- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ആക്സസറീസ് വിലകുറച്ച് വിൽപന നടത്തി; കാസർഗോഡ് മൊബൈൽ ഷോപ്പ് ഉടമക്ക് വിലക്കേർപ്പെടുത്തി മൊബൈൽ ഡീലേഴ്സ് അസോസിയേഷൻ; ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് കാസർകോഡ് ഗൾഫ്ബസാറിലെ മൊബൈൽകോർണർ ഉടമ ജംഷീദ് ഇഷാം മറുനാടനോട്
കാസർഗോഡ്: മറ്റുള്ള കടകളിലുള്ളതിനേക്കാൾ വില കുറച്ച് മൊബൈൽ ആക്സസറീസ് വിൽപന നടത്തിയെന്നാരോപിച്ച് മൊബൈൽ കടക്കാരന് വിലക്കേർപ്പെടുത്തി കാസർകോട്ടെ മൊബൈൽ ഡീലേഴ്സ് അസോസിയേഷൻ. കാസർകോഡ് ഗൾഫ്ബസാറിൽ മൊബൈൽ കോർണർ എന്ന സ്ഥാപനം നടത്തുന്ന ജംഷീദ് ഇഷാമിനെയാണ് മൊബൈൽ ഡീലർമാരുടെ സംഘടന വിലക്കിയിരിക്കുന്നത്.
ജംഷീദിന് സാധനങ്ങൾ നൽകരുതെന്ന് അസോസിയേഷൻ ഭാരവാഹികൾ ജില്ലയിലെ പ്രധാനപ്പെട്ട ഹോൾസെയിൽ കടക്കാർക്ക് നിർദ്ദേശം നൽകിയതോടെ ഷോപ്പിലേക്ക് സ്റ്റോക്കെടുക്കാനോ വ്യാപാരം നടത്താനോ പറ്റാത്ത അവസ്ഥയിലാണ് ജംഷീദ്. നാല് ദിവസമായി ഷോപ്പിലേക്ക് പുതിയ സ്റ്റോക്കെടുക്കാനാവാതെ വ്യാപാരം പൂർണ്ണമായും നിലച്ചിരിക്കുകയാണെന്ന് ജഷീദ് മറുനാടൻ മലയാളിയോട് പറഞ്ഞു.
മറ്റു കടകളിലുള്ളതിനേക്കാൾ ചെറിയ വിലയിലാണ് ഞാൻ സാധനങ്ങൾ വിൽപന നടത്തിയിരുന്നത്. ഈ വിലക്ക് വിറ്റാൽ പോലും 20 രൂപയിലധികം ഒരു ഉൽപന്നത്തിൽ നിന്നും ലാഭം ലഭിക്കുന്നുണ്ട്. 15 രൂപക്ക് ഹോൾസെയിൽ മാർക്കറ്റിൽ നിന്നും ലഭിക്കുന്ന ഗ്ലാസുകൾ 50 രൂപക്കാണ് ഞാൻ വിറ്റിരുന്നത്. എന്നാൽ പോലും എനിക്ക് ലാഭമുണ്ടായിരുന്നു. അതേ സമയം മറ്റു കടക്കാർ ഇതേ ഉത്പന്നം 100 രൂപക്കും അതിന് മുകളിലുമുള്ള വിലക്കാണ് വിൽപന നടത്തുന്നത്. അതുകൊള്ളലാഭമാണെന്ന തിരിച്ചറിവിലാണ് ഞാൻ മാന്യമായ വിലയിൽ വിൽപന നടത്തിയത്. ഉപഭോക്താവിനും കച്ചവടക്കാരനും ലാഭമുണ്ടാകുന്ന രീതിയിലാണ് ഞാൻ വ്യാപാരം നടത്തിയത്.
50 രൂപക്ക് മൊബൈൽ ഗ്ലാസുകൾ ലഭിക്കുമെന്ന് പറഞ്ഞ് ഞാൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകളുണ്ടാക്കി പങ്കുവെക്കുമ്പോൾ അതിന് താഴെ മറ്റു കടക്കാർ വന്ന് തന്നെ അധിക്ഷേപിക്കുന്നത് പതിവാക്കിയിരുന്നു. ഞാൻ വിൽക്കുന്നത് ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങളാണെന്ന് പറഞ്ഞായിരുന്നു പ്രചരണം. അവർ 100 രൂപക്ക് വിൽക്കുന്ന ഉത്പന്നം ഞാൻ 50 രൂപക്ക് വിൽക്കുന്നു എന്ന് മാത്രമാണ് ഉത്പന്നത്തിലുള്ള വ്യത്യാസം. അവർ വിൽക്കുന്ന അതേ ഉത്പന്നം തന്നെയാണ് ഞാനും വിൽക്കുന്നത്.
കഴിഞ്ഞ ദിവസം മൊബൈൽ ഡീലേഴ്സിന്റെ കാസർകോഡ് ടൗൺ ഗൾഫ്ബസാറിലെ യൂണിറ്റിന്റെ നേതൃത്വത്തിലാണ് എല്ലാവരും സ്റ്റോക്ക് എടുത്തിരുന്ന ഹോൾസെയിൽ കടകളിൽ പോയി എനിക്ക് സാധനങ്ങൾ തരരുതെന്ന് നിർദ്ദേശിച്ചത്. ഇതോടെ കഴിഞ്ഞ നാല് ദിവസമായി കച്ചവടം ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. കടയിലെ സ്റ്റോക്ക് പൂർണ്ണമായും തീർന്നു. കസ്റ്റമേഴ്സ് വന്ന് സാധനം ലഭിക്കാതെ തിരിച്ചുപോകുന്നത് ഭാവിയിലും കച്ചവടത്തെ ബാധിക്കും. എന്റെ കുടുംബത്തിന്റെ ഏക ആശ്രയമാണ് ഈ സ്ഥാപനം. ഇന്നും രാവിലെ കടതുറന്നെങ്കിലും ക്സറ്റമേഴ്സിന് നൽകാൻ ഒന്നും തന്നെയില്ലാത്തതുകൊണ്ട് ഷട്ടറിട്ട് വീട്ടിലേക്ക് വന്നിരിക്കുകയാണെന്നും ജംഷീദ് മറുനാടൻ മലയാളിയോട് പറഞ്ഞു
മറുനാടന് ഡെസ്ക്