തിരുവനന്തപുരം: 'രാഷ്ട്രീയം മുതലെടുപ്പിന്റെതാകുമ്പോൾ,പരസ്പരം പണികൊടുക്കലിന്റേതാകുമ്പോൾ, വെട്ടും കൊലയും സാധാരണമാവും സ്വാഭാവികവും', ഇതായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടപ്പോൾ കെഎസ ്‌യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ജസ്ല മാടശേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ധീരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും, അതിൽ ഉറച്ചുനിൽക്കുകയും, ചെയ്യുന്ന ജസ്ലയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം തുടർച്ചായി ആക്രമണങ്ങൾ അഴിച്ചുവിടുകയും ചെയ്തു.ജസ്ലയുടെ ഒടുവിലത്തെ പോസ്റ്റ് വന്നതിന് പിന്നാലെ തെറിവിളികളുടെ ഒരുപൂരം തന്നെയുണ്ടായി.

തുടർന്ന് പോസ്റ്റ് വിവാദമായപ്പോൾ,ഷുഹൈബിന്റെ ഓർമകളെ മോശപ്പെടുത്തുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിരുത്തരവാദപരവും അപക്വവുമായ പ്രസ്താവന നടത്തിയ ജസ്ലയെ സംഘടനാ ചുമതലകളിൽ നിന്ന് അന്വഷണ വിധേയമായി ഒഴിവാക്കുന്നതായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് അറിയിച്ചു.

തന്റെ പോസ്റ്റിന്റെ സാംഗത്യം വിശദീകരിച്ച് ജസ്ല മാടശേരി പോസ്റ്റിട്ടത്‌കണക്കിലാക്കാതെയാണ് സംഘടനയിൽ നിന്ന് ഒഴിവാക്കിയത്.

'ശുഹൈബിന്റെ ചലനമറ്റ ശരീരം കണ്ട വേദനയിൽ ഞാൻ രാഷ്ട്രീയ പ്രവർത്തനത്തെ പോലും കുറെ നേരത്തേക്ക് വെറുത്തു പോയി.മുതലെടുപ്പിന്റെ രാഷ്ട്രീയ ലോകത്ത് നടക്കുന്ന സാധാരണ സംഭവം മാത്രമായി കണ്ണൂരിലെ കൊലകൾ മാറിയിരിക്കുന്നു. എന്റെ പോസ്റ്റിലെ ഉദ്യേശ്യവും അതായിരുന്നു.എന്നാൽ അതല്ല ഒട്ടേറെ പേര് വായിച്ചത് എന്നത് എന്റെ എഴുത്തിന്റെ പോരായ്മ തന്നെയാവാം..അതല്ലെങ്കിൽ നിങ്ങളുടെ വായനാ പിശക്..

ഒരു രാഷ്ട്രീയ ലാഭം പോലും ഇല്ലാതിരുന്നിട്ടും ഒട്ടേറെ സമര ഭൂമിയിലേക്ക് തനിച്ചു ഇറങ്ങുകയും അവരുടെ വേദനകൾക്ക് ഒപ്പം നിൽക്കുകയും ചെയ്ത എന്നെ ഒരാളുടെ ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കുന്ന ഒരാളാക്കി മുദ്ര കുത്തുന്നത് വേദനിപ്പിക്കുന്നു.

പകരം എന്നെ കൊല്ലുക.., കാത്തിരുന്ന ഒരവസരം കൈവന്നു എന്ന് തോന്നുമ്പോൾ ഒരു വാക്കിനെ ചൊല്ലി പ്രതികാരം ചെയ്യാൻ ആഹ്വാനം ചെയ്യുന്നവർ തന്നെ പ്രതികാരത്തിന്റെ ഭാഷാന്തരം തീർക്കുക. കുറെ പേരുടെ മനസ്സിലെ അഗ്‌നി പുകയുന്നത് കെഎസ് യുവിന്റെ രാഷ്ട്രീയത്തിന് വേണ്ടിയാണോ എന്ന് ചിന്തിക്കാൻ അവർ തന്നെ വിചാരിക്കണം.പിന്നെ വളച്ചൊടിച്ച് ഒരു ഹിഡ്ഡൺ അജണ്ട നടപ്പിലാക്കുന്ന ഒരു 2% വരുന്ന സഹപ്രവർത്തകരോട് ഒരു ചെറു പുഞ്ചിരി.ഒരിത്തിരി പുച്ഛവും..വളച്ചൊടിക്കലിന്റെ രാഷ്ട്രീയം നല്ലതല്ല സഹപ്രവർത്തകരേ...
നോവ് തിന്നുന്നവർ.

ആരോടും പരിഭവമില്ല, മനുഷ്യനായിട്ടാണ് ജനിച്ചത്,മനുഷ്യൻ ആയിട്ടാണ് ജീവിക്കുന്നത്, മനുഷ്യനായി മരിക്കാനും തയ്യാറാണ്.ഡിജിറ്റൽ കൊലയോ ഡിജിറ്റൽ അല്ലാത്ത കൊലയോ എന്ത് വേണമെങ്കിലും നൽകാം. പക്ഷെ ഞാൻ ഒരാളുടെ ചോരക്കറ കണ്ടു സന്തോഷിച്ച ആളാണെന്നു മാത്രം പറയരുത്.ഏറ്റവും ചുരുങ്ങിയത് എന്റെസഹപ്രവർത്തകർ എങ്കിലും.'

ഇതിനെ കുറിച്ച് ജസ്ലയുടെ സുഹൃത്തുക്കളിൽ ഒരാളായ പ്രമോദ് ഗോപിനാഥ് ഫേസ്്ബുക്കിൽ കുറിച്ചു:

'ജസ്ല ശത്രുക്കൾ പതിയിരിക്കുന്നു നിന്റെ പാളയത്തിൽ തന്നെ സ്വയം കുരുതി കൊടുക്കരുത് ഇപ്പോൾ അഭിമന്യുവിന്റെ അവസ്ഥയാ മോളേ നിനക്ക് ചക്രവ്യൂഹത്തിൽ പെട്ടു പോയ അഭിമന്യുവിന്റെ രക്തദാഹികൾ പതിയിരിക്കുന്നു മോളേ ......'

സംഘടനയിൽ നിന്ന് പുറത്താക്കിയ ഉത്തരവ് കിട്ടിയപ്പോൾ ജസ്ലയുടെ പ്രതികരണം ഇങ്ങനെ:

കിട്ടി ബോധിച്ചൂ...അപ്പൊ ശരി പിന്നെ കാണാം...വികാരവും വിവേകവും രണ്ട് വലിയ അറ്റങ്ങളാണ്..ആ പോസ്റ്റിന് നിങ്ങൾ വികാരത്തിന്റെ വാല്യൂ മാത്രം കൊടുത്തൂ..വിവേകത്തിന്റെതുകൊടുക്കാൻ നിങ്ങൾക്കായില്ല....

നല്ലത്...തീരുമാനത്തെ രണ്ടും കയ്യും നീട്ടി സ്വീകരിക്കുന്നൂ..ശുഹൈബ് എന്ന നമ്മുടെ പ്രിയ സഹോദരന്റെ കൊലപാതകവുമായി ഞാൻ ഇട്ട പോസ്റ്റ് അത് നിങ്ങൾക്ക് വലിയ രീതിയിൽ വിഷമം ഉണ്ടാക്കി എന്ന് മനസിലായി. പക്ഷെ നിങ്ങൾ എടുത്ത അർത്ഥത്തിലല്ല ഞാനത് പോസ്റ്റ് ചെയ്തത്. കേവലം കണ്ണൂരെന്ന നാടിന്റെ പാശ്ചാത്തലവും അവിടത്തെ രാഷ്ട്രീയവും അവിടെ മനുഷ്യ ജീവനുകൾക്കുള്ള വിലയും അത് മാത്രമാണ് ഞാൻ പോസ്റ്റിലൂടെ ഉദ്ധേശിച്ചത്.

രൂക്ഷമായ പ്രതികരണങ്ങളാണ് ജ്സ്ലയുടെ ഇതുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകൾക്കും നേരേ ഉണ്ടായത്.