതി കുറ്റവാളിയാണെന്ന് കണ്ടെത്തി. കഴിഞ്ഞമാസം തുടങ്ങിയ വിചാരണയിൽ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ പ്ളാസ്റ്റിക്ക് കൂട് കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ഇയാൾക്കെതിരേ ആരോപണം. ഇന്ത്യൻ വംശജ ജസ്സീക്കാ പട്ടേൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലായിരുന്നു കേസ്. സ്വവർഗ്ഗപ്രണയികൾക്കുള്ള ആപ്പ് ഗ്രിൻഡറിലൂടെ പരിചയപ്പെട്ട കൂട്ടുകാരനുമൊത്ത് പുതിയജീവിതം കൊതിച്ച മിതേഷ് പട്ടേൽ എന്ന 37 കാരനാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

ജസീക്ക പട്ടേൽ എന്ന മുപ്പത്തിനാലുകാരിയെ ഭർത്താവ് മിതേഷ് പട്ടേൽ, ഇൻസുലിൽ കുത്തിവച്ച ശേഷം പ്ലാസ്റ്റിക് കൂട് ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊന്നതാണെന്നാണ് കണ്ടെത്തൽ. മിതേഷിനുള്ള ശിക്ഷ അടുത്ത ദിവസം പ്രഖ്യാപിക്കും. മാഞ്ചസ്റ്ററിൽ പഠനത്തിനിടെ കണ്ടുമുട്ടി പ്രണയവിവാഹിതരായ ഇരുവരും ഒന്നിച്ച് വടക്കൻ ഇംഗ്ലണ്ടിലെ മിഡിൽസ്ബറോയിൽ ഫാർമസി നടത്തുകയായിരുന്നു. സ്വവർഗാനുരാഗിയായിരുന്ന മിതേഷ് ഡേറ്റിങ് ആപ്പിലൂടെ കണ്ടെത്തിയ കൂട്ടുകാരൻ ഡോ. അമിത് പട്ടേലിനൊപ്പം പുതുജീവിതം തുടങ്ങുന്നതിനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ജൂറി വ്യക്തമാക്കി.

സ്വവർഗാനുരാഗിയായ മിതേഷ് ഓസ്ട്രേലിയയിലെ സിഡ്നിയിൽ താമസിക്കുന്ന കാമുകൻ അമിത് പട്ടേലിനൊപ്പം ജീവിക്കുന്നതിനുവേണ്ടിയാണ് ഭാര്യയെ ഒഴിവാക്കിയത്. ഭാര്യയുടെ പേരിലുള്ള ഇരുപതുലക്ഷം പൗണ്ടിന്റെ ഇൻഷുറൻസ് തുക സ്വന്തമാക്കാനും മിതേഷ് പദ്ധതിയിട്ടിരുന്നു. ജസീക്കയോട് ഒരു കുഞ്ഞിന് ജന്മം നൽകാനും മിതേഷ് ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഐവിഎഫ് ചികിത്സ സ്വീകരിക്കാനും അയാൾ പദ്ധതിയിട്ടിരുന്നു. സിഡ്നിയിൽ അമിത്തുമായി ജീവിക്കുമ്പോൾ വളർത്തുന്നതിനുവേണ്ടിയായിരുന്നു ഈ കുഞ്ഞിനെ മിതേഷ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, ഗർഭിണിയാകാൻ ജെസ്സീക്ക വിസമ്മതിച്ചതും മിതേഷിന്റെ പക ഇരട്ടിയാകാൻ ഇടയാക്കി. സ്വവർഗാനുരാഗിയായ മിതേഷ് പുരുഷസുഹൃത്തുക്കളുമായി ബന്ധം പുലർത്തിയിരുന്നെന്നും ഇതിന്റെ പേരിൽ ജെസ്സീക്ക പലപ്പോഴും എതിർപ്പ് അറിയിച്ചിരുന്നു.

ഗുരുതരമായ മുറിവുകളോടെ വടക്കൻ ഇംഗ്ളണ്ടിലെ മിഡിൽസ്ബറോയിലെ വീട്ടിൽ ഈ മെയ് യിലാണ് 34 കാരി ജസീക്കയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകക്കുറ്റം മിതേഷ് പട്ടേൽ കോടതിയിൽ നിഷേധിച്ചിരുന്നു. എന്നാൽ ഭാര്യയുടെ 20 ലക്ഷം പൗണ്ടിന്റെ ഇൻഷുറൻസ് തുക തട്ടിയെടുത്ത് കാമുകൻ ഡോ. അമിത് പട്ടേലുമായി ഓസ്ട്രേലിയയിലേക്ക് കടക്കാനായിരുന്നു മിതേഷ് പട്ടേലിന്റെ പദ്ധതി. വർഷങ്ങൾക്ക് മുമ്പേ അമിതുമായി മിതേഷ് പരിചയപ്പെട്ടത് ഗ്രിൻഡർ ആപ്പിലൂടെ ആയിരുന്നു.

ജെസ്സീക്കയും മിതേഷും ചേർന്നാണ് മിഡിൽസ്ബറോയിലെ ലിൻതോർപ്പിൽ ഫാർമസി നടത്തിയിരുന്നത്. ജെസ്സീക്കയെ ഇല്ലാതാക്കാൻ ഇയാൾ നേരത്തെതന്നെ പദ്ധതിയിട്ടിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മിതേഷിന്റെ കംപ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌കിൽനിന്ന് ഭാര്യയെ വധിക്കാനുള്ള പലതരം പദ്ധതികൾ ഇയാൾ തിരഞ്ഞിരുന്നതായും തെളിഞ്ഞു. എനിക്ക് ഭാര്യയെ കൊല്ലണം, ഇൻസുലിൻ ഓവർഡോസ്, ഭാര്യയെ കൊല്ലുന്നതിന് സഹായിയെ വേണോ, വാടകക്കൊലയാളിയെ എവിടെക്കിട്ടും ഒരാളെ കൊല്ലുന്നതിന് എത്ര മെത്തഡോൺ വേണം തുടങ്ങിയ കാര്യങ്ങൾ ഇയാൾ ഇന്റർനെറ്റിൽ തിരഞ്ഞിട്ടുണ്ടായിരുന്നു.

ടെസ്‌കോയിൽനിന്ന് ലഭിച്ച ബാഗ് കഴുത്തിൽകുരുക്കിയാണ് ജെസ്സീക്കയെ മിതേഷ് കൊലപ്പെടുത്തിയത്. എന്നാൽ, മരണവെപ്രാളത്തിൽ ജെസ്സീക്ക മിതേഷിന്റെ ശരീരത്തിൽ മാന്തിയത് പൊലീസിനെ അന്വേഷണത്തിൽ സഹായിച്ചു. ജെസ്സീക്കയുടെ നഖങ്ങൾക്കിടയിൽനിന്ന് ലഭിച്ച തൊലിയും മറ്റും മിതേഷിന്റേതാണെന്ന കണ്ടെത്താൻ പൊലീസിനായി. ഭാര്യയെ കൊലപ്പെടുത്തിയശേഷം അടുത്തുള്ള റൊമാനോ ടേക്ക് എവേയിൽനിന്ന് പിസ ഓർഡർ ചെയ്ത മിതേഷ് അസ്വാഭാവികമായി യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചിരുന്നു.

പിന്നീട് വീടാകെ അലങ്കോലമാക്കിയ മിതേഷ് കവർച്ചാസംഘത്തിന്റെ ആക്രമണത്തിലാണ് ജെസ്സീക്ക കൊല്ലപ്പെട്ടതെന്ന് തോന്നിപ്പിക്കാനും ശ്രമിച്ചു. എന്നാൽ, തനിക്ക് ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങൾ മിതേഷ് അടുക്കി സൂക്ഷിച്ചിരുന്നതും മറ്റും പൊലീസിന് സംശയമുണ്ടാക്കി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് മിതേഷ് സത്യം പറഞ്ഞത്. ജെസ്സീക്കയുടെ പേരിൽ പല ഇൻഷുറൻസ് പോളിസികളും മിതേഷ് എടുത്തിരുന്നുവെന്നും ഇരുപതുലക്ഷം പൗണ്ടെങ്കിലും ഈ രീതിയിൽ സ്വന്തമാക്കാനായിരുന്നു പദ്ധതിയെന്നും ടീസൈഡ് ക്രൗൺകോർട്ടിലെ വിചാരണയിൽ പ്രോസിക്യൂട്ടർ നിക്കോളാസ് കാംബെൽ വിശദീകരിച്ചിരുന്നു.

മിഡിൽസ്ബറോയിലെ വീട്ടിലാണ് ഈ വർഷം മെയ്‌ 14 ന് ഫാർമസിസ്റ്റായ ജസീക്കയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പങ്കില്ലെന്നും വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യയെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയതെന്നും മിതേഷ് ആദ്യം വാദിച്ചെങ്കിലും തുടർ അന്വേഷണത്തിൽ അറസ്റ്റിലാവുകയായിരുന്നു. 'അവളുടെ ദിനങ്ങൾ എണ്ണപ്പെട്ടു'വെന്ന് മിതേഷ് 2015 ജൂലൈയിൽ തന്നെ ഡോ. അമിതിനോടു പറഞ്ഞിരുന്നു. വീട്ടിൽ ജസീക്കയെ കെട്ടിയിട്ട ശേഷം ഇൻസുലിൻ അമിതമായി കുത്തിവച്ചു. പിന്നീട് ടെസ്‌കോ സൂപ്പർമാർക്കറ്റിൽനിന്നു ലഭിച്ച പ്ലാസ്റ്റിക് കൂട് അവരുടെ കഴുത്തിൽ കുടുക്കി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. സ്വവർഗാനുരാഗിയായ മിതേഷ് 'പ്രിൻസ്' എന്ന അപരനാമത്തിലാണ് ആപ്പുകൾ വഴി സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തിരുന്നത്. ഫാർമസിയിൽ ഭാര്യയുടെയും മറ്റു ജീവനക്കാരുടെയും സാന്നിധ്യത്തിൽ തന്നെ ഇയാൾ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തിരുന്നു. മിതേഷിന്റെ വഴിവിട്ട ബന്ധങ്ങൾ ജീവനക്കാർക്കു പലർക്കും അറിയാമായിരുന്നുവെന്നു ജൂറി പറഞ്ഞു.

കൊല ചെയ്ത ശേഷം പട്ടേൽ തന്നെയായിരുന്നു ജസ്സീക്കയുടെ കൈകൾ കെട്ടിയത് എന്നതിന്റെ തെളിവ് പ്രോസിക്യൂട്ടർ കോടതിയിൽ സമർപ്പിച്ചു. താൻ സ്വവർഗ്ഗരതിക്കാരൻ ആണെന്ന വിവരം ഇയാൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതു തന്നെ ഭാര്യയോട് പ്രതി വിശ്വസ്തത കാട്ടിയിരുന്നില്ല എന്നതിന്റെ തെളിവായി മാറുന്നുണ്ടെന്നും കോടതി കണ്ടെത്തി. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ പഠിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ജസ്സീക്കാ മിതേഷ് പട്ടേലിനെ കണ്ടുമുട്ടുന്നതും പിന്നീട് ഇരുവരും പ്രണയിച്ചു വിവാഹം കഴിക്കുന്നതും. അതിന് ശേഷമാണ് സ്വവർഗ്ഗ പ്രണയം തുടങ്ങിയത്.